•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജീവിതത്തിന്റെ സത്യസന്ധമായ നേര്‍ച്ചിത്രങ്ങള്‍

ന്മമരങ്ങളായി ചില മനുഷ്യര്‍ തിന്മയെ ചവിട്ടിമെതിച്ച്  അതിനെ ഉന്മൂലനം ചെയ്യുന്നു. അവര്‍ അങ്ങനെ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ  വെന്നിക്കൊടികള്‍  പാറിക്കുന്നു. ഈ മട്ടിലുള്ള സാഹിത്യകൃതികള്‍ ഒന്നുംതന്നെ മലയാളിക്കു പ്രിയങ്കരമല്ല. നന്മതിന്മയുടെ  വേര്‍തിരിവു സൃഷ്ടിക്കുന്ന, അവരെ രണ്ടു ചേരികളിലായി നിര്‍ത്തി  ഉപന്യസിക്കുന്ന  കഥകളോ നോവലുകളോ ഒന്നും   മലയാളിയെഴുത്തുകാരുടെ വായനപ്പുസ്തകങ്ങളിലും കണ്ടിരുന്നിരിക്കില്ല. ഉദാഹരണത്തിന്,  ഗ്രീക്കു പുരാണങ്ങളിലെ ഹെര്‍ക്കുലീസിനെ എടുക്കാം. ആള്‍ ഉഗ്രപ്രതാപിയായിരുന്നെങ്കിലും കൊടുംക്രൂരതകള്‍ ചെയ്ത ആളായിരുന്നു. ഹേരാ എന്നൊരു മോഹിനിയുടെ സ്വാധീനത്താല്‍ അയാള്‍ സ്വന്തം മക്കളെപ്പോലും കൊന്നു. ഇതു വായിച്ചപ്പോഴൊന്നും ആരും  നന്മയെയും തിന്മയെയും വേര്‍തിരിച്ചു കണ്ടില്ല.
ഹൈന്ദവപുരാണങ്ങളിലെ വാല്മീകി ഒരു കൊലപാതകിയും പിടിച്ചുപറിക്കാരനുമായിരുന്നു. പിന്നീട് അയാള്‍ക്കു മാനസിക പരിവര്‍ത്തനം സംഭവിക്കുന്നു; സമാരാധ്യനായ ആത്മീയഗുരുവായി മാറുന്നു. അല്ലാവുദ്ദീനും  അദ്ഭുതവിളക്കും എന്ന കഥയില്‍  അമ്മാവന് ഒരു ദുരാഗ്രഹം, ആ വിളക്കു സ്വന്തമാക്കാന്‍. പക്ഷേ, കഥയില്‍ ആരെയും ശത്രുപക്ഷത്തു നിര്‍ത്തി ശിക്ഷിക്കുന്നില്ല. മോശം കഥാപാത്രമാക്കി   വിചാരണ ചെയ്യുന്നില്ല.
എഴുത്തിലെ കറുപ്പും വെളുപ്പും
പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പിലാകമാനം ജനപ്രിയ  കലാരൂപമായിരുന്നു സന്മാര്‍ഗ നാടകങ്ങള്‍. നീതിയുടെയും സന്മാര്‍ഗത്തിന്റെയും പ്രതീകങ്ങളായി, പര്യായങ്ങളായി കുറെ കഥാപാത്രങ്ങള്‍ അതിലുണ്ടായിരുന്നു. അവര്‍ നമുക്ക് ദൈവിക ഗുണങ്ങള്‍ പറഞ്ഞുതരും. മനുഷ്യന്റെ സ്വതഃസിദ്ധമായ ബലഹീനതകളെ ദുഷ്ടശക്തികള്‍ ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍  മാരകപാപങ്ങളിലേക്കു നിപതിക്കുന്നു. ദൈവത്തിന്റെ  നാലു  പുത്രിമാരായ കരുണയെ, നീതിയെ, ആത്മസംയമനത്തെ, സത്യത്തെ   ഉപേക്ഷിക്കുന്നു; നാശവും മരണവും ക്ഷണിച്ചു വരുത്തുന്നു. ഇത്തരം നാടകങ്ങള്‍ ഒന്നും മലയാളി ശ്രദ്ധിച്ചില്ല. അതിനുപകരം അറബിക്കഥകളും ഷേക്‌സ്പിയറും ക്ലാസ്സിക്കുകളും വേണ്ടുവോളം  വായിച്ചു.
