•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അവസാനിക്കാത്ത കഥ

ഥയെക്കുറിച്ചുള്ള ഒരു കഥയാണിത്. ഈ കഥയുടെ ആരംഭത്തില്‍ പ്രധാന കഥാപാത്രം ഒരു രാജാവാണ്. എന്നാല്‍, കഥാന്ത്യത്തില്‍ ഒരു ബുദ്ധിമാന്‍ പ്രധാന കഥാപാത്രമായി മാറുന്നു. അതെങ്ങനെ എന്നറിയണോ? ഇക്കഥ വായിച്ചോളൂ.
പണ്ടുപണ്ടുള്ളൊരു രാജ്യം. അവിടെയൊരു രാജാവ്. രാജ്യഭരണം വിശ്വസ്തരായ മന്ത്രിമാരെ ഏല്പിച്ചു. എല്ലാം നന്നായി നടക്കുന്നു. രാജാവിനൊരു ജോലിയുമില്ല. അദ്ദേഹം വെറുതെയിരുന്നു മടുത്തു. ഇനിയെന്തു ചെയ്യും? മടുപ്പുമാറ്റാന്‍ എന്താണു വഴി? ഒരു വഴി മനസ്സില്‍ തെളിഞ്ഞു.
പ്രഭാതംമുതല്‍ പ്രദോഷംവരെ പട്ടുമെത്തയിലിരുന്നു കഥ കേള്‍ക്കുക. നല്ല രസമായിരിക്കുമല്ലോ. പക്ഷേ, കഥ പറയാന്‍ ആരാണുള്ളത്? രാജാവ് ഒരു വിളംബരം നടത്തി: ''കഥ പറയാന്‍ താത്പര്യമുള്ളവര്‍ക്കു കൊട്ടാരത്തിലേക്കു സ്വാഗതം. അവര്‍ക്കു കഥ പറയാം. രാജാവ് കേട്ടിരിക്കും. സമ്മാനങ്ങള്‍ നല്‍കി തിരിച്ചയയ്ക്കും.''
ദൂരെദേശങ്ങളില്‍നിന്നുപോലും കഥപറച്ചിലുകാര്‍ കൊട്ടാരത്തിലെത്തി. രാജാവ് എല്ലാവരെയും സ്വീകരിച്ചു സല്‍ക്കരിച്ചു. ഓരോരുത്തരും ഊഴമിട്ടു കഥ പറയാന്‍ തുടങ്ങി. ഏതു കഥയും രാജാവ് ആസ്വദിച്ചു കേട്ടിരിക്കും. ഒരു കഥപോലും രാജാവിനെ മടുപ്പിച്ചില്ല. ഒറ്റക്കാര്യത്തിലേ അദ്ദേഹത്തിനു സങ്കടമുണ്ടായുള്ളൂ, കഥയെല്ലാം പെട്ടെന്നു തീര്‍ന്നുപോകുന്നു. ചെറിയ കഥകള്‍ രാജാവിനെ സംതൃപ്തനാക്കിയില്ല.
ലോകത്തുള്ള സകല കഥാകാരന്മാരും രാജാവിനെ മുഖം കാണിച്ചു കഥ പറയാന്‍ തുടങ്ങി. മിനിട്ടുകളും മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കുന്ന കഥകള്‍ രാജാവ് കേട്ടു. പക്ഷേ, ഓരോ കഥയും അവസാനിക്കുന്നത് അദ്ദേഹത്തെ ദുഃഖിതനാക്കി. അങ്ങനെയാണു രാജാവിന്റെ ബുദ്ധിയില്‍ ഒരാശയം ഉദിച്ചത്. ഒരിക്കലും അവസാനിക്കാത്ത കഥ കേള്‍ക്കുക. അതിനുവേണ്ടിയായി അടുത്ത വിളംബരം.
''ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്ന ആളിനെ അടുത്ത രാജാവായി വാഴിക്കും.''
