അച്ഛനുമമ്മയുമൊരുമിച്ച് പെരിയാറിന്റെ തീരത്തുള്ള വീട്ടിലാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സോമന്‍ താമസിക്കുന്നത്.
പെരിയാറ്റില്‍ വെള്ളപ്പൊക്കം വന്നു. ഒരു ദിവസം നേരം വെളുത്തപ്പോള്‍ വീടിന്റെ മുറ്റത്തു വെള്ളം കയറിയിരിക്കുന്നു. സോമന്റെ പുസ്തകങ്ങളും ഡ്രസ്സുകളും വീട്ടുപകരണങ്ങളും മറ്റെല്ലാ സാധനങ്ങളും അച്ഛനും അമ്മയുംകൂടി തട്ടിന്‍മുകളില്‍ കയറ്റി സുരക്ഷിതമായി വച്ചു. പരിസരത്തുള്ള മിക്ക വീടുകളിലും വെള്ളം കയറി. നാട്ടുകാര്‍ അധികംപേരും ഒക്കല്‍ സ്‌കൂളിലെ ക്യാമ്പില്‍ താമസമാക്കി.
സോമനും അച്ഛനും അമ്മയും ഡ്രസ്സുകളും പണവും മറ്റ് അത്യാവശ്യസാധനങ്ങളും എടുത്തുകൊണ്ട് കുന്നക്കാട്ടുമലയിലുള്ള അമ്മാവന്റെ വീട്ടിലേക്കു താമസംമാറ്റി. അവിടെ ഭക്ഷണത്തിനോ മറ്റു കാര്യങ്ങള്‍ക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
അവന്‍ അമ്മാവന്റെ മകനുമൊരുമിച്ചു കളിച്ചുരസിച്ചു നടന്നു. ഉച്ചയ്ക്ക് ഊണു കഴിക്കാറായപ്പോള്‍ സോമനെയും വേണുവിനെയും അമ്മായി ചോറുണ്ണാന്‍ വിളിച്ചു.
''പിള്ളേര്‍ക്കു വിശക്കുന്നുണ്ടാവും. നിങ്ങള്‍ ഭക്ഷണം കഴിച്ചോളൂ. ചോറും കറികളുമെല്ലാം മേശപ്പുറത്ത് എടുത്തുവച്ചിട്ടുണ്ട്. പ്ലെയിറ്റും കഴുകിവച്ചിട്ടുണ്ട്. ആവശ്യംപോലെ എടുത്തു കഴിച്ചോളൂ. ഞാന്‍ കുളിച്ചിട്ടു വരട്ടെ.'' അമ്മായി പറഞ്ഞു.
സോമനും വേണുവും ചോറും കറികളും വിളമ്പിക്കഴിച്ചു. പിന്നെയും കളിക്കാന്‍ പോയി. തിന്ന പാത്രങ്ങള്‍ മേശപ്പുറത്തുതന്നെ ഇരുന്നു. പാത്രങ്ങളില്‍ ചോറും കറികളും ധാരാളം ബാക്കിയുണ്ടായിരുന്നു.
അമ്മായി കുളികഴിഞ്ഞു വന്നപ്പോള്‍ മേശപ്പുറത്തു പാത്രങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കണ്ടു. അമ്മായി ചോദിച്ചു: ''മക്കളേ, നിങ്ങളോട് ആവശ്യംപോലെ ഭക്ഷണം എടുത്തുകഴിച്ചോളാന്‍ പറഞ്ഞിട്ട് നിങ്ങള്‍ ഭക്ഷണം ആവശ്യത്തിലധികം വിളമ്പി പാഴാക്കിക്കളഞ്ഞു. ഇതു നല്ല ശീലമല്ല.
''ആഹാരം ആവശ്യാനുസരണം കഴിക്കാം. ആവശ്യമില്ലെങ്കില്‍ അതു വിളമ്പി നഷ്ടപ്പെടുത്താന്‍ പാടില്ല. എപ്പോള്‍ ഭക്ഷണം കഴിക്കുമ്പോഴും ഈ കാര്യം ഓര്‍ക്കണം. അതുപോലെ ആഹാരം കഴിച്ച പാത്രം കഴുകിവയ്ക്കണം. ഈ കാര്യങ്ങള്‍ കുട്ടികള്‍ ചെറുപ്പത്തിലേ ശീലിക്കണം. ചെറുപ്പത്തില്‍ ശീലിച്ചാല്‍ മരണംവരെ ഈ കാര്യങ്ങള്‍ ചെയ്യും. 'ചൊട്ടയിലെ ശീലം ചുടലവരെ' എന്നല്ലേ പഴമൊഴി.''
അമ്മായിയുടെ സംസാരം കേട്ടപ്പോള്‍ സോമന്‍ പറഞ്ഞു: ''മേലില്‍ ഞാന്‍ ആഹാരസാധനങ്ങള്‍ പാഴാക്കിക്കളയുകയില്ല. ആഹാരം കഴിച്ചാല്‍ പാത്രം കഴുകിവയ്ക്കും.'' സോമന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വേണുവും പറഞ്ഞു: ''ഞാനും ഇനിമേലില്‍ ആഹാരം പാഴാക്കിക്കളയില്ല. തിന്ന പാത്രം കഴുകി വയ്ക്കും.''
പിള്ളേരുടെ തീരുമാനം കേട്ടപ്പോള്‍ അമ്മായി പറഞ്ഞു: ''നിങ്ങള്‍ മിടുക്കന്മാരാണെന്ന് എനിക്കറിയാം.'