അറബിക്കഥയിലെ ഇല്ലിറ്ററേറ്റ്  സ്‌കൂള്‍മാസ്റ്റര്‍ സ്വന്തം നിലനില്പിനായി വിദ്യാസമ്പന്നനായി  അഭിനയിക്കുന്നു. ഒടുവില്‍ ഒരു പട്ടാളക്കാരന്‍ അയച്ച ടെലിഗ്രാം വായിപ്പിക്കാന്‍ കൊണ്ടുചെല്ലുമ്പോള്‍ അയാള്‍ വെറുതെ ഭാവാഭിനയത്തിലൂടെ ആള്‍ മരിച്ചു എന്ന് വരുത്തിവയ്ക്കുന്നു. സാക്ഷാല്‍ പട്ടാളക്കാരന്‍ വരുമ്പോള്‍ പൂച്ചു പുറത്താകുന്നു. ഇവിടെയും ആരും സ്‌കൂള്‍മാസ്റ്ററെ  ഒരു വില്ലന്‍കഥാപാത്രമായി കണ്ടില്ല.
അലി ബാബയും നാല്പതു  കള്ളന്മാരും
അലി എന്ന ചെറുപ്പക്കാരന്‍, തസ്‌കരന്‍മാര്‍  ഗുഹയിലൊളിപ്പിച്ച സ്വര്‍ണനാണയങ്ങള്‍  കണ്ടെത്തുകയും അടിച്ചുമാറ്റുകയും ചെയ്യുന്നു. അവിടെ നാം ആരും പറയുന്നില്ല, 'അതു മോശം' എന്ന്. ഒടുവില്‍ തസ്‌കരനേതാവ് കല്‍ഭരണികളില്‍ ഒളിപ്പിച്ച മറ്റു  കള്ളന്മാരുമായി എത്തുമ്പോള്‍  അലിയുടെ വേലക്കാരി തിളപ്പിച്ച എണ്ണയൊഴിച്ചു അവരെ കൊലപ്പെടുത്തുന്നു. അതൊരു ക്രൂരകൃത്യമായി നമുക്കു തോന്നുന്നതേയില്ല. എല്ലാം വെറുതെ ഒരു കഥ കേള്‍ക്കുന്ന ലാഘവത്തില്‍, അലിയോടുള്ള സഹജവികാരത്തോടെ നാം വായിച്ചുപോകുന്നു.
ഒലിവര്‍ ട്വിസ്റ്റ് എന്ന നോവലില്‍ പാവം ഒലിവര്‍ ഫാഗിന്‍  എന്നൊരു പോക്കറ്റടി സ്‌കൂള്‍ നടത്തിപ്പുകാരന്റെയും ദുര്‍നടപ്പുകാരി നാന്‍സിയുടെയും  സംഘത്തില്‍ പെട്ടുപോകുന്നു. കഥയില്‍ ഇവരെയാരെയും ഭീകരരായോ ദുഷ്ടരായോ നാം കാണുന്നില്ല. ചില സാഹചര്യങ്ങള്‍ അവരെ അങ്ങനെയാക്കി എന്നുമാത്രം ചിന്തിക്കുന്നു.
