ഫിലാഡെല്‍ഫിയ: യുക്രെയ്‌നിലെ റഷ്യന്‍ കടന്നുകയറ്റം വീണ്ടും യുക്രെയ്ന്‍ കത്തോലിക്കാസഭയെ അടിച്ചമര്‍ത്തുന്നതിലേക്കു നയിക്കുമോ എന്ന ആശങ്കയുമായി അമേരിക്കയിലെ ഫിലാഡെല്‍ഫിയായിലെ യുക്രെയ്ന്‍ മെത്രാപ്പോലീത്ത ബോറിസ് ഗുഡ്‌സിയാക്ക്. ഇക്കഴിഞ്ഞ മാര്‍ച്ച് 5 ന് പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ ''എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്''ന്റെ ചെയര്‍മാന്‍ ജോര്‍ജ് മാലിനു നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെ റഷ്യന്‍ അധിനിവേശത്തിനെതിരേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്‌നിലെ പ്രമുഖ കത്തോലിക്കാവ്യക്തിത്വങ്ങളെല്ലാം റഷ്യയുടെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്ന ആശങ്കയും മെത്രാപ്പോലീത്ത പങ്കുവെച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ റഷ്യന്‍ ചാരസംഘടനയായിരുന്ന കെ.ജി.ബിയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന കാര്യം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു പുടിന്റെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന മെത്രാപ്പോലീത്തയുടെ അഭ്യര്‍ത്ഥന. യുക്രെയ്‌നിലെ റഷ്യന്‍ ഇടപെടലിന്റെ ചരിത്രത്തെക്കുറിച്ചും മെത്രാപ്പോലീത്ത വിവരിച്ചു. കഴിഞ്ഞ 250 വര്‍ഷങ്ങളായി കത്തോലിക്കാസഭയുടെ സാന്നിധ്യമുള്ള യുക്രെയ്ന്‍പ്രദേശങ്ങളില്‍ റഷ്യന്‍ അധിനിവേശം ഉണ്ടായപ്പോഴൊക്കെ റഷ്യ കത്തോലിക്കാസഭയെ അടിച്ചമര്‍ത്തുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ മെത്രാപ്പോലീത്ത, 2014 മുതല്‍ കിഴക്കന്‍ യുക്രെയ്‌നിലെയും ക്രീമിയയിലെയും റഷ്യന്‍ അധിനിവേശം അവിടത്തെ ക്രിസ്ത്യന്‍ സഭകളെയും മറ്റു മതങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണെന്ന കാര്യവും ഓര്‍മിപ്പിച്ചു.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം മറ്റ് ആശങ്കകള്‍ക്കുകൂടി കാരണമാകുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറയുന്നു. ഒരു ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, യുക്രെയ്ന്‍ കത്തോലിക്കാസഭാതലവന്‍ സ്വ്യാട്ടോസ്ലോവ് ഷെഫ്ചുക്കും റഷ്യയുടെ ഹിറ്റ്ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുമെന്നത് തീര്‍ച്ചയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഗുഹാശ്രമങ്ങള്‍, തിരുശേഷിപ്പുകള്‍ തുടങ്ങിയവയ്ക്കു ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന്, റോക്കറ്റ് ഫയറിങ്ങിനു വിവേകമില്ലാത്തതിനാല്‍ എന്തും സംഭവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കീവിലെ ആയിരം വര്‍ഷം പഴക്കമുള്ള സെന്റ് സോഫിയ ദൈവാലയം തകര്‍ക്കാന്‍ റഷ്യ പദ്ധതിയിടുന്നുണ്ടെന്ന വാര്‍ത്തയും അദ്ദേഹം ചൂണ്ടിക്കാട്ടി.
'നാറ്റോ'യല്ല മറിച്ച്, യുക്രെയ്‌നിലെ ജനാധിപത്യം റഷ്യയിലേക്കു പടര്‍ന്നാല്‍ തന്റെ സ്വേച്ഛാധിപത്യത്തിനു ഭീഷണിയാകുമോ എന്ന പുടിന്റെ ഭയമാണ് യുദ്ധത്തിനു കാരണമെന്ന് ചൈന, വെനിസ്വേല, ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളിലെ സമാനമനസ്‌കരായ ഭരണകൂടങ്ങളുമായുള്ള പുടിന്റെ സൗഹൃദം ചൂണ്ടിക്കാട്ടിക്കൊണ്ട് മെത്രാപ്പോലീത്ത വിവരിച്ചു. കഷ്ടതയനുഭവിക്കുന്ന യുക്രെയ്ന്‍ജനതയെ സഹായിച്ചുകൊണ്ടിരിക്കുന്ന എ.സി.എന്‍. പോലെയുള്ള സംഘടനകള്‍ക്കും, പോളണ്ട് അടക്കമുള്ള രാഷ്ട്രങ്ങള്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത അഭിമുഖം അവസാനിപ്പിച്ചത്.