•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആന്തരികകൂടാരത്തിലെ വിധിത്തീര്‍പ്പുകള്‍

കര്‍ദിനാള്‍ റോബര്‍ട്ട് സറായുടെ ''എന്നന്നേക്കും'' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള അവലോകനം

III

.ഡി. 590 മുതല്‍ 604 വരെ മാര്‍പാപ്പാ ആയിരുന്ന വി. ഗ്രിഗറി പാഷണ്ഡതകള്‍ക്കെതിരേ പടപൊരുതിയ മഹാനായ പാപ്പായാണ്. ഇംഗ്ലണ്ടിലേക്ക് താന്‍ അംഗമായിരുന്ന ബനഡിക്‌ടൈന്‍ സഭയില്‍നിന്നു സന്ന്യാസിമാരെ പ്രേഷിതപ്രവര്‍ത്തനത്തിനു നിയോഗിച്ചത് ഈ മാര്‍പാപ്പായാണ്. അദ്ദേഹത്തിന്റെ Pastoral Rule എന്ന ഗ്രന്ഥത്തില്‍നിന്ന് കര്‍ദിനാള്‍ സറാ ദീര്‍ഘമായി ഉദ്ധരിക്കുന്നുണ്ട് (പേജ് 52-57).
വിശുദ്ധ ഗ്രിഗറി പറയുന്നു: ''ബൗദ്ധികമായി കുറെ കാര്യങ്ങള്‍ പഠിച്ചതുകൊണ്ടു മാത്രം ഒരാള്‍ക്ക് നല്ല അജപാലകനാകാന്‍ സാധിക്കുകയില്ല. പ്രഘോഷിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നവര്‍ക്കു മാത്രമേ നല്ല അജപാലകരാകാന്‍ സാധിക്കുകയുള്ളൂ.''
മോശം ഇടയന്മാരെക്കുറിച്ച് ഹോസിയാ പ്രവാചകന്‍ പറഞ്ഞു: ''പുരോഹിതന്മാരേ, നിങ്ങള്‍ ജനത്തിനു കെണിവയ്ക്കുകയും വീഴ്ത്താന്‍ വല വിരിക്കുകയും ചെയ്യുന്നു (5:1).
വിശുദ്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ഉതപ്പിനു കാരണമാകരുത്. അവരെ തിരികല്ലുകെട്ടി കടലില്‍ താഴ്ത്തുകയാണ് മെച്ചം എന്ന് കര്‍ത്താവ് അരുള്‍ ചെയ്തിരിക്കുന്ന കാര്യം വി. ഗ്രിഗറി ഓര്‍മിപ്പിക്കുന്നു. മറ്റുള്ളവരെ വഴിതെറ്റിക്കുന്നത് എത്ര ഗൗരവമേറിയ പാപമാണെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമാക്കുന്നു.
പുരോഹിതന്മാര്‍ കീര്‍ത്തി തേടിപ്പോകരുത്. ജനം രാജാവാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈശോ ഒളിവില്‍പ്പോയി. എന്നാല്‍, അവിടുന്ന് കുരിശുമരണത്തിനു സ്വമനസ്സാ ഏല്പിച്ചുകൊടുത്തു.
തുടര്‍ന്ന്, വി. ഗ്രിഗറി മാര്‍പാപ്പാ പുരോഹിതരോടായി പറയുന്നു: ''അഹങ്കാരം ഹൃദയത്തെ മലിനമാക്കുന്നു. സഹനവും വേദനയും ഹൃദയത്തെ വിമലീകരിക്കുന്നു. സമ്പല്‍സമൃദ്ധിയില്‍ അജപാലകന്റെ ആത്മാവ് താഴേക്കു നിപതിക്കുകയും ദുരിതങ്ങളില്‍ അത് ഉന്നതത്തിലേക്ക് ഉയരുകയും ചെയ്യുന്നു.'' അദ്ദേഹം എഴുതുന്നു: ''പരാജയത്തിന്റെ പാഠശാലയില്‍ ഹൃദയം നീതിബോധം അഭ്യസിക്കുന്നു. വലിയ അധികാരം പേറുന്നവര്‍ അഹങ്കാരത്തിനു വിധേയരാകാനുള്ള അപകടസാധ്യത ഏറെ വലുതാണ്.''