മാക്‌ബെത് നാടകത്തില്‍     കൊട്ടാരത്തില്‍ വിരുന്നിനെത്തിയ രാജാവിനെ കൊലചെയ്യുകയാണ് മാക്‌ബെത്. അതിനുവേണ്ടി കാവല്‍ക്കാരെ മയക്കി ഉറക്കുന്നതു ലേഡി മാക്‌ബെത്താണ്. ഇതെല്ലം മനുഷ്യരെക്കൊണ്ടു ദുര്‍ഭൂതങ്ങള്‍ ചെയ്യിക്കുന്നു എന്നു സമാധാനിക്കുക മാത്രം. 'മേയര്‍ ഓഫ് കാസ്റ്റര്‍ബ്രിഡ്ജ്' എന്ന  നോവലില്‍  തന്റെ ഭാര്യയെ ലേലം വിളിച്ചിട്ടാണു തിരപ്പുറപ്പാട്. വീണ്ടും ധനാഢ്യനായി കുടുംബത്തെ വീണ്ടെടുത്തിട്ടും ഒടുവില്‍ അയാള്‍ സ്വന്തം ചെയ്തികള്‍കൊണ്ടും പ്രതികാരചിന്തകൊണ്ടും എല്ലാം നഷ്ടമാക്കുന്നു. മനുഷ്യമനസ്സുകളുടെ ഇരുധ്രുവങ്ങളിലേക്കുള്ള ചാഞ്ചാട്ടമാണ് 'ഡോക്ടര്‍ ജെക്കാള്‍ ആന്‍ഡ് മിസ്റ്റര്‍ ഹൈഡ്' എന്ന കഥയിലും വായിക്കുക.
കുറ്റവും ശിക്ഷയും
റോഡിന്‍ എന്നൊരു ദരിദ്ര യുവാവ് പണം പലിശയ്ക്കു കൊടുക്കുന്ന, അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ഒരു സ്ത്രീയെ കൊലപ്പെടുത്തുന്നു. സ്വത്തെല്ലാം സ്വന്തമാക്കി തന്റെ ദാരിദ്ര്യം തുടച്ചുനീക്കാം, മഹത്തായ കാര്യങ്ങള്‍ ചെയ്യാം എന്നൊക്കെയായിരുന്നു അവന്റെ പ്ലാന്‍. പക്ഷേ, തീവ്രമായ മാനസികവേദനകളിലേക്കും വിഭ്രാന്തിയിലേക്കുമാണ് അയാള്‍ നിപതിക്കുന്നത്. അയാള്‍ക്ക് സ്വയംമടുപ്പും വിദ്വേഷവും തോന്നുന്നു.

തിന്മയിലേക്ക് ഒരു ചായ്വ്

തിന്മയിലേക്ക് ഒരു  ആകര്‍ഷണം മനുഷ്യര്‍ക്കെല്ലാം സ്വതഃസിദ്ധമാണ്. അസൂയ, കോപം തുടങ്ങിയ അധമവികാരങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ ആരുമില്ല. മനുഷ്യജീവിതം തെറ്റും ശരിയും ഇഴചേര്‍ന്നു കിടക്കുന്ന ഒരു പ്രതിഭാസമാണ്. അലിബാബയുടെ കഥയില്‍ ആ സ്വര്‍ണനാണയങ്ങള്‍ കൈക്കലാക്കാന്‍ യാതൊരു മടിയും അയാള്‍ക്കില്ല. അതെന്തോ സ്വന്തവും അവകാശപ്പെട്ടതുമാണ് എന്നാണു വിചാരം. അതാണു മനുഷ്യന്‍.  മനുഷ്യനെ  മൃഗീയ സ്വഭാവക്കാരനെന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്.  നാമൊക്കെ ഉള്‍ക്കാമ്പില്‍ സത്യവും നെറിവും സത്സ്വഭാവവും പേറിക്കൊണ്ടാണ് ജന്മമെടുക്കുന്നതെന്നും ഒരു സിദ്ധാന്തമുണ്ട്. സന്മാര്‍ഗം നാം പഠിച്ചെടുക്കുന്നതാണ് എന്നാണ് അരിസ്റ്റോട്ടിലിന്റെ അഭിപ്രായം.