വാഗ്ദാനം കേട്ട് ആഹ്ലാദിച്ച പല മത്സരാര്‍ത്ഥികളും കഥ പറയാന്‍ വന്നു. കഥ എപ്പോഴെങ്കിലും തീര്‍ന്നുപോയാല്‍ അവരെ വധിക്കും എന്ന വ്യവസ്ഥ അറിഞ്ഞ് പലരും ജീവനുംകൊണ്ട് രക്ഷപ്പെട്ടു. ധൈര്യപൂര്‍വം കഥ പറഞ്ഞ ചിലരുടെയൊക്കെ പ്രാണന്‍ നഷ്ടമായി. അതോടെ കഥപറച്ചിലുകാരുടെ വരവും നിലച്ചു.
അങ്ങനെയിരിക്കേ ഒരു വഴിപോക്കന്‍ കൊട്ടാരത്തിലെത്തി കഥ പറയാന്‍ താത്പര്യം അറിയിച്ചു. വ്യവസ്ഥകളൊക്കെ അറിഞ്ഞിട്ടും അയാള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. കഥാകാരന്‍ കഥ പറഞ്ഞുതുടങ്ങി. രാജാവ് ഉത്സാഹത്തോടെ കേട്ടിരുന്നു.
ഒരു ധാന്യപ്പുര. അതില്‍ നിറയെ ധാന്യങ്ങള്‍. സുരക്ഷിതമായി നിര്‍മിച്ച അതിനുള്ളില്‍ കടക്കാന്‍ ഒന്നിനും കഴിയുമായിരുന്നില്ല. എന്നാല്‍, ധാന്യമണികള്‍ ഭക്ഷിക്കുന്ന വെട്ടുക്കിളികളുടെ കൂട്ടം അതു കണ്ടുപിടിച്ചു. ഒരു കിളിക്കുമാത്രം കയറാന്‍ കഴിയുന്ന ഒരു വിള്ളല്‍ അവ കണ്ടെത്തി. അതിലൂടെ ആദ്യത്തെ വെട്ടുക്കിളി അകത്തുകയറി. ഒരു ധാന്യമണി കൊത്തിക്കൊണ്ടു പുറത്തേക്കു പറന്നു. പിന്നെ രണ്ടാമത്തെ കിളി അകത്തുകയറി. രണ്ടാമത്തെ ധാന്യമണി കൊത്തിക്കൊണ്ട് പുറത്തെത്തി. അങ്ങനെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും കിളികള്‍ വന്നുപോയി. ഓരോ കിളിയും ഓരോ ധാന്യമണി മാത്രമാണു കൊണ്ടുപോയിരുന്നത്. ഒന്നിനു പിന്നാലേ മറ്റൊന്നായി വെട്ടുക്കിളികള്‍ വന്നുകൊണ്ടേയിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞു. ആഴ്ചകള്‍ കഴിഞ്ഞു. മാസങ്ങള്‍ കഴിഞ്ഞു. വര്‍ഷം രണ്ടു തികഞ്ഞു. കഥാകാരന്‍ കഥ തുടര്‍ന്നുകൊണ്ടിരുന്നു. രാജാവിനു കഥ മടുത്തുതുടങ്ങിയിരുന്നു. അദ്ദേഹം ചോദിച്ചു: ''ഇനിയും ധാന്യമണികള്‍ ബാക്കിയുണ്ടോ?''
''ഉവ്വ് പ്രഭോ... നൂറിലൊന്നു ധാന്യമണികള്‍പോലും ഇതുവരെ കൊത്തിത്തീര്‍ന്നിട്ടില്ല.''
''അപ്പോള്‍ വെട്ടുക്കിളികളോ?''
''അവ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ധാന്യമണികള്‍ കിട്ടുമെന്നറിഞ്ഞ് ദൂരദേശത്തുനിന്നുപോലും കിളികള്‍ എത്തിക്കൊണ്ടിരിക്കുന്നു.''
''ഹേ കഥാകാരാ, താങ്കള്‍ അടുത്ത രാജാവായിക്കോളൂ. കഥകേട്ട് എനിക്കു മതിയായി. ഇനിമേല്‍ വെട്ടുക്കിളികളെപ്പറ്റി എന്നോട് ഒന്നും പറയാതിരുന്നാല്‍ മതി.''
ബുദ്ധിമാനായ കഥാകാരന്‍ അടുത്ത രാജാവായി രാജ്യം ഭരിച്ചു. അപ്പോഴൊക്കെ പഴയ രാജാവിന് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ: ''ദയവായി എന്നോടാരും കഥയൊന്നും പറയരുതേ!''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)