ചങ്ങനാശേരി: സെന്റ് ബര്‍ക്കുമാന്‍സ് കോളജ് പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബര്‍ക്കുമാന്‍സ് അവാര്‍ഡിന് മാന്നാനം കെ.ഇ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍ അര്‍ഹനായി. അധ്യാപന ഗവേഷണരംഗങ്ങളിലെ മികവുറ്റ സംഭാവനകള്‍, സാമൂഹികരംഗങ്ങളിലെ സേവനം എന്നിവ മാനദണ്ഡമാക്കി കേരളത്തിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ മികച്ച അധ്യാപകരെയാണ് അവാര്‍ഡിനു പരിഗണിക്കുന്നത്.
മെറ്റീരിയല്‍ സയന്‍സില്‍ ന്യൂഡല്‍ഹി ഐഐടിയില്‍നിന്ന് പി.എച്ച്.ഡി. നേടിയ ഡോ. ഐസണ്‍ പ്രശസ്തങ്ങളായ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ രചിച്ചു. ആനുകാലികങ്ങളില്‍ ശാസ്ത്രസംബന്ധിയായ ലേഖനങ്ങള്‍ എഴുതുന്ന ഡോ. ഐസണ്‍, പതിനൊന്ന് ടെക്സ്റ്റ് ബുക്കുകള്‍ എഴുതിയിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജില്‍ ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്ന ഡോ. ഐസണ്‍ ഈ മാര്‍ച്ച് മൂന്നിനാണ് മാന്നാനം കെ.ഇ. കോളജ് പ്രിന്‍സിപ്പല്‍ പദവി ഏറ്റെടുത്തത്.