അറിവിന്റെയും നൂതനാശയങ്ങളുടെയും ഉറവിടവും സര്‍ഗാത്മക ആവിഷ്‌കാരങ്ങളുടെ അടിത്തറയുമായ മാതൃഭാഷയെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തണമെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പ്രസ്താവിച്ചു.
പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പാലാ, സെന്റ് തോമസ് ടി.ടി.ഐ. പാലാ, സെന്റ് ജോസഫ് ടി.ടി.ഐ. മുത്തോലി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ അന്തര്‍ദേശീയ മാതൃഭാഷാദിനാചരണസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സുസജ്ജരാകാന്‍ അധ്യാപകവിദ്യാര്‍ത്ഥികളെ അദ്ദേഹം ആഹ്വാനം ചെയ്തു.
പാഠപുസ്തകങ്ങളില്‍ അക്ഷരമാല പുനഃപ്രതിഷ്ഠിക്കുന്നതിനുവേണ്ടി നടത്തിയ അക്ഷരസമരത്തിന്റെ അമരക്കാരന്‍ റവ. ഡോ. തോമസ് മൂലയില്‍ ആധുനിക ദൃശ്യശ്രാവ്യോപാധികളിലൂടെ കുരുന്നുകള്‍ക്ക് അക്ഷരപരിശീലനം നല്‍കുന്നതിനുതകുന്ന പ്രൈമറിതല സമഗ്രസാക്ഷരതാപദ്ധതി അവതരിപ്പിച്ചു.
കോട്ടയം ഡി.ഡി.ഇ. എന്‍. സുജയ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ആന്റോ ജോസ് പടിഞ്ഞാറേക്കര, പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ആലപ്പുഴ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. ജെ.കെ.എസ്. വീട്ടൂര്‍ സെന്റ് തോമസ് റ്റീച്ചര്‍ ട്രെയ്‌നിങ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. റ്റി.സി. തങ്കച്ചന്‍, ഭാഷാമാര്‍ഗനിര്‍ദേശകസമിതിയംഗം ചാക്കോ സി. പൊരിയത്ത്, മുത്തോലി ടി.ടി.ഐ. പ്രിന്‍സിപ്പല്‍ സി. സെലീന സി.എം.സി., പാലാ ടി.ടി.ഐ. പ്രിന്‍സിപ്പല്‍ സിബി പി.ജെ, ഡോ. അലക്‌സ് ജോര്‍ജ് കാവുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.