വിശുദ്ധ ബൈബിളില്‍ രാജാക്കന്മാരുടെ ഒന്നാംപുസ്തകം പതിനെട്ടാമധ്യായം 30 മുതലുള്ള വാക്യങ്ങളില്‍ ഏലിയാപ്രവാചകന്റെ ആഹ്വാനം നാം കാണുന്നു. അഞ്ചു കാര്യങ്ങളാണ് പ്രവാചകന്‍ ആവശ്യപ്പെടുന്നത്. ഒന്നാമതായി, ''എല്ലാവരും അടുത്തുവരുവിന്‍'' എന്ന് ആഹ്വാനം ചെയ്യുന്നു. വ്യത്യസ്തമായ കാരണങ്ങളാല്‍ ദൈവത്തില്‍നിന്ന് നാം അകന്നവരാണോ? കൗദാശികജീവിതത്തില്‍നിന്നും പ്രാര്‍ത്ഥനാജീവിതത്തില്‍നിന്നും അകന്നുപോയെങ്കില്‍ ഈ നോമ്പുകാലത്ത് ദൈവത്തിലേക്കടുത്തുവരണം. അകന്നുപോയപ്പോള്‍ സ്വഭാവത്തിലുണ്ടായ വൈകല്യങ്ങള്‍ തിരുത്താന്‍ ഈ അടുത്തുവരവു സഹായിക്കും. 'ആദം നീയെവിടെ?' എന്നു ചോദിച്ചുകൊണ്ടുള്ള ദൈവത്തിന്റെ കടന്നുവരവ് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു. അകന്നുപോയി എന്നു ബോധ്യമുള്ളവനേ അടുത്തുവരാന്‍ കഴിയൂ. എത്ര ദൂരം അകന്നുവോ അത്രയും ദൂരം തിരിച്ചുനടക്കണം. എത്ര ആഴത്തില്‍ വീണുപോയോ അത്രയും ഉയരത്തിലേക്കു തിരിച്ചുകയറണം.
രണ്ടാമതായി, തകര്‍ന്ന ബലിപീഠങ്ങള്‍ നേരേയാക്കണമെന്ന ആഹ്വാനമാണു ലഭിക്കുന്നത്. ജീവിതവ്യഗ്രതകള്‍ക്കിടയില്‍ നമ്മള്‍ തകര്‍ത്ത ബലിപീഠങ്ങളുണ്ടോ? പരുഷമായ സംസാരവും പെരുമാറ്റവുംമൂലം ജീവിതപങ്കാളിയെ തകര്‍ത്തിട്ടുണ്ടോ? കടുപ്പമുള്ള വാക്കുവഴി മക്കളെ നിരാശപ്പെടുത്തിയിട്ടുണ്ടോ? അലക്ഷ്യമായ ഇടപെടലുകള്‍വഴി സൗഹൃദങ്ങള്‍ നഷ്ടപ്പെടുത്തിയോ? വാക്കും പ്രവൃത്തികളുംവഴി ആരെയെങ്കിലും മുറിപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കണം. ഞാന്‍മൂലം ആരെങ്കിലും ദൈവത്തില്‍നിന്നും സഭയില്‍നിന്നും അകന്നിട്ടുണ്ടെങ്കില്‍ ഞാന്‍ പരിഹാരം ചെയ്യണം. എന്റെ സംസാരംവഴി ആരെയെങ്കിലും സ്വഭാവഹത്യ നടത്തിയെങ്കില്‍ ഞാന്‍ പരിഹാരം ചെയ്യണം. നമ്മള്‍ വഴി വന്ന തകര്‍ച്ചകള്‍ക്കു നാംതന്നെ പ്രതിവിധി കണ്ടെത്തണം.
'വിറകടുക്കുവിന്‍' എന്ന ആഹ്വാനമാണ് പിന്നീടു വരുന്നത്. ഒരു 'അടുക്കല്‍' പ്രക്രിയ എന്നില്‍ നടക്കണം. ഒരു ചുള്ളിക്കമ്പിനെ ഒടിക്കാന്‍ എളുപ്പമാണ്. എന്നാല്‍, ഒരു വിറകുകെട്ടിനെ ഒടിക്കാന്‍ പറ്റില്ല. സഭയില്‍നിന്നും കുടുംബത്തില്‍നിന്നും വേറിട്ടുനടക്കുമ്പോള്‍ ഞാന്‍ പെട്ടെന്നു വീഴാം. കൂട്ടംവിട്ട് ഒറ്റയ്ക്ക് ഓടുന്ന ആട്ടിന്‍കുട്ടിയെ എളുപ്പത്തില്‍ പിടികൂടാം. ഏദന്‍തോട്ടത്തില്‍ ഒറ്റയ്ക്കുനടന്ന ഹവ്വായാണ് പ്രലോഭനത്തിനടിമയായത്. ഒറ്റയ്ക്കു മരത്തിലിരിക്കുന്ന കോഴിയെ കുറുക്കന് എളുപ്പത്തില്‍ കീഴ്‌പ്പെടുത്താം. ഇടവകയില്‍നിന്നും സഭാകൂട്ടായ്മയില്‍നിന്നും അകന്നുപോയവര്‍ മുഖ്യധാരയിലേക്കു തിരിച്ചുവരണം. സഭാനേതൃത്വത്തോടും വിശ്വാസിസമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളോടും ചേര്‍ന്നുനില്ക്കണം. നമ്മള്‍ ഒരുമിച്ചുനിന്നാല്‍ ആര്‍ക്കും നമ്മെ തോല്പിക്കാനാവില്ല.
