അറിയുന്നവരൊക്കെ അദ്ദേഹത്തെ സ്‌നേഹാദരങ്ങളോടെ വിളിച്ചത് കുഞ്ഞാക്കോ സാര്‍ എന്നായിരുന്നു. ഔദ്യോഗികപേര് ആര്‍. എം. ചാക്കോ എന്നും. പാലാ രാമപുരത്തു കുടുംബത്തില്‍ എന്റെ പിതാമഹന്‍ ആര്‍.ടി. വര്‍ക്കിമാപ്പിളയുടെ ഇളയ സഹോദരന്‍ ആര്‍.ടി. മത്തായിമാപ്പിളയുടെ ഏറ്റവും ഇളയ പുത്രനായിരുന്നു ആര്‍.എം. ചാക്കോ എന്ന കുഞ്ഞാക്കോ സാര്‍.
1904 സെപ്റ്റംബറിലായിരുന്നു ജനനം. പാലാ സെന്റ് തോമസ് സ്‌കൂളിലും മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്‌കൂളിലും തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജിലും പഠിച്ചു ഡിഗ്രി നേടിയ അദ്ദേഹം അധ്യാപകനാകാനാണ് ചെറുപ്പംമുതല്‍ ആഗ്രഹിച്ചത്. ഡിഗ്രിക്കാര്‍ക്കു സര്‍ക്കാര്‍ജോലിക്കു നല്ല സാധ്യതയുണ്ടായിരുന്ന കാലം. എന്നിട്ടും സര്‍ക്കാര്‍ ജോലിക്കു പോകാതെ തിരുവനന്തപുരം ഗവ. ട്രെയിനിങ് കോളജില്‍നിന്ന് എല്‍.ടി. പരീക്ഷ പാസ്സായി പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപകനായി സ്വന്തം കര്‍മക്ഷേത്രം കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്ത് അന്ന് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പലായിരുന്നത് പ്രഗല്ഭനായ വിദ്യാഭ്യാസവിചക്ഷണനെന്നു പേരു കേട്ട ഡോ. എ. എന്‍. തമ്പിസാറും. ഓക്‌സ്‌ഫോര്‍ഡില്‍നിന്നായിരുന്നു എ.എന്‍. തമ്പി ഡോക്ടറേറ്റ് നേടിയത്. ബിഷപ് വയലില്‍, പത്മശ്രീ മാത്യു. എം. കുഴിവേലി, പ്രഫ. എ. ഒ. ജോസഫ് അഞ്ചേരി തുടങ്ങിയവരൊക്കെ ഡോ. എ. എന്‍. തമ്പിയുടെ ശിഷ്യഗണത്തില്‍പ്പെട്ടിരുന്നു. പില്‍ക്കാലത്ത് ഡോ. തമ്പി തിരുവിതാംകൂറില്‍ വിദ്യാഭ്യാസ ഡയറക്ടറായി. ദീര്‍ഘകാലം തിരുവിതാംകൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെംബറുമായിരുന്നു.
പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ മാത്രമല്ല, ഭരണങ്ങാനം സെന്റ് മേരീസ്, പ്രവിത്താനം സെന്റ് മൈക്കിള്‍സ്, പാലാ സെന്റ് മേരീസ് തുടങ്ങിയ സ്‌കൂളുകളിലും കുഞ്ഞാക്കോ സാര്‍ അധ്യാപകനായിരുന്നു. ഹെഡ്മാസ്റ്ററായാണ് റിട്ടയര്‍ ചെയ്തത്. തുടര്‍ന്ന് സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ബി.എഡ്. കോളജിലും അല്‍ഫോന്‍സാ കോളജിലുമൊക്കെയായി വര്‍ഷങ്ങളോളം അധ്യാപകനായിതുടര്‍ന്നു. അല്‍ഫോന്‍സാ കോളജില്‍ മഹാകവി പാലാ നാരായണന്‍നായര്‍സാറും അക്കാലത്തു കുഞ്ഞാക്കോസാറിനൊപ്പം പഠിപ്പിച്ചിരുന്നു. ഒരു അധ്യാപകനെന്ന നിലയില്‍ പഠിപ്പിച്ചിടത്തെല്ലാം ആര്‍.എം. ചാക്കോ സാര്‍ വിദ്യാര്‍ത്ഥികളുടെ ഹൃദയം കവര്‍ന്നു. നര്‍മരസികനായിരുന്നു കുഞ്ഞാക്കോ സാര്‍. ക്ലാസ്സുകളിലും സംഭാഷണങ്ങളിലും തമാശകളായിരുന്നു സാറിന്റെ മുഖമുദ്ര. വടി ഒരിക്കലും അദ്ദേഹത്തിനു വിദ്യാര്‍ത്ഥികളെ നേരിടാനുള്ള ഒരായുധമായിരുന്നതേയില്ല. നിഷ്‌കളങ്കമായ ചിരിയായിരുന്നു കുഞ്ഞാക്കോസാറിനു വാളും പരിചയും. ശാരീരികശിക്ഷകളില്‍ അദ്ദേഹം വിശ്വസിച്ചതുമില്ല, എന്നാല്‍, ഉഴപ്പുന്ന വിദ്യാര്‍ത്ഥികളെ പരസ്യമായി 'നല്ല പേരുകള്‍' വിളിച്ചു വരുതിയില്‍ കൊണ്ടുവരാനുള്ള ഒരു സിദ്ധിയും കുഞ്ഞാക്കോസാറിനു സ്വായത്തമായിരുന്നു. വിദ്യാര്‍ത്ഥികളെ കളിയാക്കി പതം വരുത്തുന്നതായിരുന്നു കുഞ്ഞാക്കോ സാറിന്റെ ശൈലി. ക്ലാസ്സുകളില്‍ കഥകളും സംഭവങ്ങളും ചാരുതയോടെ പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ക്കുത്തരം പറയാത്തവരെക്കൊണ്ടു ഇംപോസിഷന്‍ എഴുതിക്കുന്നതായിരുന്നു സാറിന്റെ ഒരു ശിക്ഷാരീതി. പക്ഷേ, ക്ലാസ്സ് തീരുമ്പോഴേക്കും സാറിന്റെ ദേഷ്യവും തീര്‍ന്നിരിക്കും. ഇംപോസിഷനില്‍ ഗണ്യമായ ഇളവു പ്രഖ്യാപിച്ചുകൊണ്ടാവും സാര്‍ ക്ലാസ്സില്‍നിന്നു പോവുക!
തന്റെ സ്വതഃസിദ്ധമായ നര്‍മംകൊണ്ടു സര്‍വരെയും അയത്‌നലളിതമായി ചിരിപ്പിച്ചിരുന്ന കുഞ്ഞാക്കോ സാറിനു വിധി ജീവിതത്തില്‍ കാത്തുവച്ചതു കണ്ണീര്‍ക്കടലായിരുന്നുവെന്നു തോന്നും. ഒട്ടേറെ വിവാഹാലോചനകള്‍ വന്നിരുന്നുവെങ്കിലും അതില്‍ അദ്ദേഹം കാര്യമായ താത്പര്യമൊന്നും കാണിച്ചില്ലത്രേ. വളരെ ചെറുപ്പത്തില്‍ത്തന്നെ നന്നായി കഷണ്ടി ബാധിച്ചിരുന്നു. വിവാഹവൈമുഖ്യത്തിന് അതും ഒരുപക്ഷേ, കാരണമായിരുന്നിരിക്കാം. സാര്‍ നന്നേ വെളുത്തിട്ടായിരുന്നു. കാണാന്‍ സുമുഖനും. എല്ലാവരുടെയും നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങിയപ്പോഴേക്കും സാറിനു പ്രായം നാല്പതു കടന്നിരുന്നു. ഭാര്യയായി വന്നതു ചേര്‍ത്തല തടത്തില്‍ കുടുംബത്തില്‍നിന്ന് അതിസുന്ദരിയായ ഒരധ്യാപികയും. അന്നമ്മ ഏബ്രഹാം എന്ന അന്നമ്മറ്റീച്ചര്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ മൂന്നു വര്‍ഷം പ്രശസ്ത സൈനികസേവനമനുഷ്ഠിച്ചു വിശിഷ്ടസേവനത്തിനു വൈസ്രോയി വേവല്‍ പ്രഭുവില്‍നിന്നു റോയല്‍ മെഡല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ വനിതയായിരുന്നു.
