ലയണ്‍സ് ക്ലബിലും റോട്ടറിക്ലബിലും പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരാരും സ്വയം ജീവിതം മുഴുവന്‍ ആ സംഘടനയ്ക്കായി കൊടുത്തവരല്ല. കുറച്ചുകാലങ്ങള്‍ അതിനായി മാറ്റിവയ്ക്കുന്നു. എന്നാല്‍, ക്രിസ്ത്യാനിയായിരിക്കുക എന്നു പറഞ്ഞാല്‍ കുറച്ചുകാലങ്ങള്‍ കര്‍ത്താവിനും സഭയ്ക്കുമായി മാറ്റിവയ്ക്കുകയെന്നല്ല; പിന്നെയോ, ജീവിതാന്ത്യംവരെ, ക്രിസ്തുവിനായി നിലകൊള്ളുക എന്നതാണ്. കര്‍ത്താവിന്റെ കൈകളിലേക്കു തന്നെത്തന്നെ ഏല്പിച്ചുകൊടുക്കുക എന്നാണ് അര്‍ത്ഥം. ഒരു നേഴ്‌സിനു രോഗിയെ സ്‌നേഹിക്കാതെ ശുശ്രൂഷിക്കാം. ഒരു വക്കീലിനു കക്ഷിയെ സ്‌നേഹിക്കാതെ അവനായി വാദിക്കാം. എന്നാല്‍, ഒരു ശിഷ്യനു കര്‍ത്താവിനെ സ്‌നേഹിക്കാതെ അവന്റെ സാക്ഷിയാകാനാവില്ല. ശാസ്ത്രശാഖയ്ക്കും, രാഷ്ട്രീയപ്രസ്ഥാനത്തിനുമായി ജീവിതം മാറ്റിവയ്ക്കുന്നവരുണ്ട്. അതിനെക്കാളെല്ലാം ആഴമുള്ളതാണ് ക്രിസ്തുവിലുള്ള വിശ്വാസവും ജീവിതവും. 'ക്രിസ്തുവിലായിരിക്കുക' എന്ന ജീവിതത്തില്‍ നാം പാലിക്കേണ്ട ചില ക്രമങ്ങളുണ്ട്.
ഒന്നാമതായി, മാതൃകയുടെ ജീവിതമാണ് നാം നയിക്കേണ്ടത്. 'എന്നെ കാണുന്നവന്‍ എന്റെ പിതാവിനെ കാണുന്നു' എന്ന് യേശു പറഞ്ഞു. നമ്മെ കാണുന്നവന്‍ കര്‍ത്താവിനെ കാണണം. കര്‍ത്താവിന്റെ കാരുണ്യവും സ്‌നേഹവും ലോകം നമ്മില്‍നിന്ന് അനുഭവിക്കണം. സഹനത്തിലും, തകര്‍ച്ചകളിലുമെല്ലാം നഷ്ടധൈര്യരാകാതെ നാം നിലകൊള്ളുമ്പോള്‍ അതു മാതൃകയുടെ ജീവിതമായിത്തീരും. സംസാരത്തിലും പെരുമാറ്റത്തിലും ബന്ധങ്ങളിലുമെല്ലാം മാതൃകാവ്യക്തിത്വങ്ങളാകുവാന്‍ നാം ശ്രമിക്കണം. മാതൃകാകൊടിത്തോട്ടത്തില്‍ ഒരു ചരടുപോലുമില്ലാത്ത കൊടി കാണാം. മാതൃകാതെങ്ങിന്‍തോട്ടത്തില്‍ ഒരു തേങ്ങാപോലുമില്ലാത്ത തെങ്ങു കാണാം. മാതൃകാപോലീസ് സ്റ്റേഷനില്‍ മേശപ്പുറത്തു തലവച്ചുറങ്ങുന്ന പോലീസുകാരനെ കാണാം. ഇപ്രകാരമായിരിക്കരുത് മാതൃകാക്രിസ്ത്യാനി.
രണ്ടാമതായി, സമര്‍പ്പണത്തിന്റെ മനസ്സു സൂക്ഷിക്കുന്നവരായിരിക്കണം നമ്മള്‍. സമര്‍പ്പിച്ച വ്യക്തിയില്‍ എന്തു സംഭവിക്കണമെന്നു സമര്‍പ്പണം സ്വീകരിച്ചവന്‍ തീരുമാനിക്കും. ജീവിതം ഒരു ഊട്ടുമേശയാണ്. കലവറക്കാരനായ ദൈവം വിവിധ വിഭവങ്ങള്‍ നമുക്കായി വിളമ്പും. ലഭിക്കുന്ന വിഭവങ്ങള്‍ പരാതി കൂടാതെ സ്വീകരിക്കുക. എന്നെ വിളിച്ചവന്‍ വിശ്വസ്തനാണ്. എന്റെ തലയിലെ ഓരോ മുടിനാരും എണ്ണിത്തിട്ടപ്പെടുത്തുന്നവനാണ് ദൈവം. ഈ ചിന്ത സമര്‍പ്പണത്തിന് ആഴം കൂട്ടും.