നാലാമതായി, പറയുന്നത് 'ചാലു കീറുക' എന്നാണ്. ലോകത്തിന്റെ ചിന്തകള്‍ക്കും നമ്മുടെ വിശ്വാസത്തിനുമിടയില്‍ ഒരു ചാലു കീറണം. ലോകത്തിന്റെ സംസ്‌കാരവും വിശ്വാസിയുടെ സംസ്‌കാരവും രണ്ടാണ്. ലൗകികരായ മനുഷ്യരുടെ സംസാരരീതികളില്‍നിന്നു വ്യത്യസ്തമായിരിക്കണം നമ്മുടെ സംസാരരീതി. യേശുവിനെക്കുറിച്ച് അന്നത്തെ ജനം പറഞ്ഞതിപ്രകാരമാണ്: ''അവന്‍ നമ്മുടെ ഭക്ഷണം കഴിക്കുന്നു. വസ്ത്രം ധരിക്കുന്നു. നമ്മുടെ ഭാഷ സംസാരിക്കുന്നു. എന്നാല്‍, അവനോടടുക്കുമ്പോള്‍ വ്യത്യസ്തയുണ്ട്.'' ഇന്നു നമ്മെക്കുറിച്ചു പറയുന്നത് ഇപ്രകാരമായിരിക്കാം: ''നല്ല വേഷം ധരിക്കുന്നുണ്ട്, നല്ല ഭാഷ സംസാരിക്കുന്നുണ്ട്. മനോഹരമായ വീട്ടില്‍ താമസിക്കുന്നുണ്ട്. പക്ഷേ, അടുക്കുമ്പോള്‍ കണക്കാ.'' നമ്മുടെ ജീവിതശൈലികളില്‍ മറ്റു മതസ്ഥര്‍ വ്യത്യസ്തത കാണണം. ഒരു വ്യത്യസ്തതയുമില്ലെങ്കില്‍ നമ്മളെങ്ങനെ സാക്ഷികളാവും?
അവസാനമായി പറയുന്നത് വെള്ളംകൊണ്ടു വിറകുനിറച്ച് തീ കത്തിക്കാനാണ്. എണ്ണ ഒഴിക്കുന്നതിനുപകരം വെള്ളം ഒഴിക്കുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം? ഏതു നനഞ്ഞ വിറകിനെയും കത്തിക്കാന്‍ കര്‍ത്താവിനു കഴിയും. എണ്ണയുടെ ശക്തിയല്ല ദൈവത്തിന്റെ ശക്തിയാണ് നാം ഇവിടെ കാണുന്നത്.
ബൈബിളിലൂടെ നാം കടന്നുപോകുമ്പോള്‍ നനഞ്ഞ വിറകുകളെ കത്തിക്കുന്ന കര്‍ത്താവിനെയാണു കാണുന്നത്. മീന്‍പിടിത്തക്കാരെയും സമൂഹത്തില്‍ ഒറ്റപ്പെട്ടവരെയുമെല്ലാം യേശു തിരഞ്ഞെടുത്തു. തത്ത്വചിന്തകന്മാരെയും ബുദ്ധിമാന്മാരെയും തിരഞ്ഞെടുത്താല്‍ അവരുടെ സാമര്‍ത്ഥ്യംകൊണ്ട് സഭ വളര്‍ന്നതായിത്തോന്നാം. നിരക്ഷരരായ മനുഷ്യരിലൂടെ ക്രിസ്തു തന്റെ സഭയെ പണിതുയര്‍ത്തി. ദുര്‍ബലരായ മനുഷ്യരെ ദൈവം തന്റെ പ്രവാചകന്മാരായി അവരോധിച്ചു. നനഞ്ഞ വിറകുകളെ കത്തിക്കുന്ന കര്‍ത്താവിന്റെ ശക്തിയുടെ മുമ്പില്‍ നമ്രശിരസ്‌കരായി നമുക്കു നില്ക്കാം.