കോളജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഏറ്റവും ആസ്വദിച്ചിരുന്നത് ലിറ്ററേച്ചര്‍ ക്ലാസുകളായിരുന്നു. ഷേക്‌സ്പിയറും ഷെല്ലിയും കീറ്റ്‌സും കാളിദാസനും ചങ്ങമ്പുഴയും കുഞ്ചന്‍നമ്പ്യാരും തകഴിയുമൊക്കെ ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു. കൊറോണക്കാലത്ത് ഏകാന്തതയ്ക്കു പരിഹാരം കണ്ടെത്തിയത് ഈ നല്ല ഓര്‍മകളിലായിരുന്നു. സാഹിത്യകൃതികള്‍ പലതും അയവിറക്കിയപ്പോള്‍, എക്കാലത്തും പ്രസക്തമായ ഒരു കൃതി, ലിയോ ടോള്‍സ്റ്റോയിയുടെ 'ണവമ ോലി ഹശ്‌ല യ്യ'എന്ന ചെറുകഥ മനസ്സിലേക്കു വന്നു. മനുഷ്യന്‍ എന്തുകൊണ്ടു ജീവിക്കുന്നു, അവന്റെ ജീവിതലക്ഷ്യം എന്താണ് എന്നു പ്രതിപാദിക്കുന്ന ഈ കഥയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഒരു മാലാഖയും ഒരു ചെരുപ്പുകുത്തിയും.
ഒരു സ്ത്രീയുടെ ആത്മാവിനെ പരലോകത്തേക്കു കൊണ്ടുവരാന്‍ നിയോഗിക്കപ്പെട്ടിരുന്ന മാലാഖ, ആ സ്ത്രീയുടെ അടുത്തെത്തിയപ്പോള്‍ ആകെ വിഷണ്ണനായി. രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കിയിട്ട് ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം കഴിഞ്ഞ ആ സ്ത്രീ മാലാഖയോടു തന്റെ ജീവനുവേണ്ടി കേണപേക്ഷിച്ചു. അച്ഛന്‍ രണ്ടുനാള്‍മുമ്പ് മരിച്ചുപോയ ഈ കുഞ്ഞുങ്ങള്‍ക്ക് ആരുണ്ട്? ആ അമ്മയുടെ ആത്മാവിനെ പറിച്ചെടുക്കാതെ ദൈവത്തിന്റെ അടുത്തെത്തിയ മാലാഖയെ ദൈവം ശിക്ഷിച്ചു. ഉടന്‍തന്നെ തന്റെ ആജ്ഞ അനുസരിക്കണമെന്നും മനുഷ്യന്‍ എന്തുകൊണ്ട് ഭൂമിയില്‍ ജീവിക്കുന്നു എന്നു പഠിച്ചുവരാന്‍ ഭൂമിയില്‍ കുറച്ചുകാലം ജീവിക്കണമെന്നും നിര്‍ദേശിച്ചു. മാലാഖ തിരിച്ചുവന്ന്, ആ സ്ത്രീയുടെ ആത്മാവിനെ ശരീരത്തില്‍നിന്നു വേര്‍പെടുത്തി സ്വര്‍ഗത്തിലേക്കു പറന്നു. എന്നാല്‍, മുകളിലെത്തുംമുമ്പ് ആരോ ഉന്തിയിട്ടതുപോലെ മാലാഖ ഭൂമിയിലേക്കു പതിക്കുകയും ആത്മാവ് തനിയെ പറന്നുയരുകയും ചെയ്തു.
