ഇടതടവില്ലാതുയരുവതൊന്നേ
മുറവിളിയെവിടെയുമേവരില്‍നിന്നും:
''അവികലനീതിയൊരിറ്റുമൊരാള്‍ക്കും
കരഗതമാകുന്നീല ജഗത്തില്‍.''
അബലജനത്തിനു നീതി ലഭിപ്പതു
തടയാന്‍ പഴുതുകള്‍ നിരവധിയല്ലേ!
അതിരുകവിഞ്ഞു തഴയ്ക്കുമനീതിയില്‍
വലയും നമ്മുടെ തലവിധി കഠിനം.
പദവിയിലേറിയിരിക്കുന്നവരും
ഭരണത്തേരു തെളിക്കുന്നവരും
ന്യായം തൂക്കിയളക്കുന്നവരും
മായം ചേര്‍പ്പൂ നീതിയില്‍ മുറപോല്‍
ഉയരത്തില്‍ പിടിയില്ലാത്തവരും
ധനധാടികളില്‍ കുറവുള്ളവരും
തിരിമറി കാട്ടാനറിയാത്തവരും
പെരുവഴി പൂകി നശിക്കുകയല്ലേ!
ഭൂവിലണഞ്ഞ പരാപരസുതനായ്
ക്രൂശുപണിഞ്ഞൊരു ചരിതമതിന്നും
ഭേദമെഴാതിഹ തുടരുകയല്ലേ!
ക്രൂശുകള്‍ വീണ്ടും പണിയുകയല്ലേ!
മര്‍ത്ത്യനു മര്‍ത്ത്യന്‍ നീതി വിധിക്കുകി-
ലവ്വിധി നിജമവനെതിരായ് മാറും;
അര്‍ഹനു നീതിനിഷേധം! പകരമ-
നര്‍ഹനതെവിടെയുമെന്നും സുലഭം!
കിട്ടണമാര്‍ക്കും നീതിയൊരേവിധ-
മല്പവുമിളവതിനുണ്ടായിടൊലാ;
ഇക്ഷിതി സാധ്യതയില്ലതിനെങ്കില്‍
കിട്ടണമതു പരലോകേ കണിശം
അല്ലായ്കില്‍ നരജന്മം ധരണിയി-
ലമ്പേ ദുര്‍ഭഗ,മര്‍ത്ഥനിശൂന്യം;
സത്യ, മഹിംസ, സനാതനമൂല്യമി-
തൊക്കെയൊഴുക്കാമറബിക്കടലില്‍.
തര്‍ക്കമെഴാത്തൊരുപാധി തിരഞ്ഞാല്‍
തക്കതൊരെണ്ണമിതേയിതിനുള്ളൂ
നമ്മുടെ വരഗുരു ഗിരിമുകളില്‍വ-
ച്ചന്‍പൊടു നല്‍കിയതാണതു കേള്‍ക്കാം:
''നീതിക്കായിഹ പീഡനമേല്പവര്‍
ദാഹത്തോടതു തേടി നടപ്പവര്‍
നേടുമതൊടുവി, ലവര്‍ക്കാണനുപമ
നാകം, അവികലനീതി നികേതം.''
ദുര്‍വിധി കണ്ടിനി മനമിടിയേണ്ട, ജ-
ഗന്മയനരുളും നീതി യഥാര്‍ഹം;
ഇമ്മഹി നീതി ലഭിച്ചില്ലെങ്കിലു-
മങ്ങു പരത്തിലതുണ്ടു സുഭദ്രം.