പുനത്തിലിന്റെ സ്മാരകശിലകളില്‍ സ്‌നേഹസമ്പന്നനായ ആ ഫ്യുഡല്‍പ്രഭു നാട്ടുകാര്‍ക്കുവേണ്ടി എന്തൊക്കെ നന്മകളാണു  ചെയ്യുന്നത്! അയാള്‍ വലിയ കാരുണ്യവാനായിരുന്നു; പക്ഷേ,   ഒരു വല്ലാത്ത  സ്ത്രീലമ്പടനുമായിരുന്നു. തന്റെ ഭാര്യയെ നശിപ്പിച്ചതിന്റെ പക പോക്കി ഒരു യുവാവ്  അയാളെ വധിക്കുന്നു. നന്മയും തിന്മയുമൊക്കെ എരിവും പുളിയുംപോലെ ജീവിതത്തില്‍ സമ്മിശ്രമായിരിക്കുന്നു  എന്ന  സത്യം തിരിച്ചറിഞ്ഞവരാണ് നമ്മുടെ എഴുത്തുകാര്‍.
അലസ്‌ക്‌സാണ്ടര്‍ സോള്‍ഷെനിസ്റ്റസന്‍  പറയുന്നത്   'നന്മയുടെയും തിന്മയുടെയും പോര്‍മുഖങ്ങള്‍ ഓരോ മനുഷ്യന്റെയും അന്തരാത്മാവിലൂടെ കടന്നു പോകുന്നു' എന്നാണ്.
എഴുത്തിലെ സന്മാര്‍ഗികളും ദുര്‍മാര്‍ഗികളും
അസാധാരണമായ ഒരു പക്വത ചിന്തകളില്‍ സാധ്യമാക്കാന്‍ മലയാളത്തിലെ എഴുത്തുകാര്‍ക്കു കഴിയുന്നുണ്ട്. ധാരാളം നല്ല ഭാവാത്മകമായ തന്മയോടെ  കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന എഴുത്തുകാര്‍ ഇതര ഭാഷകളില്‍  ഉണ്ടെന്നിരിക്കിലും, അവിടെയൊന്നും കാണാത്ത  ഒരു തിളക്കവും മിഴിവും സത്യസന്ധമായ ജീവിതനിരീക്ഷണവും  നമുക്കിവിടെ മലയാളത്തില്‍ ദൃശ്യമാകുന്നുണ്ട്.
ഒരു സങ്കീര്‍ത്തനംപോലെ  എന്ന  നോവലില്‍  കഥാനായകനായ ഡോസ്റ്റോയേവ്‌സ്‌ക്കിയുടെ ബലഹീനതകളിലൂടെ, ഏകാന്തതയിലൂടെ എഴുത്തുകാരന്‍   നമ്മെ വഴിനടത്തുന്നു. ചൂതാട്ടക്കാരനും മദ്യപനുമായ അയാളുടെ പ്രണയബന്ധങ്ങളെല്ലാം തകര്‍ന്നുപോകുന്നു. തീരാവ്യാധികളും ദാരിദ്ര്യവും അയാളെ വേട്ടയാടുന്നു.
രണ്ടാനമ്മയുമായി അവിഹിതവേഴ്ചയില്‍ ഏര്‍പ്പെട്ട്  അതിന്റെ മനോവ്യഥയാല്‍ വിദേശയൂണിവേഴ്‌സിറ്റിയിലെ പഠനമൊക്കെ മതിയാക്കി പലായനം ചെയ്യുന്ന രവിയുടെ കഥയാണ്  'ഖസാക്കിന്റെ ഇതിഹാസം'. താന്‍പോലുമറിയാതെ ഒരു സന്ദിഗ്ധാവസ്ഥയില്‍ ദുര്‍ബലനായി നിലകൊള്ളുന്ന മനുഷ്യരെ വരച്ചിടുകയാണ്   ഈ നോവലുകളില്‍.  