പുരോഹിതനു തന്റെ സൂക്ഷത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തിലെ ഓരോ അംഗത്തോടും സഹാനുഭൂതി ഉണ്ടായിരിക്കണം. സ്വര്‍ഗീയ യാഥാര്‍ത്ഥ്യങ്ങളുടെ തീക്ഷ്ണതയാല്‍ ജ്വലിച്ച്  എല്ലാവരോടും കരുണയോടെ വര്‍ത്തിക്കാനുള്ള കഴിവ് ധ്യാനവും പ്രാര്‍ത്ഥനയുംവഴി പുരോഹിതന്‍ ആര്‍ജിക്കണം. അവന്‍ കര്‍ത്താവിന്റെ കൂടാരത്തില്‍ ദൈവികരഹസ്യങ്ങളുടെ ധ്യാനാത്മകചിന്തയില്‍ മുഴുകുന്നു, കൂടാരത്തിനു വെളിയില്‍ മനുഷ്യരുടെ ദുരിതങ്ങള്‍ വഹിക്കുന്നു എന്നാണ് പുരോഹിതനെപ്പറ്റി വി. ഗ്രിഗറി പ്രസ്താവിക്കുന്നത്.
പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുമുമ്പ് സമാഗമകൂടാരത്തില്‍ പ്രവേശിച്ച് വാഗ്ദാനപേടകത്തിനു മുമ്പില്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്ന മോശയാണ് പുരോഹിതനു മാതൃക. വി. ഗ്രിഗറി പുരോഹിതരോട് അവരുടെ ആന്തരികകൂടാരത്തില്‍ പ്രവേശിച്ചു തങ്ങളുടെ തിരുവെഴുത്തുകളുടെ സഹായത്തോടെ വേണം തീരുമാനങ്ങള്‍ എടുക്കുവാനെന്ന് ആവശ്യപ്പെടുന്നു.
അസാധാരണമായി ഒന്നും പ്രസ്താവിക്കുന്നില്ലെന്നു പ്രഥമദൃഷ്ട്യാ തോന്നാവുന്ന ഈ ചിന്തകള്‍ യഥാര്‍ത്ഥത്തില്‍ കാപട്യത്തിന് ഒരു മറുമരുന്നാണെന്നാണ് കര്‍ദിനാള്‍ സറാ, ആദ്യമേ നിരീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റു നിരീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
പുരോഹിതന്‍ മിശിഹായെ കൂദാശാപരമായി സന്നിഹിതനാക്കുന്നു. അവന്റെ ജീവിതത്തിന്റെ കാതല്‍ അനുദിനം മിശിഹായോടു താദാത്മ്യപ്പെടുക എന്നതാണ്. ''എന്തുകൊണ്ടെന്നാല്‍, ഈശോയുടെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവന്റെ മരണം ഞങ്ങളുടെ ശരീരത്തില്‍ ഞങ്ങള്‍ സദാ സംവഹിക്കുന്നു.'' (2 കൊറി. 4:10). മിശിഹായുടെ ജീവിതം നിഷ്‌കളങ്കവും വിശുദ്ധവും നിര്‍മലവും ലളിതവുമായ ജീവിതം നയിക്കാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.
വി. ജോണ്‍പോള്‍ രണ്ടാമന്‍ ആര്‍സിലെ വികാരി വി. ജോണ്‍ മരിയ വിയാനിയെയാണ് ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷകരുടെ  മാതൃകയായി അവതരിപ്പിക്കുന്നത്.
പുരോഹിതന്‍ ഈ ആന്തരിക അസ്തിത്വത്തില്‍നിന്ന് വിഭിന്നമായ ഒരു ജീവിതം സ്വകാര്യജീവിതം എന്ന പേരില്‍ നയിക്കാന്‍ ഇടയാകരുത്. അങ്ങനെ സംഭവിച്ചാല്‍ അതു കാപട്യമായിരിക്കും - ഇതാണ് വിശുദ്ധ ഗ്രിഗറി പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. വിശുദ്ധി പൗരോഹിത്യത്തിന്റെ അനിവാര്യതയാണ്. അത് അജപാലകനും അജഗണത്തിനും നിത്യരക്ഷയിലേക്കുള്ള പാതയാണ്. അജപാലകന്റെ തിന്മപ്രവൃത്തികള്‍ അവനെ മാത്രമല്ല അവന്‍ നയിക്കുന്ന അജഗണത്തെയും മാരകമായി ബാധിക്കുന്നു.
