മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണജൂബിലിനിറവില്‍
മാര്‍ ജോസഫ് പവ്വത്തില്‍ പറയേണ്ടതു പറയും; പറയേണ്ടതുമാത്രം.
മാര്‍ ജോസഫ് പവ്വത്തില്‍ ഒരു പാഠപുസ്തകമാണ്. അതിലെ ഓരോ അക്ഷരവും വാക്കും നല്‍കുന്ന ശക്തി വിശ്വാസികള്‍ക്കും സഭയ്ക്കും സമൂഹത്തിനും ഒരു കരുത്താണ്. മതമായാലും രാഷ്ട്രീയമായാലും വിദ്യാഭ്യാസമായാലും ഓരോ വ്യക്തിയും അറിയേണ്ട പാഠമാണ് അദ്ദേഹം. വിശ്വാസികള്‍ എന്നും മനസ്സില്‍ പ്രതിഷ്ഠിക്കുന്ന ഒരു പിതാവ്, സഭ എന്നും താലോലിക്കുന്ന വിശ്വാസതീക്ഷ്ണമതി, സമൂഹം എന്നും കൊതിക്കുന്ന ഒരു ഹീറോ - ഇതാണ് മാര്‍ ജോസഫ് പവ്വത്തില്‍.
സീറോ മലബാര്‍ സഭയുടെ ഇന്നത്തെ വളര്‍ച്ചയ്ക്കു പിന്നില്‍ മാര്‍ ജോസഫ് പവ്വത്തിലിന്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടും ദര്‍ശനങ്ങളും വിശ്വാസവും ഈ വളര്‍ച്ചയ്ക്കു വളവും വെള്ളവും നല്‍കി. പ്രാര്‍ത്ഥനയിലൂടെ ദൈവത്തെ കൂട്ടുപിടിച്ച് അദ്ദേഹം നേടിയെടുത്തതാണ് ഈ ശക്തി. ദൈവവചനത്തെ മുറുകെപ്പിടിച്ചുള്ള ജീവിതം. എന്നാല്‍, തിന്മയ്ക്കും അഴിമതിക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. 'നിലപാടുകളുള്ള സഭയുടെ ഇടയന്‍' എന്നതാണ് അഭിവന്ദ്യ പവ്വത്തില്‍ പിതാവിനെ വ്യത്യസ്തനും കുലീനനുമാക്കുന്നത്. എത്ര പേര്‍ വേഷം കെട്ടിയാടിയാലും, എത്ര ജനക്കൂട്ടം തിങ്ങിനിറഞ്ഞാലും വേറിട്ടു തലയുയര്‍ത്തി നില്‍ക്കുന്ന ഇടയശ്രേഷ്ഠന്‍. അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മള്‍ തിരിച്ചറിയുമ്പോള്‍ നമ്മള്‍ ഒറ്റയ്ക്കല്ല, സഭയെ ആക്രമിക്കാന്‍ ഒരു തിന്മയുടെ ശക്തിക്കും കഴിയില്ലെന്ന ബോധ്യം നമ്മളില്‍ ജനിക്കുന്നു. സഭാത്മകസാമൂഹികജീവിതത്തില്‍ വിശ്വാസിസമൂഹം ജനഹിതമല്ല ദൈവഹിതമാണു തേടേണ്ടതെന്ന നിലപാടുള്ള മാര്‍ ജോസഫ് പവ്വത്തില്‍ സഭയ്ക്കും സമൂഹത്തിനുംവേണ്ടി ഒരുപോലെ നീതി തേടി.