റഷ്യയിലെ ഒരു ഗ്രാമത്തിലെ കപ്പേളയ്ക്കു മുന്നിലാണ് മനുഷ്യരൂപം പ്രാപിച്ച മാലാഖ വന്നു വീണത്. മഞ്ഞുപെയ്യുന്ന ആ സന്ധ്യയില്‍ ഒരു പുതപ്പുവാങ്ങാനാണ് ആകെയുള്ള ഒരു കോട്ടുമിട്ട് ഒരു ചെരുപ്പുകുത്തി ആ വഴി വന്നത്. പുതപ്പിനു പണം തികയാഞ്ഞിട്ട് തിരികെ വരുംവഴി ഉള്ളകാശിന് കള്ളുംകുടിച്ചു കപ്പേളയുടെ സമീപത്തുകൂടി നടക്കുമ്പോഴാണ്, നഗ്നനായ ആ യുവാവിനെ ചെരുപ്പുകുത്തി കണ്ടത്. തനിക്കെന്തു കാര്യം എന്നോര്‍ത്ത് യുവാവിനെ ഗൗനിക്കാതെ കുറച്ചു മുമ്പോട്ടു നടന്നെങ്കിലും ആ മനുഷ്യരൂപം ചെരുപ്പുകുത്തിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുകയും ഏതോ ശക്തി അയാളെ പിന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ദയ തോന്നിയ ചെരുപ്പുകുത്തി താന്‍ ധരിച്ചിരുന്ന കോട്ട് തണുത്തു വിറങ്ങലിച്ച ആ യുവാവിനു നല്കുകയും അയാളെയും കൂട്ടി വീട്ടിലേക്കു നടക്കുകയും ചെയ്തു.
പുതപ്പു വാങ്ങാന്‍ പോയ ഭര്‍ത്താവ്, ഉള്ള കാശിനു കള്ളും കുടിച്ച് ഒരു അലവലാതിയെയും കൊണ്ട് വീട്ടില്‍ കയറി വന്നപ്പോള്‍ ചെരുപ്പുകുത്തിയുടെ ഭാര്യ അരിശം കൊണ്ടലറി. കൂടെ വന്നവനോടുള്ള ദേഷ്യം കാണിക്കാന്‍ ഉച്ചത്തില്‍ കതകടച്ച് ഉറങ്ങാന്‍ പോയി. എന്നാല്‍, എത്ര ശ്രമിച്ചിട്ടും വിശന്നു വിറങ്ങലിച്ച ആ മനുഷ്യരൂപം അവളില്‍നിന്നു മാഞ്ഞുപോയില്ല. തന്റെ ഉപേക്ഷകൊണ്ട് അയാളെങ്ങാനും മരിച്ചുപോയാലോ? അവള്‍ വാതില്‍തുറന്ന് അടുക്കളയില്‍ ചെന്ന് അടുത്തദിവസത്തെ പ്രാതലിനു കരുതി വച്ചിരുന്ന കുറച്ചു റൊട്ടിയും സൂപ്പും അപരിചിതനു നല്കി. നന്ദിയോടെ അയാള്‍ ആ സ്ത്രീയെ നോക്കി പുഞ്ചിരിച്ചു.
പിറ്റേന്നു പോകാന്‍ തയ്യാറാകാതെനിന്ന യുവാവിനെ തന്റെ കൂടെ നിര്‍ത്തി ചെരുപ്പുതുന്നല്‍ പഠിപ്പിക്കാമെന്നു ചെരുപ്പുകുത്തി കരുതി. വളരെ സന്തോഷത്തോടെ യുവാവ് ചെരുപ്പുതുന്നാന്‍ പഠിക്കുകയും ദിവസങ്ങള്‍ക്കകം വളരെ മനോഹമായ ചെരുപ്പുകള്‍ നിര്‍മിക്കാന്‍ തുടങ്ങുകയും ചെയ്തു. ചെറുപ്പക്കാരന്‍ തുന്നുന്ന ചെരുപ്പുകള്‍ക്കു വളരെ പ്രചാരം സിദ്ധിച്ചു. ദൂരേദേശത്തുനിന്നുപോലും ആളുകള്‍ ചെരുപ്പുകടയിലേക്കു വരാന്‍ തുടങ്ങി.
