ചരിത്രത്തിലൊരു കാലത്തും കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ഗുണ്ടാവിളയാട്ടമാണ് കേരളത്തില്‍ കുറെ നാളുകളായി നടന്നുവരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളില്‍ അരങ്ങേറുന്ന ഗുണ്ടാപ്രവര്‍ത്തനങ്ങളും അഴിഞ്ഞാട്ടങ്ങളും സാക്ഷരതയിലും ക്രമസമാധാനപാലനത്തിലും മുന്നിട്ടുനില്ക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലും തുടര്‍ക്കഥയാകുമ്പോള്‍ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയാശങ്കയിലാണ്.
കോട്ടയം വിമലഗിരി സ്വദേശി ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് മൃതദേഹം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനുമുമ്പില്‍ കൊണ്ടുപോയിട്ടു വിജയഭേരി മുഴക്കിയ ദാരുണസംഭവം കേരളമനസ്സാക്ഷിയെ ഞെട്ടിച്ചു. പോത്തന്‍കോട് യുവാവിന്റെ കാല്‍ ഒരു സംഘമാളുകള്‍ വെട്ടിമാറ്റിയശേഷം ആര്‍പ്പുവിളിയോടെ കുപ്പയിലേക്കെറിഞ്ഞതും ഭീകരാന്തരീക്ഷം അഴിച്ചുവിട്ടതും ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരിയില്‍ ദിവസങ്ങള്‍ക്കുമുമ്പാണ്. തിരുവനന്തപുരത്ത് ഗുണ്ടാസംഘം അച്ഛനെയും മകളെയും ആക്രമിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള ഒട്ടനവധി കൊടുംക്രൂരതകളുടെ വാര്‍ത്തകള്‍ കേട്ടും കണ്ടും കേരളജനതയുടെ ഹൃദയം വിങ്ങുകയാണ്.
ഗുണ്ടാവിളയാട്ടത്തിന്റെ വിറങ്ങലിക്കുന്ന വാര്‍ത്തകള്‍ ദിവസവുമെന്നോണം കേള്‍ക്കേണ്ടിവന്നിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്നു മാഫിയയും നാടു വിറപ്പിച്ചു യഥേഷ്ടം വിലസുന്നുണ്ടെങ്കില്‍, കൊടുംക്രിമിനലുകളും ഗുണ്ടകളും കേരളത്തില്‍ നാള്‍ക്കുനാള്‍ വളരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവരെ തീറ്റിപ്പോറ്റി വളര്‍ത്തുന്ന ആരൊക്കെയോ ഭരണം കയ്യാളുന്നുവെന്നു സാരം. സ്വന്തം നിലയിലും കരാറടിസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളാണു രാഷ്ട്രീയപാര്‍ട്ടികള്‍ക്കുവേണ്ടി കുത്തും കൊലയും നടത്തി ചോരസിദ്ധാന്തത്തിന്റെ ഇരകളും പ്രചാരകരുമായിരിക്കുന്നത്. ചോര വീഴ്ത്തുന്ന കാമ്പസ് രാഷ്ട്രീയവും മറ്റും ഇത്തരത്തിലുള്ള വൈറസ് വകഭേദങ്ങളാണ്.
ദൈവത്തിന്റെ സ്വന്തം നാടെന്നു വിദേശികള്‍ കീര്‍ത്തിച്ച കേരളം ഇന്നു പക്ഷേ, ഗുണ്ടകളുടെ നാടായി കേള്‍ക്കേണ്ടി വരുന്നത് അത്യന്തം ലജ്ജാകരമാണ്. ഗുണ്ടായിസം അമര്‍ച്ച ചെയ്യാന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണങ്ങളും സാധ്യമായ നടപടികളും കൈക്കൊള്ളുന്നുവെന്നു പറയുമ്പോഴും, അതെല്ലാം അപ്പാടെ വിശ്വസിക്കാനോ മുഖവിലയ്‌ക്കെടുക്കാന്‍പോലുമോ സാധാരണക്കാരായ ജനങ്ങള്‍ക്കാകുന്നില്ല. സംസ്ഥാന മുഖ്യമന്ത്രിതന്നെ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്തിട്ടും ഗുണ്ടകളെ പേടിച്ചു കഴിയേണ്ട ഗതികേടിലാണ് കേരളനാട്. പോലീസ് സേനയിലുള്ള വിശ്വാസ്യത തകിടം മറിഞ്ഞിരിക്കുന്നു. ഓപ്പറേഷന്‍ കാവല്‍ എന്ന പേരില്‍ ഗുണ്ടകള്‍ക്കെതിരേ ഡി.ജി.പി. അനില്‍കാന്ത് പ്രഖ്യാപിച്ച പ്രത്യേക പദ്ധതിപ്രകാരം, പതിന്നാലായിരത്തോളം ഗുണ്ടകളെയാണ് പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു ഗുണദോഷിച്ചു വിട്ടത്. ഇതിത്തിരി കൗതുകം തുളുമ്പുന്ന വാര്‍ത്തയായി അവശേഷിക്കുമ്പോഴും, അക്രമസംഭവങ്ങളും ഗുണ്ടാവിളയാട്ടങ്ങളും സംസ്ഥാനത്ത് നിര്‍ബാധം തുടരുന്നു. ഗുണ്ടകളില്‍ ഭൂരിപക്ഷവും ആയുധങ്ങളുമായി കൊലവിളിച്ചു നാട്ടിലിറങ്ങിയിരിക്കുന്നതിനാല്‍ ജനങ്ങളാകെ പരിഭ്രാന്തിയിലായിരിക്കേ, ഈ ഭയപ്പാടിന്റെ ഊഷ്മാവളന്നു കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികളോ പോലീസ് സേനയോ സംസ്ഥാനത്തില്ലാതായിരിക്കുന്നു.