പറയേണ്ടതു പറയും, പറയേണ്ടതുമാത്രം പറയും എന്നു പവ്വത്തില്‍ പിതാവിനെക്കുറിച്ച് അഭിവന്ദ്യ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ പറഞ്ഞതെത്ര ശരിയാണെന്നു സഭ തിരിച്ചറിയുന്നു. പറയേണ്ടതു പറയുമ്പോഴും ആരോടും ശത്രുതാമനോഭാവം കാണിക്കാറില്ല. ആരോടും എനിക്ക് ശത്രുതയില്ലെന്നു പവ്വത്തില്‍ പിതാവ് വ്യക്തമാക്കുന്നു. എന്നാല്‍, എത്ര അധികാരമുള്ള ഭരണകര്‍ത്താക്കളോടും ശക്തമായി പറയേണ്ടതു പറയാനും എഴുതാനും തന്റേടമുള്ള തീക്ഷ്ണതയുള്ള പിതാവാണ് മാര്‍ ജോസഫ് പവ്വത്തിലെന്നു കാലം തെളിയിച്ചു. വിശ്വാസത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ച പിതാവിന്റെ ഓരോ വാക്കും നെഞ്ചിലേറ്റുന്ന സഭാമക്കളാണ് ഇവിടെയുള്ളത്. പതിഞ്ഞ ശബ്ദത്തില്‍ പറയും; എന്നാല്‍, വാക്കുകള്‍ ചാട്ടുളിപോലെയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യുനപക്ഷാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടപ്പോഴെല്ലാം പവ്വത്തില്‍ പിതാവ് തന്റെ തൂലികയ്ക്കു മൂര്‍ച്ചകൂട്ടി. സഭയെ പ്രതിക്കൂട്ടിലാക്കി ഒരു അധികാരിക്കും മുന്നോട്ടു പോകാന്‍ സാധിക്കില്ല. അതിന് അദ്ദേഹത്തിന്റെ തൂലിക സമ്മതിക്കില്ല. ജനപ്രീതിനോക്കി പിതാവ് ഒരിക്കലും പ്രതികരിച്ചിട്ടില്ല. ഭൂരിപക്ഷത്തിനു സുഖിക്കുന്നതോ സുഖിക്കാത്തതോ എന്നും ചിന്തിക്കാറില്ല. മതത്തെക്കുറിച്ചും രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തമായ ബോധ്യത്തോടെ സമൂഹത്തോടു സംവദിക്കാനുള്ള കഴിവാണ് പിതാവിനെ ഈ കാലഘട്ടത്തിന്റെ പ്രവാചകനാക്കി മാറ്റുന്നത്. ന്യൂനപക്ഷാവകാശധ്വംസനങ്ങളും വിദ്യാഭ്യാസസ്വാതന്ത്ര്യനിഷേധവും എന്നതുപോലെ അദ്ദേഹത്തിനു സന്ധി ചെയ്യാനാവാത്ത രണ്ടു യാഥാര്‍ത്ഥ്യങ്ങളാണ് ഈശ്വരനിഷേധവും മതവിരുദ്ധതയും. ക്രൈസ്തവവിശ്വാസം, ആരാധനക്രമം, വിദ്യാഭ്യാസം, ന്യൂനപക്ഷാവകാശസംരക്ഷണം, സഭാവിജ്ഞാനീയം, സാമൂഹികജീവിതം എന്നിങ്ങനെ നിരവധി വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാട് സഭയ്ക്കും സമൂഹത്തിനുംവേണ്ടി മാത്രമാണ്.
പിതാവിന്റെ ഇടയനടുത്ത ശുശ്രൂഷയില്‍ ആപ്തവാക്യമായി തിരഞ്ഞെടുത്തത് 'സത്യത്തിലും സ്നേഹത്തിലും' എന്നതാണ്. ചങ്ങനാശേരി അതിരൂപതയുടെ അധ്യക്ഷനായിരുന്ന വേളയിലും, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലുമെല്ലാം അദ്ദേഹത്തിന്റെ തീക്ഷ്ണത ദര്‍ശിക്കാത്തവരില്ല. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ആയിരുന്ന കാലഘട്ടത്തില്‍ വിദ്യാഭ്യാസസംരക്ഷണത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം കേരളം കണ്ടതാണ്. ദൈവസന്ദേശവും ദൈവഹിതവും ഒരുപോലെ വെളിപ്പെടുത്തുന്നവന്‍, ദൈവഹിതത്തെ സന്ദേഹമില്ലാതെ ധൈര്യപൂര്‍വം സാക്ഷിക്കുന്നവന്‍ എന്നിങ്ങനെ പവ്വത്തില്‍ പിതാവ് വേറിട്ടുനില്‍ക്കുന്നു. ദൈവത്തിന്റെ നാവായി ലോകത്തില്‍ വര്‍ത്തിക്കാനും ജനത്തിന്റെ നാവായി ദൈവതിരുമുമ്പില്‍ വ്യാപരിക്കാനുമാണ് തന്റെ ഇടയനടുത്ത ശുശ്രുഷയില്‍ പിതാവ് ശ്രദ്ധിച്ചിരുന്നത്. അളന്നുതൂക്കിയുള്ള സംസാരശൈലിയാണ് പിതാവിന്റേത്.
സഭയെക്കുറിച്ച് ആഴമായ അറിവും ഉള്‍ക്കാഴ്ചയുമുള്ള പിതാവിനു വിവിധ സാമൂഹികപ്രശ്‌നങ്ങളില്‍ സഭയുടെ ആധികാരികമായ നിലപാടും ദര്‍ശനവും എന്താണെന്നു വ്യക്തമാണ്. സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളില്‍ നിസംഗത പാലിക്കയല്ല, ക്രിയാത്മകമായി പ്രതികരിക്കുക എന്ന നിലപാട് ജീവിതത്തില്‍ വ്യക്തമാക്കിയ പിതാവാണ് മാര്‍ പവ്വത്തില്‍. വിശ്വാസികളുടെ കാര്യത്തിലായാലും പൊതുസമൂഹത്തിന്റെ കാര്യത്തിലായാലും എല്ലാവര്‍ക്കും നന്മയും പുരോഗതിയും എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കേരളസഭയില്‍ എന്നല്ല, കേരളത്തിലാകമാനം വിദ്യാഭ്യാസരംഗത്ത് ഇത്രയേറെ മുഴങ്ങിക്കേട്ട ഉറച്ചശബ്ദം വേറേയില്ല.