ഭാരതസഭയുടെ അഭിമാനവും മാര്‍ത്തോ മ്മാനസ്രാണികളുടെ ആരാധ്യപുരുഷനുമായ പാറേമ്മാക്കല്‍ തോ മ്മാ ക്ക ത്തനാരുടെ ചരമവാര്‍ഷികദിനമായിരുന്നു മാര്‍ച്ച് 20. അദ്ദേഹം ദിവംഗതനായിട്ട് 223 വര്‍ഷം പൂര്‍ത്തിയായി.
തോമ്മാക്കത്തനാരുടെ ചില അടിസ്ഥാനാഭിമുഖ്യങ്ങള്‍
ദൈവവിശ്വാസവും ദൈവാരാധനയും ജീവശ്വാസംപോലെ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹത്തിന്. സര്‍വശക്തനും പിതാവുമായ ഏകദൈവത്തിലുള്ള വിശ്വാസത്തെ തന്റെ ജീവിതത്തിന്റെ ആധാരശിലയായി അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം ജീവിതകാലം മുഴുവന്‍ ദൈവത്തെ തേടുകയും അവിടുത്തെ വലിയ നിധിയും നിക്ഷേപവുമായി കരുതുകയും ചെയ്തു.
ഒപ്പം, ഏകസത്യദൈവത്തിന്റെ ഏകപുത്രനും മുഴുവന്‍ മനുഷ്യവംശത്തിന്റെയും ഏകരക്ഷകനുമായ ഈശോമിശിഹായില്‍ അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. സീറോ മലബാര്‍ സഭയുടെ വി. കുര്‍ബാനക്രമത്തിലെ മാര്‍ തെയഡോറിന്റെ അനാഫൊറായില്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ 'സകലത്തിന്റെയും പൂര്‍ത്തീകരണവും സകലവും പൂര്‍ത്തിയാക്കുന്നവനുമായ ഈശോമിശിഹായില്‍' പാറേമ്മാക്കലച്ചന്‍ പൂര്‍ണമായി വിശ്വസിച്ചു.
തിരുസ്സഭയെ മിശിഹായുടെ മണവാട്ടിയും വിശ്വാസിഗണത്തിന്റെ അമ്മയും ഗുരുനാഥയുമായി പാറേമ്മാക്കല്‍ മനസ്സിലാക്കി. ഒപ്പം, സഭയെ രക്ഷയുടെ തുറമുഖവും സങ്കേതവും കൃപാവരത്തിന്റെ നിക്ഷേപാലയവുമായി തിരിച്ചറിഞ്ഞു. സഭ അദ്ദേഹത്തിനെന്നും ഒരു കൂട്ടായ്മയുടെ കുടുംബാനുഭവമായിരുന്നു. സത്യസഭയെ രക്ഷയ്ക്കുള്ള ഉപാധികളുടെ പൂര്‍ണതയായി അദ്ദേഹം മനസ്സിലാക്കിയിരുന്നു.