അങ്ങനെയിരിക്കെയാണ് ഒരുനാള്‍ ആ നാട്ടിലെ പ്രഭു പരിചാരകരോടൊപ്പം കുതിരവണ്ടിയില്‍ കടയുടെ മുമ്പില്‍ വന്നിറങ്ങിയത്. തനിക്കുവേണ്ടി മേല്‍ത്തരം ബൂട്ടുകള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രഭുവിന്റെ വരവ്. പ്രഭുവിനെ കണ്ട വലിയ ചെരുപ്പുകുത്തി അമ്പരന്നു. ചെരിപ്പിഷ്ടപ്പെട്ടില്ലെങ്കില്‍ തല പോയതുതന്നെ. എന്നാല്‍, യുവാവായ ചെരുപ്പുകുത്തി പ്രഭുവിന്റെ പിന്നില്‍ നില്ക്കുന്ന ആരെയോ നോക്കി പുഞ്ചിരിക്കുകയും ചെരുപ്പിനായി പാദങ്ങളുടെ അളവെടുക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രഭുവിനായി നിര്‍മിച്ച ചെരിപ്പുകള്‍ കണ്ടു പ്രഭു അലറി: ബൂട്ടിനു പകരം സാധാരണ ചെരുപ്പുകള്‍! തത്സമയം ഒരു കുതിരവണ്ടി ചെരുപ്പുകടയുടെ മുമ്പില്‍ വരികയും ഞങ്ങളുടെ പ്രഭു മരിച്ചുപോയി, ഇനി ബൂട്ടുവേണ്ട, സാധാരണ ഒരു ചെരിപ്പു മതി എന്നറിയിക്കുകയും ചെയ്തു. വലിയ ചെരുപ്പുകുത്തി അമ്പരന്ന് യുവാവിനെ നോക്കി.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഒരു സ്ത്രീ ആ കടയിലേക്കു വന്നു. കൂടെ ഇരട്ടപ്പെണ്‍കുട്ടികളും ഉണ്ടായിരുന്നു. കുശലം ചോദിക്കുന്നതിനിടയില്‍ ആ സ്ത്രീ പറഞ്ഞു: ഈ പെണ്‍കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിച്ചതല്ല, കുട്ടികളുടെ അമ്മ പ്രസവത്തോടെ മരിച്ചുപോയി, അയലത്തുള്ള ഞാന്‍ എന്റെ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുകയാണ്. ഇവര്‍ക്കു നല്ല ഭംഗിയുള്ള ചെരുപ്പുകള്‍ തുന്നണം. ഇതു കേട്ടപ്പോള്‍ യുവാവ് കുട്ടികളെ നോക്കി പുഞ്ചിരിച്ചു.
ആ സ്ത്രീയും പെണ്‍കുട്ടികളും അവിടെനിന്നു പോയപ്പോള്‍ ചെറുപ്പക്കാരന്‍ ചെരുപ്പുകുത്തിയോടു പറഞ്ഞു: ''ഇനി ഞാന്‍ പോവുകയാണ്, ദൈവം എന്നോടു ക്ഷമിച്ചിരിക്കുന്നു.'' തന്റെ മുന്നില്‍ നില്ക്കുന്ന യുവാവ് ഒരു സാധാരണക്കാരനല്ല എന്നു മനസ്സിലാക്കിയ ചെരുപ്പുകുത്തി ചോദിച്ചു, അങ്ങാരാണ്? നിങ്ങള്‍ എന്റെ വീട്ടില്‍ വന്നതിനുശേഷം മൂന്നുപ്രാവശ്യം മാത്രമാണു ചിരിച്ചത്, അതെന്തുകൊണ്ടാണ്? ചെറുപ്പക്കാരന്‍ താനൊരു മാലാഖയാണെന്നു വെളിപ്പെടുത്തുകയും നടന്നതെല്ലാം വിശദീകരിക്കുകയും ചെയ്തു. മൂന്നുപ്രാവശ്യം ചിരിച്ചതിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു: കപ്പേളയുടെ മുമ്പില്‍ തണുത്തു വിറച്ചുകിടന്ന എന്നെ ദയ തോന്നി നിങ്ങള്‍ വീട്ടിലേക്കു കൊണ്ടുവന്നു. നിങ്ങളുടെ ഭാര്യ ആദ്യം കോപിച്ചെങ്കിലും ദയ തോന്നി എനിക്കു ഭക്ഷണം തന്നു. മനുഷ്യര്‍ ജീവിക്കുന്നതിന്റെ ഒരു കാരണം ദയ ആണെന്ന് ദൈവം എനിക്കു