•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

തകരുന്ന മാനസികാരോഗ്യവും ഉലയുന്ന സമൂഹവും

കേരളസമൂഹത്തിന്റെ മാനസികാരോഗ്യം തകരുകയാണോ? അതേയെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് അനുദിനമെന്നോണം അരങ്ങേറുന്നത്. പെരുകുന്ന കൂട്ട ആത്മഹത്യകളും കൊലപാതകങ്ങളും അക്രമപരമ്പരകളും മദ്യ-മയക്കുമരുന്നുവ്യാപാരങ്ങളും കുടുംബത്തകര്‍ച്ചകളുമെല്ലാം അതിന്റെ ദൃഷ്ടാന്തങ്ങളാണ്. സാമ്പത്തികഞെരുക്കത്തിലും വ്യക്തിപരമായ തകര്‍ച്ചകളിലും പ്രേമനൈരാശ്യത്തിലുംപെട്ട് എത്രയോ മനുഷ്യാത്മാക്കളാണു ദിനംപ്രതി മരണത്തെ പുല്കുന്നത്. കുടുംബത്തിന്റെ തണലും സമൂഹത്തിന്റെ കരുതലും നഷ്ടമായെന്ന തോന്നല്‍ ഉണ്ടാകുന്നതോടെ പലരും വീണുപോകുന്നു.
കുടുംബത്തോടെയുള്ള ആത്മഹത്യ വലിയൊരു ദുഷ്പ്രവണതയായി ഇന്നു മാറിയിരിക്കുന്നു. ഭാവി അനിശ്ചിതത്വത്തിലാണെന്നും തങ്ങള്‍ക്കാരുമില്ലെന്നുമുള്ള തോന്നലില്‍ ജീവനൊടുക്കി പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നതു സമൂഹത്തിന്റെ പരാജയമാണ്.
സമൂഹത്തിന്റെ മാനസികാരോഗ്യത്തകര്‍ച്ച ആത്മഹത്യയിലേക്കു മാത്രമല്ല, കൊലപാതകം, മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളിലേക്കും കൊണ്ടുചെന്നെത്തിക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ കേരളത്തിന്റെ സാമൂഹികഘടനയിലും ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങള്‍, കുടുംബബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും ശൈഥില്യത്തിനു കാരണമായിട്ടുണ്ട്. മാതാപിതാക്കളും ഒന്നോ രണ്ടോ മക്കളും എന്ന പരിമിതവട്ടത്തിലേക്കു കുടുംബസങ്കല്പം ഒതുങ്ങിയതോടെ വ്യക്തികളുടെ സ്വകാര്യത വിശാലമായെങ്കിലും, അവരുടെ മാനസികവ്യഥകള്‍ തുറന്നുപറയാനും പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനുമുള്ള സൗകര്യങ്ങള്‍ കുറയുകയാണുണ്ടായത്. കുടുംബങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പം കുറഞ്ഞതോടെ ആശയവിനിമയത്തിലും പരിമിതികള്‍ സംഭവിച്ചു. അതു വ്യക്തികളുടെ മാനസികസമ്മര്‍ദം കൂട്ടി. അതുപോലെ, സമൂഹമാധ്യമങ്ങളുടെ കടന്നുകയറ്റവും കുടുംബങ്ങളുടെയും വ്യക്തികളുടെയും തകര്‍ച്ചയ്ക്കു കാരണമാകുന്നുണ്ട്. എത്രയോ പേരാണ് സമൂഹമാധ്യമങ്ങളുടെ തേജോവധത്തില്‍ മാരകമായി മുറിവേറ്റു ശരശയ്യയില്‍ കിടക്കുന്നത്! ജീവിതത്തില്‍ ഒറ്റപ്പെട്ടു കഴിയുന്ന പലരും തങ്ങളുടെ ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും പോംവഴിയായി ആത്മഹത്യ തിരഞ്ഞെടുക്കുന്നു. മനുഷ്യനന്മയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത് ഉത്കണ്ഠയോടെയേ കാണാനാവൂ. ഇവിടെ അശരണര്‍ക്കു കൈത്താങ്ങു നല്‍കി ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്.
ഉയര്‍ന്ന സാക്ഷരതയിലും പരീക്ഷകളിലെ കൂടിയ വിജയശതമാനക്കണക്കുകളിലും അഭിമാനിക്കുന്നവരുടെ നാടാണു കേരളം. നേടിയെടുത്ത വിദ്യാഭ്യാസമികവ് വ്യക്തികളുടെ ജീവിതവിജയത്തിനും സ്വഭാവരൂപവത്കരണത്തിനും മാനസികാരോഗ്യപാലനത്തിനും ഉതകുന്നില്ലെങ്കില്‍ എവിടെയോ സാരമായ തകരാറില്ലേ? പുരോഗമനാട്യങ്ങളുടെയും പരിഷ്‌കാരപുറംപൂച്ചകളുടെയും ഉള്ളില്‍ അസ്തിത്വദുഃഖവുമായി വെന്തുനീറിക്കഴിയുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇതൊരു സാമൂഹികവിപത്താണെന്ന സത്യം കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകുന്നതു വലിയ അപകടം വരുത്തി വയ്ക്കും. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വളര്‍ന്ന കേരളസമൂഹം പിന്നോട്ടു പോകാന്‍ പാടില്ല.
കേരളത്തിലടക്കം രാജ്യത്താകമാനം കൗമാരക്കാര്‍ക്കിടയില്‍ അക്രമവാസനകള്‍ പെരുകുകയാണ്. പ്രണയിക്കുന്ന പെണ്ണിനെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖത്ത് ആസിഡ് ഒഴിക്കുന്നവരുടെയും നഷ്ടപ്രണയത്തില്‍ ഇരകളായി കഴുത്തറുക്കുന്നവരുടെയും ദാരുണമായ കൊലപാതകം നടത്തി ക്യാമറക്കണ്ണുകള്‍ക്കുമുമ്പില്‍ കൊലച്ചിരി നടത്തുന്നവരുടെയും എണ്ണം വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു.
ഈ സ്ഥിതി മാറിയേ തീരൂ. സമൂഹത്തിന്റെ എല്ലാത്തലങ്ങളിലും മൂല്യച്യുതി നേരിടുമ്പോള്‍ ഓരോ വ്യക്തിയുടെയും ആരോഗ്യകരമായ നിലനില്പിനു കരുതലിന്റെ കരങ്ങള്‍ നീണ്ടു ചെന്നെത്തണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)