അദ്ദേഹത്തിന്റെ ക്രൈസ്തവസ്വത്വബോധത്തിന്റെയും അദ്ദേഹം രചിച്ച ക്ലാസിക് സഞ്ചാരവിവരണമായ വര്‍ത്തമാനപ്പുസ്തകത്തിന്റെയും അടിസ്ഥാനാഭിമുഖ്യം ഈ മിശിഹാവിജ്ഞാനീയവും സഭാദര്‍ശനവുമായിരുന്നു. ഇതു നന്നായി വ്യക്തമാക്കുന്നതാണ് വര്‍ത്തമാനപ്പുസ്തകത്തിന്റെ മുഖവുരയിലെ ആദ്യവചസ്സുകള്‍: ''ഉടയതമ്പുരാന്റെ അനന്തകാരുണ്യത്താലും, പണ്ടുമുതലേ അന്യമതസ്ഥരുടെയും നാനാജാതി ജനങ്ങളുടെയും ഇടയില്‍ ഈശോമിശിഹായുടെ തിരുനാമം പ്രഘോഷിക്കുകയും അതിനനുസരിച്ച് ഏറിയ ത്യാഗം സഹിച്ച് വലിയ നിഷ്ഠയോടും ചിട്ടയോടുംകൂടി തങ്ങളുടെ കാരണവന്മാരു നടന്നുകാണിച്ചുതന്ന മര്യാദയ്ക്കും ജീവിതക്രമത്തിനും തങ്ങളാലാകുന്നതുപോലെ ഒരു ഭംഗം വരുത്താതെപോന്ന ജനതയാകയാലും, ഈ ജനതയുടെ ഇടയില്‍, ആദ്യമായി സുവിശേഷം അറിയിച്ചവനും ക്രൈസ്തവസഭയ്ക്ക് അടിസ്ഥാനമിട്ടവനുമായ മാര്‍ത്തോമ്മാശ്ലീഹായുടെ യോഗ്യതകളാലും, ഈജിപ്തിലെ അനേകം രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴില്‍ ഇസ്രായേല്‍മക്കളെ ദൈവം വര്‍ദ്ധിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു എന്നതുപോലെതന്നെ നമ്മുടെ സഭയെയും അനേകം രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ഭരണത്തിന്‍കീഴില്‍ യാതൊരു നാശവും ക്ലേശവും വരുത്താതെ അന്നുമുതല്‍ ഇന്നുവരെ ദൈവം കാത്തുപാലിച്ചുപോരുകയും ചെയ്തു.'' തോമ്മാക്കത്തനാരുടെ ഈ ആമുഖവചസ്സുകള്‍തന്നെ അദ്ദേഹത്തിന്റെ മുഴുവന്‍ ജീവിതവീക്ഷണവും നന്നായി വ്യക്തമാക്കുന്നു.
വിശ്വാസവും പ്രത്യാശയും നിറഞ്ഞ ജീവിതം
തന്റെ ജീവിതയാത്ര മുഴുവനോടും ദൈവത്തെ ചേര്‍ത്തു പിടിച്ച ഒരു ശ്രേഷ്ഠാചാര്യനാണ് തോമ്മാക്കത്തനാര്‍. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അദ്ദേഹം ആശ്രയം വച്ചത് മാനുഷികപരിഹാരങ്ങളെക്കാള്‍ ദൈവപരിപാലനയിലും ദൈവഹിതത്തിലുമാണ്. വര്‍ത്തമാനപ്പുസ്തകത്തിലെ നിരവധിയായ വിവരണങ്ങളില്‍ പല തവണ ആവര്‍ത്തിക്കപ്പെടുന്ന ഒരു വാചകമാണ് 'ഉടയതമ്പുരാന്റെ മാനോഗുണവും കരുണയും' എന്നത്. 'തമ്പുരാന്റെ സ്തുതിക്കും മഹത്ത്വത്തിനു'മായി അദ്ദേഹം എല്ലാം ചെയ്തു. സങ്കീര്‍ത്തകന്റെ നിലപാടായിരുന്നു അദ്ദേഹത്തിന്റേതും. ''പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകളുയര്‍ത്തി. എനിക്കു സഹായം എവിടെ നിന്നു വരും? എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍നിന്ന്'' (121, 1-2).
വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രിതമായ ജീവിതം
തന്റെ വിശ്വാസജീവിതത്തിന്റെ ചൈതന്യവും ശക്തിയും പാറേമ്മാക്കലച്ചന്‍ സ്വാംശീകരിച്ചത് വി. കുര്‍ബാനയില്‍നിന്നായിരുന്നു. തങ്ങളുടെ സാഹസികമായ ലിസ്ബണ്‍- റോമാ യാത്രയിലുടനീളം ഉണ്ടായ വൈതരണികളെയും പ്രതിസന്ധികളെയും അതിജീവിക്കാന്‍ പാറേമ്മാക്കലിനും കരിയാറ്റിമല്പാനും കരുത്തു പകര്‍ന്നത് അവരുടെ ആഴമുള്ള പ്രാര്‍ത്ഥനാജീവിതവും വിശിഷ്യാ, അനുദിനമുള്ള വി. കുര്‍ബാനയര്‍പ്പണവുമായിരുന്നു. ദൈവാരാധന വിശിഷ്യാ, പരി. കുര്‍ബാനയര്‍പ്പണമാണ് ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും അത്യുച്ചിയുമെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനം (ആരാധനക്രമം, 10) നേരത്തേതന്നെ തങ്ങളുടെ ജീവിതത്തില്‍ ഇവരിരുവരും അന്വര്‍ത്ഥമാക്കിയിരുന്നു. പരി. അമ്മയോടും മാര്‍ത്തോമ്മാശ്ലീഹായോടും മറ്റു വിശുദ്ധരോടുമുള്ള വണക്കവും ഭക്തിയും ഇവര്‍ പുലര്‍ത്തിയിരുന്നു.