വിശുദ്ധിയാണു മറ്റൊരു പ്രധാന ഘടകം. ആദ്യകാലക്രൈസ്തവരെല്ലാം വിശുദ്ധരായിരുന്നു. പൗലോസിന്റെ ലേഖനങ്ങളിലുടനീളം 'വിശുദ്ധരേ,' എന്നാണു സഭാംഗങ്ങളെ അഭിസംബോധന ചെയ്യുന്നത്. സാധാരണക്കാരായ തൊഴിലാളികളെയും, മറ്റു ജീവിതാന്തസ്സുകളിലായിരിക്കുന്നവരെയുമെല്ലാം 'വിശുദ്ധരേ' എന്നു വിളിക്കുന്നു. നല്കപ്പെട്ട സമയത്തിനുള്ളില്‍ ഏല്പിക്കപ്പെട്ടവയെല്ലാം വിശ്വസ്തതയോടെ ചെയ്തുതീര്‍ക്കുന്നവരാണു വിശുദ്ധര്‍. അശുദ്ധമായ ബന്ധങ്ങളെയും തിന്മ നിറഞ്ഞ സംഭാഷണങ്ങളെയുമെല്ലാം അകറ്റിനിര്‍ത്തിയവരാണു വിശുദ്ധര്‍. പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കാന്‍ അവര്‍ നിരന്തരം യത്‌നിച്ചു. ആസക്തികളാല്‍ കലുഷിതമായ പഴയ മനുഷ്യന്റെ തൊലി ഉരിഞ്ഞുമാറ്റിയപ്പോള്‍ അവര്‍ വേദന അനുഭവിച്ചു. ആ വേദന പുതിയ മനുഷ്യന്റെ പിറവിക്കായുള്ള പ്രസവവേദനയായി അവര്‍ തിരിച്ചറിഞ്ഞു. വിശുദ്ധിയിലേക്കു പ്രയാണം ചെയ്യുമ്പോള്‍ ഇങ്ങനെയുള്ള വേദനകളെ സുസ്‌മേരവദനരായി നമുക്കു നേരിടാം.
നാലാമതായി, പരിഹാരത്തിന്റെ ഒരു ജീവിതമാണ് നമുക്കു വേണ്ടത്. 'പകരം സഹനം' എന്ന ചിന്ത ഏശയ്യാപ്രവാചകന്റെ കാലംമുതല്‍ നമ്മള്‍ കാണുന്നുണ്ട്. 'അവന്‍ ചുമന്നത് നമ്മുടെ പാപങ്ങളാണെന്ന്' ഏശയ്യാ പറയുന്നു. ലോകത്തിന്റെ വിശുദ്ധീകരണത്തിനായി നമ്മള്‍ പരിഹാരം ചെയ്യണം. അപ്പന്‍ മകനെ അടിക്കുമ്പോള്‍ അമ്മ മുമ്പില്‍ കയറിനിന്ന് അടി കൊള്ളുന്നു. വടിയില്‍നിന്നു മകനെ രക്ഷിക്കുന്നത് അമ്മയുടെ ഇടപെടലാണ്. നമ്മള്‍ ചെയ്യുന്ന പ്രായശ്ചിത്തങ്ങളും നോക്കുന്ന നോമ്പുമെല്ലാം പരിഹാരത്തിന്റെ ഭാഗങ്ങളാണ്. കുട്ടി പരീക്ഷ എഴുതുമ്പോള്‍ മണലില്‍ മുട്ടുകുത്തി കൈകള്‍ വിരിച്ച് കൊന്ത ചൊല്ലുന്ന അമ്മ ഒരു പ്രതീകമല്ലേ?
യേശുവിന്റെ അനുയായികള്‍ ഗുരുക്കന്മാരല്ല, ശിഷ്യരാണ്. നമ്മുടെ വിളിയെ ഉറപ്പിക്കുക. ഉറപ്പിച്ചില്ലെങ്കില്‍ വീണുപോകും. അയയ്ക്കാനായി വിളിക്കപ്പെട്ടവരാണു നാം. ഒരു പുതിയ സൃഷ്ടിയായി ക്രിസ്തുവില്‍ ജീവിക്കാന്‍ പരിശ്രമിക്കാം. ഖേദിപ്പിക്കുന്ന ഭൂതകാലാനുഭവങ്ങളില്‍നിന്നു പാഠം പഠിക്കണം. അകലെയുള്ള പ്രകാശത്തിലേക്കു ചുവടുകള്‍ വച്ച് നിര്‍ഭയം മുന്നേറാം. പഴയ ആകാശവും പഴയ ഭൂമിയും കടന്നുപോയി. കര്‍ത്താവ് ഒരുക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും നമ്മെ കാത്തിരിക്കുന്നു. ഒരു പുതിയ സൃഷ്ടിയായി കര്‍ത്താവില്‍ നമുക്കു വ്യാപരിക്കാം. പുതുതായി തുടങ്ങുന്ന ജീവിതം തുടരാനുള്ള കൃപ ലഭിക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.