•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അഭിനയമുഹൂര്‍ത്തങ്ങള്‍ ബാക്കിയാക്കി കെപിഎസി ലളിത വിടവാങ്ങി...

ഭിനയകലയുടെ ചക്രവാളങ്ങള്‍ കീഴടക്കിയിട്ടും അഭിനയമൂഹൂര്‍ത്തങ്ങള്‍ ബാക്കിയാക്കി ചമയങ്ങളഴിച്ചുവെച്ച് കെ.പി.എ.സി. ലളിത യാത്രയായി. കായംകുളത്ത് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെയും മകളായി 1947 ല്‍ ഇടയാറന്മുളയിലാണ്  മഹേശ്വരി അമ്മയെന്ന കെ.പി.എ.സി. ലളിതയുടെ ജനനം. കുട്ടിക്കാലത്തുതന്നെ കലാമണ്ഡലം ഗംഗാധരനില്‍നിന്ന് നൃത്തം പഠിച്ച് കേവലം പത്ത് വയസ്സുള്ളപ്പോള്‍തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ചങ്ങനാശ്ശേരി ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. തുടര്‍ന്ന് അന്ന്  കേരളത്തിലെ  ഏറ്റവും പ്രമുഖ നാടകസമിതിയായിരുന്ന കെ.പി.എ.സിയില്‍ ചേര്‍ന്നു. അവിടെ വച്ചാണ് ലളിത എന്ന പേരു സ്വീകരിച്ചത്.  പിന്നീട് സിനിമയില്‍ വന്നപ്പോള്‍ ലളിത കെപിഎസി ലളിതയായി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബമായിരുന്നു ആദ്യചിത്രം. തുടര്‍ന്ന് അഞ്ഞൂറി ലധികം സിനിമകളുടെ ഭാഗമായി. കൂടാതെ, നിരവധി ടെലിവിഷന്‍ പരമ്പരകളും.
മലയാളിയുടെ കണ്ണുനനയിച്ചും പൊട്ടിച്ചിരിപ്പിച്ചും ഒരായുസ്സ് അഭിനയത്തിനായി സമര്‍പ്പിച്ച  കെ.പി.എ.സി. ലളിത വേദിയിലും വെള്ളിത്തിരയിലും ഒരുപോലെ തന്റെ അഭിനയപാടവം കാഴ്ചവച്ചു.
സഹനായികാവേഷങ്ങളിലാണ് കൂടുതലും പ്രത്യക്ഷപ്പെട്ടത്. ഹാസ്യവേഷങ്ങള്‍ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയയാക്കിയത്.
കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായി സേവനം ചെയ്തിട്ടുണ്ട്. രണ്ടു തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ലളിതയ്ക്ക് സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നാലു തവണയും സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും നേടാന്‍ കഴിഞ്ഞു.
സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പൊന്‍മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കി യന്ത്രം, ദശരഥം, വെങ്കലം, ഗോഡ് ഫാദര്‍, അമരം, വിയറ്റ്‌നാം കോളനി, സ്ഫടികം, അനിയത്തി പ്രാവ് തുടങ്ങിയവയാണു പ്രധാനചിത്രങ്ങള്‍.
1978 ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. ശ്രീക്കുട്ടിയും സിദ്ധാര്‍ഥുമാണ് മക്കള്‍. സിദ്ധാര്‍ത്ഥ് 'നമ്മള്‍' എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്കു കടന്നുവന്നു.  ഇപ്പോള്‍ പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെ കീഴില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)