സുകൃതസമ്പന്നമായ ജീവിതം
ക്രൈസ്തവസുകൃതങ്ങളുടെ ഒരു വിളനിലമായിരുന്നു പാറേമ്മാക്കലിന്റെ ജീവിതം. എളിമയും വിനയവും ലാളിത്യവും ആ ജീവിതത്തില്‍ നന്നായി വിളങ്ങിയിരുന്നു. കരുണയും കരുതലും പരസ്‌നേഹചൈതന്യവും പാറേമ്മാക്കലിന്റെ ജീവിതത്തെ കൂടുതല്‍ ശോഭയുള്ളതാക്കി. അനുസരണവും സഭാധികാരത്തോടുള്ള വിധേയത്വവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. സഭാധികാരികള്‍ തങ്ങളെ തെറ്റിദ്ധരിച്ചപ്പോഴും പ്രതികൂലമായി പ്രതികരിച്ചപ്പോഴും പാറേമ്മാക്കലും കരിയാറ്റിയും സമചിത്തതയോടെ വ്യാപരിച്ചു. എങ്കിലും സത്യസന്ധതയോടെയും നീതിബോധത്തോടെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ അവര്‍ മറന്നില്ല.
തികഞ്ഞ സഭാസ്‌നേഹവും സമുദായസ്‌നേഹവും കത്തിജ്വലിക്കുന്നതായിരുന്നു. തോമ്മാക്കത്തനാരുടെ ജീവിതം. സഭയുടെ ഐക്യം കാത്തുസൂക്ഷിക്കാനും ഏതദ്ദേശീയ മെത്രാന്മാരെ ലഭിക്കാനും സഭയ്ക്കു സ്വന്തമായി ഒരു വൈദികപരിശീലന 'പഠിത്തവീട്' ലഭിക്കാനുമൊക്കെയായിട്ടായിരുന്നു പ്രധാനമായും പാറേമ്മാക്കലിന്റെ റോമായാത്ര. ചിരപുരാതനമായ മാര്‍ത്തോമ്മാനസ്രാണികളുടെ സഭയുടെ തനതായ പൈതൃകവും ചരിത്രവും ദൈവാരാധനാരീതികളും അതിന്റെ തന്മയില്‍ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു. അതിനുവേണ്ടി കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തു.
പാറേമ്മാക്കലിന്റെ തികഞ്ഞ സുറിയാനിപ്രതിപത്തിയും സ്‌നേഹവും വര്‍ത്തമാനപ്പുസ്തകത്തില്‍ പലയിടങ്ങളിലും വ്യക്തമാക്കുന്നുണ്ട്. നസ്രാണികളുടെ വേദഭാഷയും ആരാധനാഭാഷയും ഈശോയും ശ്ലീഹന്മാരും സംസാരിച്ചതും സുറിയാനിഭാഷയാണെന്നുള്ള അടിസ്ഥാനബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. വര്‍ത്തമാനപ്പുസ്തകത്തില്‍നിന്ന് ഉദ്ധരിക്കട്ടെ: ''ഞങ്ങള്‍ സുറിയാനിക്കാരാണ്. മാര്‍ത്തോമ്മാശ്ലീഹാ ഞങ്ങളുടെ നാട്ടില്‍ ശുദ്ധമാനവിശ്വാസം ഞങ്ങള്‍ക്കുതന്ന കാലംമുതല്‍ ഇന്നോളം ഒരു മുടക്കവും വരുത്താതെ സുറിയാനിക്രമത്തിലാണ് ഞങ്ങളുടെ പള്ളികളില്‍ ആരാധനയും കര്‍മങ്ങളും നടത്തിപ്പോന്നിരുന്നത്. ഇതു കണ്ടു നിന്റെ കാരണവന്മാര്‍ ഞങ്ങളുടെ പള്ളികളിലെ ഈ പഴയ ക്രമം മാറ്റുവാന്‍ ആകുന്നതുപോലെ ശ്രമിച്ചുനോക്കിയെങ്കിലും അതു ഫലിക്കുന്നില്ലെന്നു കണ്ട് മടുത്തു പിന്മാറി'' (72-ാം പാദം).