പാലാ സെന്റ് മേരീസ് സ്‌കൂളില്‍ അന്നമ്മറ്റീച്ചര്‍ അധ്യാപികയായിച്ചേര്‍ന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ, കുഞ്ഞാക്കോ സാറിനും അന്നമ്മറ്റീച്ചര്‍ക്കും ഒരു വര്‍ഷത്തെ ദാമ്പത്യജീവിതമേ വിധിക്കപ്പെട്ടിരുന്നുള്ളൂ. ആദ്യപ്രസവത്തില്‍ ഇരട്ടക്കുട്ടികളെ തന്റെ ഭര്‍ത്താവിനു സമ്മാനിച്ച് അന്നമ്മറ്റീച്ചര്‍ സ്വര്‍ഗത്തിലേക്കു യാത്രയായി. സാര്‍ മകനെ രാജുവെന്നും മകളെ റാണിയെന്നും വിളിച്ചു. കുഞ്ഞാക്കോസാര്‍ ഒരിക്കലും തന്റെ ജീവിതത്തിലെ കണ്ണീരിന്റെ നനവോ കഷ്ടപ്പാടിന്റെ കയ്‌പോ ആരെയുമറിയിച്ചതുമില്ല.
കുഞ്ഞാക്കോസാറിനു കാര്യമായ സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ശമ്പളദിവസങ്ങളില്‍ വൈകുന്നേരം വളരെ കൃത്യമായി തന്നെ വഴിയില്‍ കാത്തുനില്ക്കുന്ന സാധുക്കള്‍ക്കു ദാനധര്‍മം ചെയ്തു സന്ധ്യയ്ക്കു വീട്ടിലെത്തുമ്പോഴേക്കും ശമ്പളം കിട്ടിയ കാശു പകുതിയും തീര്‍ന്നുകഴിഞ്ഞിരിക്കും. സാറിന്റെ ദൈവശാസ്ത്രവും ധര്‍മശാസ്ത്രവും സാമ്പത്തികശാസ്ത്രവുമെല്ലാം ദൈവമുമ്പാകെ സാക്ഷ്യപ്പെടുത്തപ്പെട്ടിരുന്നതു ശമ്പളദിവസമായിരുന്നുവെന്നതാണു സത്യം.
പാലാ സെന്‍ട്രല്‍ ബാങ്കിലെ തന്റെ അക്കൗണ്ട് ബാലന്‍സ് ഒരിക്കലും മിനിമത്തിനു മുകളില്‍ പോയിരുന്നതുമില്ല. ഒന്നാംതരം വായനക്കാരനായിരുന്നു ആര്‍.എം. ചാക്കോസാര്‍. ഇത്രയേറെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ വരുത്തിയിരുന്നവരായി അക്കാലത്തു വേറേ അധികമാളുകള്‍ അന്നു പാലായിലുണ്ടായിരുന്നില്ല എന്ന് പാലാ രവിസാര്‍ പറഞ്ഞിട്ടുണ്ട്. രവിസാര്‍ കുഞ്ഞാക്കോസാറിന്റെ ഇഷ്ടശിഷ്യരുടെ ഗണത്തില്‍ മുന്‍നിരക്കാരനായിരുന്നു, പിന്നെ കാലമെത്തുംമുമ്പേ കടന്നുപോയ പ്രൊഫ. ഓസ്റ്റിന്‍ മൈക്കിള്‍ സാറും. വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകളും നാണയങ്ങളും ശേഖരിച്ചു സൂക്ഷിക്കുന്ന സവിശേഷസ്വഭാവവും കുഞ്ഞാക്കോസാറിനുണ്ടായിരുന്നു.
