കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ എറണാകുളം - അങ്കമാലി അതിരൂപതയിലെ ജെസി ജോസ് മാണിക്കത്താന്‍ ഒന്നാമതെത്തി 2021 - ലെ ലോഗോസ് പ്രതിഭയായി. കൊറോണ വ്യാപനംമൂലം 2019 ലെ മത്സരത്തിനുശേഷം നടത്തിയ പരീക്ഷയില്‍ ജെസി മൂന്നു ലക്ഷം പേരില്‍നിന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. തൃശൂര്‍ അതിരൂപതാംഗമായ ആനി ജോര്‍ജ് രണ്ടാം സ്ഥാനത്തിനും, പാലക്കാട് രൂപതാംഗമായ ലൈല ജോണ്‍ മൂന്നാം സ്ഥാനത്തിനും, ആലപ്പുഴ രൂപതാംഗമായ റാണി ആന്റണി നാലാം സ്ഥാനത്തിനും, വരാപ്പുഴ അതിരൂപതാംഗമായ മേരി മേഴ്‌സി കൊറയ അഞ്ചാം സ്ഥാനത്തിനും അര്‍ഹരായി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഈ വചനോപാസനയില്‍ ഇത്തവണ കേരളത്തിലും പുറത്തുനിന്നുമായി 37 രൂപതകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു. ലോഗോസ് പ്രതിഭയ്ക്ക് ട്രോഫിയും 25,000 രൂപയുടെ പാലയ്ക്കല്‍ തോമ്മാ മല്പാന്‍ ക്യാഷ് അവാര്‍ഡുമാണു സമ്മാനം.
ലോഗോസ് ബൈബിള്‍ ക്വിസില്‍ രൂപതാതല ജേതാക്കളെ പങ്കെടുപ്പിച്ചു പാലാരിവട്ടം പിഒസിയില്‍ ജനുവരി 15 നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഉച്ചയ്ക്കുശേഷം നടന്ന സമാപന സമ്മേളനത്തില്‍ കെസിബിസി ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ് റൈറ്റ് റവ. ഡോ. ജെയിംസ് ആനാപറമ്പില്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി മുന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന്റെ ബഹുമാനാര്‍ത്ഥം ഏര്‍പ്പെടുത്തിയ വചന സര്‍ഗപ്രതിഭാപുരസ്‌കാരത്തിന് അര്‍ഹനായ റവ. ഡോ. സെബാസ്റ്റ്യന്‍ കിഴക്കെയിലിന് പ്രശസ്തിപത്രവും മെമെന്റോയും 25,000 രൂപയും ബിഷപ് ജെയിംസ് ആനാപറമ്പില്‍ സമ്മാനിച്ചു. വചനശുശ്രൂഷാപുരസ്‌കാരത്തിന് അര്‍ഹരായ ശ്രീ അനില്‍ കുമാര്‍, ശ്രീ സജീവ് പാറേക്കാട്ടില്‍, സാന്‍ജോ ഫെബിന്‍, നിധി ഫെബിന്‍ എന്നിവരെയും മീറ്റിംഗില്‍ ആദരിച്ചു. കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.