രാജ്യത്തെ മികച്ച പോലീസ് സേനയെന്നു ഖ്യാതി നേടിയ കേരള പോലീസിന് ഇതെന്തുപറ്റിയെന്നറിയാന്‍ ജനത്തിനവകാശമുണ്ട്. ലഹരിമാഫിയായുടെ തണലില്‍ ഗുണ്ടകള്‍ തഴച്ചു വളര്‍ന്നിട്ടും, മയക്കുമരുന്നുകടത്ത്, കള്ളക്കടത്ത്, മണല്‍ക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവവഴി നാട്ടിലാകെ അക്രമം അഴിച്ചുവിട്ടിട്ടും പോലീസ് മൗനം പാലിക്കുന്നതാണ് ഏറെ ഭയാനകം. പരാതികിട്ടിയാല്‍മാത്രം നടപടിയെടുക്കാം എന്നുപറയുന്ന തണുപ്പന്‍ നയങ്ങളൊക്കെ കാലഹരണപ്പെട്ടതാണെന്നേ പറയേണ്ടൂ. പോലീസ് വാഹനങ്ങള്‍ നഗരത്തിലൂടെ തലങ്ങുംവിലങ്ങും ഓട്ടപ്രദക്ഷിണം നടത്തിയാല്‍പ്പോരാ, നഗരത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി സാമൂഹികവിരുദ്ധരെ നിയമത്തിന്റെ മുമ്പിലെത്തിക്കാനും ശിക്ഷയ്ക്കു വിധേയപ്പെടുത്താനും സേനയ്ക്ക് ഇച്ഛാശക്തിയുണ്ടാവണം. അതവര്‍ക്കില്ലാഞ്ഞിട്ടൊന്നുമല്ല, അതിനുള്ള 'അധികാരം' എല്ലാ അര്‍ത്ഥത്തിലുമുണ്ടാകണമെന്നുമാത്രം. അവരുടെ കാര്യക്ഷമതയ്ക്കും വ്യത്യസ്തമായ കുറ്റാന്വേഷണസമീപനങ്ങള്‍ക്കും അര്‍ഹമായ അംഗീകാരവും ആദരവുമുണ്ടാകണമെന്നു സാരം. പ്രചോദനാത്മകമായ പെരുമാറ്റം മേല്‍ത്തട്ടില്‍നിന്നുണ്ടാകണം. തലപ്പത്തിരിക്കുന്നവരുടെ ആജ്ഞാനുവര്‍ത്തികളാകാന്‍മാത്രം വിധിക്കപ്പെടാതെ സ്വന്തം ജോലി ഉത്തരവാദിത്വത്തോടും കാര്യക്ഷമതയോടുംകൂടി വിവേകപൂര്‍വം ചെയ്യാനുള്ള സ്വാതന്ത്ര്യംകൂടിയുണ്ടാകണം നമ്മുടെ പോലീസിന്.
ക്രമസമാധാനപാലനത്തില്‍ പോലീസിനുണ്ടാകുന്ന വീഴ്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുകയേയുള്ളൂ. തെരുവുഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനെതിരേ ആരെന്ത് ഓപ്പറേഷന്‍ നടത്തിയാലും; അതു രാഷ്ട്രീയപ്പാര്‍ട്ടിയാകട്ടെ, അവരെയും വിലയ്‌ക്കെടുക്കുന്ന വന്‍മാഫിയ സംഘങ്ങളാകട്ടെ, അവരെ നിയന്ത്രിച്ചു നിലയ്ക്കുനിര്‍ത്താന്‍ ഇന്നാട്ടിലെ ഭരണകൂടത്തിന് ഇച്ഛാശക്തിയുണ്ടായേ പറ്റൂ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട സര്‍ക്കാരിന് അതില്ലാതെപോയാല്‍ ജനങ്ങളുടെ സൈ്വരജീവിതം അപകടത്തിലാകുമെന്നുറപ്പ്.