എണ്‍പഞ്ചുകാരിയായ, പത്തു മക്കളുടെ മാതാവ്, മക്കളില്‍ ആരെടുക്കണമെന്ന തര്‍ക്കത്തില്‍, പെരുവഴിയില്‍ ആംബുലന്‍സില്‍ നാലുമണിക്കൂര്‍ കാത്തുകിടന്നതായി പത്രവര്‍ത്ത (15.02.22).
പണക്കാരാകട്ടെ, പാവങ്ങളാകട്ടെ, വാര്‍ദ്ധക്യത്തില്‍ ധൈര്യമായി വസിക്കാന്‍ ഇനി സര്‍ക്കാര്‍ പൊതുഭവനങ്ങള്‍ കൂടിയേ കഴിയൂ.
വശമുള്ളവരില്‍നിന്നു നിയമപരമായി യുക്തമായ തുക ഇടാക്കിക്കൊണ്ടും, അല്ലാത്തവര്‍ക്കു സൗജന്യമായും സര്‍ക്കാര്‍ പൊതുഭവനങ്ങള്‍ തയ്യാറാക്കണം. ആവശ്യമനുസരിച്ചു ജില്ലാടിസ്ഥാനത്തിലോ പഞ്ചായത്തടിസ്ഥാനത്തിലോ ഇത്തരം കമ്മ്യൂണിറ്റി സെന്ററുകള്‍ ഉണ്ടാക്കണം. വിദേശരാജ്യങ്ങളെ ഈ കാര്യത്തില്‍ മാതൃകയാക്കണം. വയസ്സുകാലത്ത് ആരുടെയും ദയ കാത്തു വഴിയില്‍ കിടക്കാന്‍ വയോധികരെ വിധിക്കരുത്.
സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം, സ്ഥിരമായ വഴി കണ്ടെത്തണം, പണം കണ്ടെത്തണം. ഇത്തരം സംഭവങ്ങളും വാര്‍ത്തകളും ഒഴിവാക്കണം.
വായ്പാ തട്ടിപ്പുകളും പെന്‍ഷന്‍ റിവിഷനും
തമ്മില്‍ ബന്ധമുണ്ടോയെന്നു തോന്നാം, എങ്കിലും പറയട്ടെ. കഴിഞ്ഞ ദിവസത്തെ (16.02.22) പത്രങ്ങളില്‍, പലശതം കോടികളുടെ ബാങ്കു തട്ടിപ്പുകളുടെ വാര്‍ത്തകള്‍ കണ്ടു.
നാട്ടിലെ പാവങ്ങളാണോ ഈ തട്ടിപ്പെല്ലാം നടത്തിയത്? അല്ലേയല്ല. ഭീമന്‍ തട്ടിപ്പുകള്‍ക്കു കാരണം സാദാ ജീവനക്കാരുമല്ല.
അത്യന്തികമായി ഇതിന്റെ കാരണക്കാര്‍ ഭരണാധികാരികള്‍ തന്നെ. അഴിമതി എവിടെയുണ്ടോ, കൂട്ടുഭരണാധികാരികളാണ്, എന്നതാണ് അതിദയനീയമായ അവസ്ഥ!
ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ ആകെ എത്ര കോടികള്‍, ബാങ്കു തട്ടിപ്പുവഴി നാടിനു നഷ്ടപ്പെട്ടിട്ടുണ്ടെന്നു കണക്കു പറയാന്‍ ആര്‍ക്കു കഴിയും?
ഇക്കൂട്ടത്തില്‍ വേറൊരു കാര്യംകൂടി ചിന്തിച്ചാലും. ബാങ്ക് പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ റിവിഷന്‍ കൊടുക്കാതായിട്ടു വര്‍ഷങ്ങള്‍ അനേകമായി. വിരമിച്ചു മരിക്കുന്നവരുടെ പെന്‍ഷന്‍ റിവിഷന്‍ തടയുന്നതും ഇതേ ഭരണാധികാരികള്‍ തന്നെ. എന്തേ, ഈ തട്ടിപ്പ് തടയാന്‍ ഇവരൊന്നും തുനിയാത്തത്? പെന്‍ഷന്‍ വര്‍ധന ഓര്‍ത്തിരുന്നു നീറി മരിക്കുന്ന പെന്‍ഷന്‍കാര്‍ ഈ അന്യായങ്ങള്‍ പൊറുക്കട്ടെ!
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി
പെരുവ