ഓരോ ദിനാഗമത്തിങ്കലും നാഥാ, നി-
ന്നാരാധനയ്ക്കായ് ഞാനെത്തിടുമ്പോള്‍,
ചാരുവാം പുഷ്പങ്ങള്‍ ശേഖരിച്ചപ്പദ-
താരിണയില്‍ വച്ചു കുമ്പിടുമ്പോള്‍,
മാമക തുച്ഛോപഹാരവും സ്വാമി, നിന്‍
സീമയെഴാത്തൊരാ ദാനമതും
ഓര്‍ത്തുകൊണ്ടിങ്ങു ഞാന്‍ ലജ്ജിതനാകുന്നു
പേര്‍ത്തുമെന്‍ ദാനനിസ്സാരതയാല്‍.
പൂവിലോ, പൂര്‍ണനിലാവിലോ, വാരൊളി
തൂവിന വാര്‍മഴവില്ലതിലോ,
നീലനഭസ്സിലെഗ്ഗോളഗണത്തിലോ,
നീലാബ്ധിതന്‍ ജലരാശിയിലോ,
നിക്ഷിപ്തമല്ലാത്തൊരക്ഷയശോഭമാം
ശക്തിപ്രഭാവമാം നിന്റെ ദാനം
അന്തമെഴാത്തൊരെന്നായുസ്സിന്‍ ദായകാ,
സന്തത സല്‍പ്പരിപാലകനേ,
നിന്നുടെ പാദപത്മങ്ങളില്‍ ഞാന്‍ വയ്ക്കും
ഭിന്നഭിന്നങ്ങളാം പുഷ്പജാലം
ഓരോ ദളങ്ങളായ് വാടിക്കരിഞ്ഞിട്ട-
ത്താരും തറയുമൊന്നായിടുമ്പോള്‍
അന്തരിച്ചീടിലുമന്തം വരാത്തൊരെന്‍
ബന്ധുരജീവന്‍ നിന്‍ ദാനവരം
ചിന്തയിലൂടെ ഞാന്‍ കാണുന്നു മല്‍പ്രഭോ,
നിന്തിരുശ്ശക്തിയെ വാഴ്ത്തിടുന്നു.
ഞാനുമെന്‍ ദാനമിസ്സൂനവുമൊന്നുപോ-
ലീ നശ്വരപ്രപഞ്ചത്തിനുള്ളില്‍
മണ്ണായലിഞ്ഞു മറയേണ്ടോരെങ്കിലു-
മെന്നുടെ കാര്യം വിഭിന്നമായി.
നിന്‍ കൃപാപൂരത്താല്‍ നിത്യമാം ജീവനില്‍
പങ്കു ലഭിച്ചവനാകയായ് ഞാന്‍.
ഓരോ ദിവസവുമോരോ നിമിഷവും
ആരാരുമീ സത്യമോര്‍ക്കായ്കിലും
തീരാത്ത സ്‌നേഹമോടീ മഹല്‍ ജീവനെ
ക്കാരുണ്യവാനീശന്‍ കാത്തിടുന്നു.
മര്‍ത്യനുമാത്രം ലഭിച്ചതാമിദ്ദാന-
മിത്രയമൂല്യമൊന്നായിരിക്കേ,
നിസ്തുലമാകുമ സ്‌നേഹപാരമ്യത്തെ-
യെത്ര സ്തുതിച്ചാലുമാകുകില്ല.
വെല്ക നിസ്സീമമാം സ്‌നേഹനികേതമേ,
വെല്ക നീ നിസ്തുല കാരുണികാ.