•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നല്ലതു ചിന്തിച്ചാല്‍

വിഷാദത്തിന്റെയോ വൈക്ലബ്യത്തിന്റെയോ പിടിയില്‍ അമര്‍ന്നുപോകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ബാഹ്യലോകത്തില്‍നിന്നു പെട്ടെന്നുണ്ടാകുന്ന ഉദ്ദീപനങ്ങളെ ആത്മസംയമനത്തോടെ നേരിടാനും നാം ശീലിക്കണം.
ജീവന്‍ തരംഗരൂപത്തിലുള്ള സ്പന്ദനമാണ്. നമ്മുടെ സുഖദുഃഖങ്ങളില്‍ സുപ്രധാന പങ്കുള്ള സ്പന്ദനരൂപമാണത്. അളക്കാനാവാത്ത പ്രതിഭാസവുമാണത്.
ഓരോ ചിന്തയും ഓരോ ബീജമാണ്. അത് വേരു പിടിച്ചു വളര്‍ന്നു വലിയ മരമായി ഫലം കായ്ക്കുന്നു. നാം എന്തു വിതച്ചുവോ (ചിന്തിച്ചുവോ) അതിനനുസൃതമായ ഫലം മാത്രമേ നമുക്കു ലഭിക്കുന്നുള്ളൂ. ഈ കോവിഡ് കാലയളവില്‍ ബഹുഭൂരിപക്ഷം ആളുകളുടെയും സമാധാനവും സന്തോഷവും സുഖവും നഷ്ടപ്പെട്ടിരിക്കുന്നു. തിരിച്ചു ലഭിക്കാത്ത തരത്തിലുള്ള ജോലിനഷ്ടങ്ങള്‍, സാമ്പത്തികമാന്ദ്യങ്ങള്‍, സ്വജനങ്ങളുടെ വേര്‍പാടുകള്‍, വിവേചനങ്ങള്‍ അങ്ങനെ പലതും. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍, പ്രശ്‌നങ്ങളുടെ നേര്‍ക്കുള്ള നമ്മുടെ സമീപനം പ്രാധാന്യമര്‍ഹിക്കുന്നു. നിരാശയുണ്ടാക്കുന്ന ചിന്തകള്‍ ആവര്‍ത്തിക്കുമ്പോള്‍ വര്‍ദ്ധിച്ച സ്വാധീനശക്തിയോടെ അവ നമ്മുടെ അന്തരാത്മാവിനെയും ശരീരത്തെയും ബാധിക്കും. ഉറക്കംപോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും അനാരോഗ്യത്തിലേക്കും അതു നമ്മെ നയിക്കും.
നാം ഓരോരുത്തരും നമ്മുടെ അന്തഃരംഗത്തെ അടുത്തു ചെന്നു സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ നാം എന്തിന്റെയൊക്കെയോ ഉപാസകരാണെന്നു മനസ്സിലാകും. ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് ചിന്താതരംഗങ്ങളെയാണ് നാം ഉപാസിക്കുന്നതെങ്കില്‍, ആ ശക്തി കാലക്രമേണ നമ്മെ അതിന്റെ അടിമയാക്കിമാറ്റും. അതിന്റെ സ്വാധീനം ചിന്തയുടെ നല്ല വശങ്ങളെ, പോസിറ്റീവ് ഭാഗത്തെ നമ്മില്‍നിന്ന് പറിച്ചുമാറ്റുകയും ചെയ്യും.
ഉയര്‍ച്ചയോ താഴ്ചയോ ഏതുമാകട്ടെ, അതെല്ലാം നമ്മുടെ വിചാരവികാരങ്ങളുടെയോ പ്രവൃത്തിയുടെയോ ഫലം മാത്രമാണ്. നാം തന്നെയാണ് പോസിറ്റീവ് ഊര്‍ജ്ജവും നെഗറ്റീവ് ഊര്‍ജ്ജവും സൃഷ്ടിക്കുന്നത്. ധനാത്മക ഊര്‍ജ്ജം അന്തരാത്മാവാകുന്ന പൂമൊട്ട് വിടരുവാന്‍ അനുവദിക്കുന്നു. അതു വികസിച്ച് സുഗന്ധം പരത്തുകയും ആ ദിവ്യസുഗന്ധത്തില്‍ നമ്മുടെ ശരീരം ആരോഗ്യവും തേജസ്സും ഉള്ളതായിത്തീരുകയും ചെയ്യും. അങ്ങനെ മനസ്സില്‍ ശാന്തിയും സമാധാനവും നിറയുകയും ചെയ്യും.
ആകയാല്‍, വിഷാദത്തിന്റെയോ വൈക്ലബ്യത്തിന്റെയോ പിടിയില്‍ അമര്‍ന്നുപോകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ബാഹ്യലോകത്തില്‍നിന്നു പെട്ടെന്നുണ്ടാകുന്ന ഉദ്ദീപനങ്ങളെ ആത്മസംയമനത്തോടെ നേരിടാനും നാം ശീലിക്കണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)