മനസ്സിലാക്കിത്തരികയായിരുന്നു. ആ തിരിച്ചറിവിലാണു ഞാന്‍ ചിരിച്ചത്. ബൂട്ടു നിര്‍മിക്കാന്‍ കടയില്‍ വന്ന പ്രഭുവിന്റെ പിന്നില്‍ മരണദൂതന്‍ നില്ക്കുന്നതുകണ്ടാണ് ഞാന്‍ രണ്ടാമതു ചിരിച്ചത്. ബൂട്ടിന്റെ പ്രൗഢിയെക്കുറിച്ച് പ്രഭു അട്ടഹസിക്കുമ്പോള്‍ മനുഷ്യര്‍ക്കു യഥാര്‍ത്ഥത്തില്‍ വേണ്ടത് എന്താണെന്ന് അവരറിയുന്നില്ലെന്നും, ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടിയാണ് മനുഷ്യര്‍ ബഹളം വയ്ക്കുന്നതെന്നുമുള്ള തിരിച്ചറിവ് എനിക്കുണ്ടായി. ഞാന്‍ മൂന്നാമതു ചിരിച്ചത് ഇരട്ടപ്പെണ്‍കുട്ടികളെ നോക്കിയായിരുന്നു. ആ കുട്ടികളുടെ അമ്മയുടെ ജീവനെടുക്കാനാണ് ഞാന്‍ ഈ ഭൂമിയിലേക്കു വന്നത്. അവരുടെ അമ്മ മരണപ്പെട്ടെങ്കിലും അയലത്തുള്ള ഒരു സ്ത്രീ അവര്‍ക്ക് അമ്മയായി. സ്‌നേഹവും വാത്സല്യവും കനിഞ്ഞു നല്കി. ഒരാള്‍ മരിച്ചു എന്നു കരുതി ലോകം അവസാനിക്കുന്നില്ലെന്നും ആത്യന്തികമായി സ്‌നേഹമാണ് ഈ ഭൂമിയെ മുമ്പോട്ടുനയിക്കുന്നതെന്നും ഞാന്‍ മനസ്സിലാക്കി. ഇത്രയും പറഞ്ഞശേഷം മാലാഖ സ്വന്തം രൂപമെടത്തു സ്വര്‍ഗത്തിലേക്കു മടങ്ങിപ്പോയി.
ടോള്‍സ്റ്റോയിയുടെ പ്രസിദ്ധമായ ഈ കഥ നമ്മെ പലതും ഓര്‍മിപ്പിക്കുന്നുണ്ട്. ഇന്നു നാം ജീവിക്കുന്നത് മൂല്യച്യുതിയുടെ ഒരു ദൂഷിതവലയത്തിലാണ്. ഒരിക്കലും തുറക്കരുത് എന്നു പറഞ്ഞേല്പിച്ച പെട്ടി പാന്‍ഡോറ എന്ന സുന്ദരി തുറന്നപ്പോള്‍ പുറത്തുചാടിയത്, രോഗങ്ങളും പീഡകളും വേദനയും അക്രമവും അസമത്വവും ദുഷിച്ച രാഷ്ട്രീയവും ജീര്‍ണിച്ച സംസ്‌കാരവും പെഗാസസും പാന്‍ഡോറ പേപ്പറും കള്ളക്കടത്തും കരിഞ്ചന്തയും ഉദ്യോഗസ്ഥമേധാവിത്വവും ക്വട്ടേഷന്‍ പീഡനവും മദ്യവും മയക്കുമരുന്നും വികലമായ വിദ്യാര്‍ത്ഥിരാഷ്ട്രീയവും ഒക്കെയാണ്. എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം എന്നു ശഠിക്കുന്ന സംഘടിതശക്തികള്‍, ചരിത്രംപോലും മാറ്റിയെഴുതുന്ന, മൂല്യങ്ങള്‍ക്കു വികലമായ അര്‍ത്ഥങ്ങള്‍ കൊടുക്കുന്ന നേതൃത്വം, തങ്ങളെ ആരും നിയന്ത്രിക്കേണ്ട എന്ന ഗര്‍വോടെ തുടച്ചു നീക്കപ്പെടുന്ന നീതിപീഠങ്ങള്‍, കള്ളക്കടത്തിനും കരിഞ്ചന്തയ്ക്കും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥമേലാളന്മാര്‍, ഇതൊക്കെ ക്കാണുമ്പോള്‍ നമുക്കും ചോദിക്കാന്‍ തോന്നും അശ്വത്ഥാമാവ് വെറും ഒരു ആനയാണോ? നീതിപീഠങ്ങള്‍ കുരയ്ക്കുന്ന പട്ടി മാത്രമാണോ? മതസ്വാതന്ത്ര്യവും വിദ്യാഭ്യാസസ്വാതന്ത്ര്യവുമൊക്കെ അന്യം നില്ക്കുകയാണോ? കൊതിതീരുംവരെ ഇവിടെ ജീവിച്ചു മരിക്കാന്‍ എത്രപേര്‍ക്ക് ആഗ്രഹമുണ്ടാകും?