ആര്‍.എം. ചാക്കോസാര്‍ എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തനായിരുന്നു. വ്യത്യസ്തനായ അധ്യാപകന്‍, വ്യത്യസ്തനായ ഒരു ഹെഡ്മാസ്റ്റര്‍, വ്യത്യസ്തനായ ഒരു സുഹൃത്ത്, വ്യത്യസ്തനായ ഒരു സഹൃദയന്‍, എന്നും എല്ലാവര്‍ക്കും എപ്പോഴും സമീപസ്ഥനും. ശാന്തനായിരുന്നു സാര്‍, സൗമ്യനും. പത്താം ക്ലാസ്സില്‍ ഞങ്ങളുടെ ക്ലാസ് ടീച്ചറായിരുന്നു കുഞ്ഞാക്കോ സാര്‍. എന്നും ശുഭ്രവസ്ത്രധാരി. കരയില്ലാത്ത വെള്ളമുണ്ട്. സൈഡ് കോളര്‍ വെള്ള ജുബ്ബ. സ്വര്‍ണനിറമുള്ള ബട്ടനുകള്‍. മുമ്പിലും രണ്ടു വശത്തും പോക്കറ്റുകളും. നെഞ്ചിലെ പോക്കറ്റില്‍ പേന. പേനകളുടെ ഒരു ശേഖരംതന്നെയുണ്ടായിരുന്നിരിക്കണം സാറിന്. കൈത്തണ്ടയില്‍ സ്ട്രാപ്പുള്ള വാച്ച്. കാലില്‍ തോല്‍ച്ചെരുപ്പ്. കൈയില്‍ വലിയ കാലുള്ള നീളന്‍ കുട. മുഖത്തെപ്പോഴും ആരെയും നിരായുധരാക്കുന്ന ചിരി. സംസാരിക്കുമ്പോള്‍ അകമ്പടിക്ക് എപ്പോഴും കഥകളും നര്‍മവും. ഇടയ്ക്കു പൊട്ടിച്ചിരിയും. കെ. സി. സെബാസ്റ്റ്യന്‍സാറായിരുന്നു ആത്മമിത്രം. തൃശ്ശിനാപ്പള്ളിയില്‍ സതീര്‍ത്ഥ്യന്‍കൂടിയായിരുന്ന തയ്യില്‍ മത്തായി സാര്‍ ഉപദേശകനും. വയലില്‍പ്പിതാവ് സ്‌കൂളിലും കോളജിലും ബാച്ച്‌മേറ്റായിരുന്നു.
1971 ജനുവരി 13 നാണ് ആര്‍. എം. ചാക്കോ സാര്‍ അന്തരിച്ചത്. ചരമശുശ്രൂഷാമധ്യേ പ്രസംഗിക്കവേ, സതീര്‍ത്ഥ്യനുമായുള്ള ഗാഢസൗഹൃദം ഓര്‍മിച്ച ബിഷപ്പിനു കണ്ഠമിടറി. പറഞ്ഞുവന്നതു മുഴുമിപ്പിക്കാനാവാതെ സംസ്‌കാരശുശ്രൂഷാപ്രാര്‍ത്ഥനകളിലേക്കു മടങ്ങി. നിറകണ്ണുകളോടെ ആത്മസുഹൃത്തിനോടു വിട ചൊല്ലി, വികാരസാന്ദ്രമായിത്തന്നെ. കാലം കാത്തു നില്ക്കുന്നില്ലല്ലോ. എത്ര വേഗമാണ് അമ്പതുവര്‍ഷം നമ്മെയെല്ലാം കടന്നുപോയത്.
പ്രിയ ഗുരുനാഥന് ഓര്‍മപ്പൂക്കളുടെ സ്‌നേഹ്രപ ണാമം!