'ആയുസ്സിന്റെ പുസ്തക'ത്തിലെ യോഹന്നാന്‍,  ജീവിതത്തില്‍ പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോകുന്ന ഒരു വ്യക്തയാണ്. ഒടുവില്‍ അയാള്‍ സുന്ദരിയായ സാറ എന്ന വിധവയില്‍ ആശ്വാസം കണ്ടെത്തി. സാറായെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച പിതാവ് തോമാ, മകനും അവളുമായുള്ള വേഴ്ച കണ്ടുപിടിക്കുന്നു. സാറായെ തോമാ കഴുത്തു ഞെരിച്ചു കൊല്ലുന്നതോടെ  യോഹന്നാന്‍ കരകാണാക്കടലില്‍ എറിയപ്പെട്ടവനെപ്പോലെ ആകുന്നു.
''അരനാഴികനേരം'' എന്ന വിഖ്യാതമായ നോവലില്‍  വൃദ്ധനായ കുഞ്ഞോനാച്ചന്‍  തന്റെ മരുമകള്‍  കുറുപ്പ് എന്നൊരു വ്യക്തിയുമായുള്ള ബന്ധത്തിനു സാക്ഷിയായി. ഈ കഥ പുറംലോകം അറിയാതിരിക്കാന്‍  മരുമകളും കുറുപ്പുംകൂടി കഞ്ചാവില്‍ വിഷം കലര്‍ത്തി നല്‍കി വൃദ്ധനെ കൊല ചെയ്യുന്നു. ഒടുവില്‍ പശ്ചാത്തപവിവശയായി മരുമകള്‍ ദീനാമ്മയും അതേ വിഷം  കഴിച്ചുമരിക്കുന്നു.
എഴുത്തിലെ ജീവിത യാഥാര്‍ഥ്യങ്ങള്‍
ഏറെ വിഹ്വലതകള്‍ക്കു നടുവിലാണ് ചഞ്ചലചിത്തനായ മനുഷ്യന്റെ ജീവിതം. അവിടെ ഇതൊരു നല്ല മനുഷ്യന്‍ ഇതൊരു ചീത്ത മനുഷ്യന്‍ എന്നു ലേബലിട്ട്  ആരെയും വിശേഷിപ്പിക്കാനാകില്ല. ചില സാഹചര്യങ്ങളാണ് ചിലരെ ചില നാല്‍ക്കവലകളില്‍ എത്തിച്ചേര്‍ക്കുക. അവിടെ കറുപ്പും  വെളുപ്പുമില്ല.  അത് രണ്ടും സമം ചേര്‍ക്കുമ്പോള്‍ കിട്ടുന്ന ചാരനിറം മാത്രം. അതാണ് എഴുത്തിലെ ജീവിതയാഥാര്‍ത്ഥ്യം. ഇവിടെ തിന്മയെ ഉന്മൂലനം ചെയ്തു  നന്മയെ പുനഃസ്ഥാപിക്കാനൊന്നും ആരും ശക്തരല്ല. കാരണം,  മനുഷ്യര്‍ ബലഹീനരാണ്.
മലയാളി വായിച്ചുകൂട്ടിയ  ക്ലാസ്സിക്കുകളുടെയും പുരാണങ്ങളുടെയും ഒക്കെ സ്വാധീനം കൊണ്ടാവണം നമ്മുടെ എഴുത്തുകള്‍ക്കു മനുഷ്യജീവിതത്തോടു മുഖാമുഖം പിടിക്കുന്ന കണ്ണാടികളാവാന്‍  സാധിക്കുന്നത്; എഴുത്തുകാര്‍ക്കു സത്യസന്ധതയോടെ ജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ വരച്ചിടാനാകുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)