പാന്‍ഡോറ പെട്ടി തുറന്നപ്പോള്‍ ആദ്യം പുറത്തുചാടിയത് തിന്മയുടെ കൂമ്പാരങ്ങളായിരുന്നെങ്കിലും അലറിവിളിച്ചു കരഞ്ഞ അവളുടെ പക്കലേക്ക് രണ്ടാമതെത്തിയത് പെട്ടിക്കുള്ളില്‍ മറഞ്ഞിരുന്ന ഒീുല ളമശൃ്യ പ്രതീക്ഷാകിരണങ്ങളായിരുന്നു. മഴവില്ലിന്റെ അഴകോടെ പുറത്തുചാടിയ പ്രതീക്ഷാദേവത. അതേ, പ്രതീക്ഷകള്‍തന്നെയാണ് മനുഷ്യനെ മുമ്പോട്ടുനയിക്കുക. തിന്മയുടെ നടുക്കടലിലും നന്മയുടെ തുരുത്തുകള്‍ അങ്ങിങ്ങായി ഉയര്‍ന്നുനില്ക്കുന്നതു നാം കാണുന്നുണ്ട്. തിന്മയുടെ ശക്തികള്‍ എത്ര പ്രബലരായാലും മനുഷ്യര്‍ ആത്യന്തികമായി ആഗ്രഹിക്കുന്നത് സ്‌നേഹം, കരുണ, ദയ, സത്യം, പങ്കുവയ്ക്കല്‍ തുടങ്ങിയ സനാതനമൂല്യങ്ങളാണ്. ഭൂമിയെ മുമ്പോട്ടു നയിക്കുന്നത് ഭൂരിപക്ഷത്തിന്റെ തിന്മകളല്ല; മറിച്ച്, ന്യൂനപക്ഷത്തിന്റെ നന്മകളാണ്. ആള്‍ക്കൂട്ടങ്ങള്‍ എവിടെയുമുണ്ടെങ്കിലും ഉയര്‍ന്നു നില്ക്കുന്നവര്‍ വളരെ ക്കുറവാണ്. എന്നാല്‍, മനുഷ്യജീവിതത്തിന്റെ ചുക്കാന്‍ ഈ ഉയര്‍ന്നു നില്ക്കുന്നവരിലാണ്. ഈ ഉയര്‍ന്നു നില്ക്കുന്നവരില്‍ ഒരാളാകുമ്പോഴാണ് നമ്മുടെ ജീവിതവും ധന്യമാകുന്നത്. എല്ലായിടത്തും അന്ധകാരമാണ് എന്നു പറഞ്ഞ് ഇരുട്ടിനെ പഴിക്കാതെ ഒരു ചെറിയ മെഴുകുതിരിയാവാനോ, ഒരു മിന്നാമിനുങ്ങാവാനോ ഏതൊരാള്‍ക്കും പറ്റും. ടോള്‍സ്റ്റോയിക്കഥയിലെ മാലാഖ പറയുംപോലെ, സ്‌നേഹമാണ് ആത്യന്തികമായി ഈ ഭൂമിയെ മുമ്പോട്ടു നയിക്കുക. പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നു വന്ന ദൈവപുത്രന്‍ ഈ ഭൂമിയിലേക്കു പിറന്നതും സ്‌നേഹത്തിന്റെ ദൂതനായിട്ടായിരുന്നല്ലോ.