പുരോഹിതന്റെ ജീവിതം മുഴുവനും ബലിയര്‍പ്പണത്തിനും അജപാലനശുശ്രൂഷയ്ക്കും പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. വി. പൗലോസ് ശ്ലീഹ ചെറുപ്പക്കാരനായ തിമോത്തിയോസിനു നല്കുന്ന ഉപദേശം വളരെ പ്രസക്തമാണ്. ''പ്രവചനത്താലും പുരോഹിതരുടെ കൈവയ്പ്പാലും നിനക്കു നല്കപ്പെട്ടിരിക്കുന്ന കൃപാവരം നീ നിസ്സാരമാക്കരുത്. അതില്‍ നീ  അഭിവൃദ്ധി പ്രാപിക്കുന്നെന്ന് എല്ലാ മനുഷ്യരും അറിയാന്‍ തക്കവിധം നീ അവയെക്കുറിച്ചു ധ്യാനിക്കുകയും അവയ്ക്ക് അര്‍പ്പിതനായിരിക്കുകയും ചെയ്യുക.'' (1 തിമോ. 4:14-15). ദൈവം സൃഷ്ടിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ലോകത്തെക്കുറിച്ചും (യോഹ. 3:16) സാത്താന്റെ പിടിയിലമര്‍ന്ന് ദൈവത്തെ തിരസ്‌കരിക്കുന്ന മറ്റൊരു ലോകത്തെക്കുറിച്ചും (1 യോഹ. 2:15) വിശുദ്ധ യോഹന്നാന്‍ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ രണ്ടാമതു പറയുന്ന ലോകത്തിന്റെ പ്രത്യയശാസ്ത്രങ്ങളും കാഴ്ചപ്പാടുകളും പുരോഹിതനെ സ്വാധീനിക്കാന്‍ ഇടയാകരുതെന്ന് പ്രസ്താവിക്കുന്ന കര്‍ദിനാള്‍ സറാ ടി.എസ്. എലിയറ്റ് എന്ന ഇംഗ്ലീഷ് കവിയെ ഉദ്ധരിക്കുന്നുണ്ട്.
''പലായനം ചെയ്യുന്നവരുടെ കൂട്ടത്തില്‍നിന്നു വിപരീതദിശയില്‍ ഒരാള്‍ പോയാല്‍ അവനാണ് ഒളിച്ചോടുന്നതെന്നു തോന്നും.''
പ്രായഭേദമെന്യേ എല്ലാ വൈദികരും ലോകത്തിന്റേതായ കുത്തൊഴുക്കിന് എതിരേ നീന്തുന്നവരാകണം. വിപരീതദിശയില്‍ സഞ്ചരിക്കുവാന്‍ ധൈര്യം ഉള്ളവരാകണം. ക്രൈസ്തവന് എതിര്‍ദിശ ഒരിടമല്ല, അത് കര്‍ത്താവായ മിശിഹാതന്നെയാണ്. കുരിശും എടുത്തുകൊണ്ട് അവിടുത്തെ അനുഗമിക്കണം. അവിടെ തോല്‍വിയും ലോകത്തിന്റെ നിന്ദയും എല്ലാം സഹിക്കേണ്ടി വരും.
ജനപ്രീതി ലാക്കാക്കി പുരോഹിതന്‍ പ്രവര്‍ത്തിക്കരുത്. പൊതുജനത്തിന്റെ അംഗീകാരമല്ല സത്യം പ്രഘോഷിക്കുകയാണു പ്രധാനമായത്. സ്‌നേഹിക്കപ്പെടാനല്ല സ്‌നേഹിക്കാനാണ് അവന്‍ ശ്രദ്ധിക്കേണ്ടത്.
വി. ഗ്രിഗറി മാര്‍പാപ്പായുടെ ചിന്തകളെ അടിസ്ഥാനമാക്കി രണ്ടു കാര്യങ്ങള്‍ക്കൂടി കര്‍ദിനാള്‍ സറാ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒന്ന്, പുരോഹിതനു ദുരിതങ്ങള്‍ അനുഭവിക്കുന്നവരോട് അലിവു തോന്നുന്ന ഒരു ഹൃദയം ഉണ്ടായിരിക്കണം. അവര്‍ക്ക് ദൈവസ്‌നേഹം പകര്‍ന്നുകൊടുക്കാന്‍ അവനു കഴിയണം.
രണ്ടാമതായി, പ്രാര്‍ത്ഥനയും പ്രവൃത്തിയും രണ്ടായി കാണാതെ പ്രാര്‍ത്ഥനയോടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്ന നിര്‍ദേശമാണ്. ഉദാത്തമായ ഈ ചിന്തകള്‍ പങ്കുവയ്ക്കുന്ന കര്‍ദിനാള്‍ സറായോട് കൃതജ്ഞത യുള്ളവരാകാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)