2022 ജനുവരി ലക്കം 20 ദീപനാളം വളരെ മനോഹരമായിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ സന്ദേശങ്ങളെക്കുറിച്ചുള്ള ലേഖനം ആധ്യാത്മികതയുടെ നിറവിലേക്കുള്ള ശക്തിയേറിയ വഴിവെളിച്ചമാണ്. വളര്‍ത്തുമൃഗങ്ങളോടുള്ള അതിരുവിട്ട ലാളന മനുഷ്യത്വത്തില്‍നിന്നു മൃഗീയതയിലേക്കുള്ള അന്ധകാരം നിറഞ്ഞ വഴികളാണെന്നു പാപ്പാ പഠിപ്പിക്കുന്നു.
സാംസണ്‍ പാലാ എഴുതിയ യാത്രാവിവരണം പ്രകൃതിമനോഹരിയായ ലക്ഷദ്വീപുയാത്രയില്‍ പങ്കെടുക്കുന്ന അനുഭവം പകര്‍ന്നുനല്‍കി. നോക്കെത്താദൂരത്തു വിശാലമായി പരന്നുകിടക്കുന്ന കടല്‍ ഒരതിശയം തന്നെ. വെള്ളം നിറച്ച ഒരു പരന്ന പാത്രത്തില്‍ ചെറിയ കരടുപോലെ കപ്പല്‍ നീങ്ങുമ്പോള്‍ അകലെ ആകാശവും ഭൂമിയും തൊട്ടുനില്‍ക്കുന്ന ചക്രവാളരേഖ അതിമനോഹരമായ കാഴ്ച യാണ്. സന്ധ്യാസമയത്തെ ആകാശനിറക്കൂട്ടുകളുടെ മധ്യത്തില്‍ സൂര്യന്‍ സാവധാനം കടലിലേക്കു താണിറങ്ങുന്ന കാഴ്ചയും അവിസ്മരണീയംതന്നെ. പറക്കാന്‍ കഴിയുന്ന ഫ്‌ളയിങ് ഫിഷും പൊങ്ങിച്ചാടുന്ന ഡോള്‍ഫിന്‍ മത്സ്യങ്ങളും നേരില്‍ക്കാണുന്നതുപോലെയായി.
'പഴമ പുതുമയ്ക്കു വഴിമാറുമ്പോള്‍' ഫാ. ജോസഫ് നെച്ചിക്കാട്ടിന്റെ ആധ്യാത്മികലേഖനം മികവുറ്റതാണ്. ഉള്ളിന്റെയുള്ളില്‍ അടിഞ്ഞുകിടക്കുന്ന തീവ്രനൊമ്പരങ്ങളും പരാജയങ്ങളും എറിഞ്ഞുകളഞ്ഞ് മനസ്സ് മാലിന്യമുക്തമാക്കാന്‍ ഇത്തരം ലേഖനങ്ങള്‍ സഹായിക്കുന്നു. ആശംസകളോടെ,
ജോസ് കൂട്ടുമ്മേല്‍
കടനാട്