അല്മായസഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിച്ചു
ശക്തമായ അല്മായ-അജപാലക കൂട്ടായ്മയുടെ ഇതിഹാസമാണ് വര്‍ത്തമാനപ്പുസ്തകം. മുണ്ടുമുറിയെല്ലാം വിറ്റുപെറുക്കിയാണ് പാറേമ്മാക്കലിന്റെയും കരിയാറ്റിയുടെയും റോമായാത്രയ്ക്കുള്ള ചെലവ് ദൈവജനം കണ്ടെത്തിയത്. അജപാലകനും അല്മായരുമടങ്ങുന്ന നസ്രാണിയോഗം സഭാപരമായ വിഷയങ്ങളില്‍ ഉചിതമായി ഇടപെട്ടിരുന്നു. വര്‍ത്തമാനപ്പുസ്തകത്തിലെ അങ്കമാലിയോഗവിവരണങ്ങളും യോഗതീരുമാനങ്ങളും ഇക്കാര്യം നിരന്തരം വെളിപ്പെടുത്തുന്നു.
ദേശീയതയുടെ ഉറച്ച വക്താവുകൂടിയായിരുന്നു പാറേമ്മാക്കലച്ചന്‍. ''നാം ഭാരതീയരാണ്'', ''ഇന്ത്യ ഇന്ത്യാക്കാരുടേതാണ്'' തുടങ്ങിയ ചിന്തകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉയര്‍ത്തിപ്പിടച്ച തികഞ്ഞ ദേശസ്‌നേഹികൂടിയായിരുന്നു പാറേമ്മാക്കലച്ചന്‍. ക്രൈസ്തവരുടെ വിവിധങ്ങളായ സാമൂഹികവിഷയങ്ങളിലും ക്രൈസ്തവസമൂഹത്തിന്റെ സംരക്ഷണയിലും പ്രതിരോധത്തിലും പാറേമ്മാക്കല്‍ ഏറെ ശ്രദ്ധിച്ചിരുന്നു.
പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ ലക്ഷ്യങ്ങള്‍ സഫലമാക്കാന്‍ കഴിയാതെപോയ ഒരു അജപാലകനോ ജനനേതാവോ അല്ല. വര്‍ത്തമാനപ്പുസ്തകം ലക്ഷ്യം സാധിക്കാന്‍ കഴിയാതെപോയ ഒരു യാത്രയുടെ കേവലവിവരണവുമല്ല. മറിച്ച്, തലമുറകള്‍ക്ക് എന്നും പ്രചോദനം പകര്‍ന്നുനല്കുന്ന 'അമര്‍ജ്യോതി'കളാണ്. ഈശോയുടെ ഉത്തമശിഷ്യരും തീക്ഷ്ണത നിറഞ്ഞ സഭാസ്‌നേഹികളും പരിപക്വമായ ദേശീയതയുടെ പ്രവാചകരുമാകുവാന്‍ പാറേമ്മാക്കലും അദ്ദേഹതത്തിന്റെ വര്‍ത്തമാനപ്പുസ്തകവും നമ്മെ നിരന്തരമായി പ്രബോധിപ്പിക്കുന്നു.