അമ്മയെന്ന രണ്ടക്ഷരമാധുര്യ-
മുള്‍ക്കളത്തെപ്പുളകിതമാക്കിടും
ഉത്തമാംശങ്ങളൊക്കെയുമമ്മയില്‍
മുത്തുപോലെന്നും മുറ്റിവിളങ്ങുന്നു.
അമ്മ ദേവിയും രക്ഷയുമൂഴിയില്‍,
ഭൂമിയെപ്പോല്‍ സഹിക്കുന്നൊരമ്മയെ
ഊഷ്മളസ്‌നേഹധാരയാമമ്മയെ
നെഞ്ചിലേറ്റി വണങ്ങാം നമോഃ നമ.
അമ്മ പാരിലെന്‍ കണ്‍കണ്ട ദൈവമാം
അമ്മഭാവം വിശുദ്ധം മനോഹരം
ലോകമുള്ളോരുനാള്‍വരെ മാനവര്‍-
ക്കമ്മ പൂജിതനാമമതായിടും.
അമ്മയ്ക്കിന്നിടമില്ലയോ? ദുര്‍ഗതി!
അമ്മ വര്‍ജ്യമോയിന്നു ഗൃഹങ്ങളില്‍?
അമ്മമാനസം ചുട്ടുനീറുന്നുവോ?
അമ്മ ബാധ്യതയായിടുന്നോയിഹ?
അമ്മഭാവം വികലമതാകുകില്‍
ആ ഗൃഹമിരുള്‍മൂടിടും നിശ്ചയം.
അമ്മമാര്‍ വഴിതെറ്റുന്നിടങ്ങളില്‍
അമ്മ ഹാ, പാപം നാടിന്‍ വിനാശവും.
അമ്മയെന്നും വിളങ്ങിയകതാരില്‍
അമ്മയെന്നും ജയിക്കയുലകിലായ്
അമ്മമാനസം നോവാതെ കാത്തിടാം
അമ്മമാഹാത്മ്യം വിളങ്ങട്ടെ ചുറ്റിലും.