•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിശ്വസ്തനായ സന്ദേശവാഹകന്‍

സ്വര്‍ഗീയസൈന്യത്തിന്റെ ഏഴ് അധിപന്മാലൊരാള്‍ എന്നു യഹൂദശാസ്ത്രിമാര്‍ ഗബ്രിയേലിനെ കരുതുന്നു. അല്ലയോ ഗബ്രിയേല്‍, അങ്ങ് ദൈവത്തിന്റെ ജനറല്‍ ആയിരിക്കുന്നതിനോടൊപ്പം വിശ്വസ്തനായ ദൂതനുംകൂടിയാണ്. അതേ, വിശ്വസ്തനായ സന്ദേശവാഹകന്‍! വിശ്വസ്തനായ സന്ദേശവാഹകന്‍ രഞ്ജനം വരുത്തുന്നു എന്നാണല്ലോ സുഭാഷിതങ്ങളിലും പറഞ്ഞിരിക്കുന്നത്.
ഗബ്രിയേല്‍ എന്ന വാക്കിന്റെ സാരം ദൈവത്തിന്റെ മനുഷ്യന്‍ എന്നാണല്ലോ. ആ പദം അന്വര്‍ത്ഥമാകുംവിധം അങ്ങ് ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയില്‍ പ്രവര്‍ത്തിച്ചതിനു നിരവധി സന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. പൂര്‍വജോസഫിനു വഴികാണിച്ചുകൊടുത്തത് (ഉത്പ. 37:15), മോശയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത് (നിയമ. 34:6), ദൈവജനത്തിനെതിരേ വന്ന അസീറിയന്‍ സൈന്യത്തെയും അതിന്റെ തലവന്‍ സാന്‍ഹെമീബിനെയും സംഹരിച്ചത് (2 ദിന. 32:21), ദാനിയേലിനെ സഹായിക്കാന്‍ എത്തിയത് (ദാനി. 8:16; 9:21) ഇങ്ങനെ എണ്ണിയെണ്ണിപ്പറയാന്‍ അനേകമുണ്ട്.
അങ്ങ് കന്യകാമേരിയോട് അറിയിച്ച മംഗളവാര്‍ത്തയെക്കുറിച്ചുതന്നെയാകട്ടെ ആദ്യചിന്ത.  ശുഭസൂചകമായ, ശ്രേയസ്‌കരമായ, സന്തോഷകരമായ, ദൈവകൃപയാല്‍ നിറഞ്ഞത് എന്നും മറ്റുമുള്ള ചിന്തയാണ് മംഗളപദം മലയാളികളില്‍ ഉണര്‍ത്തുന്നത്. അങ്ങു ദൂത് അറിയിക്കുന്നതിനുമുമ്പുതന്നെ മേരിയെ അഭിസംബോധന ചെയ്യുന്നത്, ''കൃപ നിറഞ്ഞവളേ'' എന്നാണ്. എന്നിട്ട് സ്വസ്തി എന്നുകൂടി അഭിവാദ്യം ചെയ്യുന്നുണ്ട്. അങ്ങ് ഇതിലൂടെ ലോകത്തോടു നല്കുന്ന സന്ദേശം മേരി കൃപനിറഞ്ഞവളാണ്, അവള്‍ സ്തുതി അര്‍ഹിക്കുന്നു, സ്തുതിക്കപ്പെടേണ്ടവളാണ് എന്നുതന്നെയാണ്. മറിയയ്ക്കു ധൈര്യം പകര്‍ന്നുകൊണ്ട് അങ്ങു പറയുന്നതും ശ്രദ്ധേയമാണ്: ''ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.'' മംഗളവാര്‍ത്തയുടെ എല്ലാ അര്‍ത്ഥതലങ്ങളും ഇവിടെ നമുക്കു വായിച്ചെടുക്കാം. ഭാഗ്യം, ശുഭം, അനുഗ്രഹം, ശ്രേയസ്‌കരം, ധീരം അങ്ങനെ എല്ലാം.
ദൈവം തന്റെ മംഗളദൂതുകള്‍ അറിയിക്കാനായി പ്രത്യേകം തിരഞ്ഞെടുത്ത മാലാഖയാണ് അങ്ങ് എന്നു വ്യക്തമാക്കുന്ന തരത്തിലാണ് വിശുദ്ധ ലൂക്കാ അങ്ങയെക്കുറിച്ചു പ്രതിപാദിക്കുന്നത്.
യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള സന്ദേശത്തില്‍ അങ്ങു സഖറിയായോടു പറഞ്ഞ വാക്കുകള്‍തന്നെ മംഗളസൂചനകള്‍ നല്കുന്നതാണ്: ''സഖറിയാ, ഭയപ്പെടേണ്ട, നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യോഹന്നാന്‍ എന്നു പേരിടണം. നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്ലാദിക്കുകയും ചെയ്യും.'' ഇവിടെയും മംഗളദൂതിന്റെ പ്രസക്തി വ്യക്തമാകുന്നുണ്ട്.
ചില മംഗളകര്‍മങ്ങള്‍ സമൂഹത്തിനു മുഴുവന്‍ അനുഭവവേദ്യമാകുമല്ലോ. അവിടെയാണ് വിശ്വസ്തനായ സന്ദേശവാഹകന്‍ രഞ്ജനം കൈവരുത്തുന്നു എന്ന വാക്യത്തിന്റെ പ്രായോഗികത. അനുഗ്രഹം, സന്തുഷ്ടി, ആനന്ദം തുടങ്ങിയ ശുഭസന്ദേശങ്ങളുമായി എത്തുന്ന ഗബ്രിയേല്‍ദൂതാ, അങ്ങയെ ഞങ്ങള്‍ രഞ്ജനത്തിന്റെ ദൂതന്‍ എന്നു വിളിക്കട്ടെ.
മറിയത്തിന്റെ മുന്നില്‍നിന്ന് അപ്രത്യക്ഷനായ അങ്ങു പ്രത്യക്ഷനായത് ജോസഫിന്റെ മുന്നിലാണ്. അതും ജോസഫ് ഒരു ചിന്താക്കുഴപ്പത്തിലായിരുന്ന നേരത്ത്. ചിന്താക്കുഴപ്പത്തിലെന്നു പറയാന്‍ പറ്റില്ല; ഉറച്ച തീരുമാനംതന്നെ എടുത്തിരുന്നു എന്നു മത്തായി സുവിശേഷകന്റെ വാക്യങ്ങളില്‍(മത്തായി. 1:19)നിന്നു മനസ്സിലാക്കാം. ജോസഫിനു പ്രത്യക്ഷനായി അങ്ങു പറഞ്ഞു: ''മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട.'' ജോസഫ് തന്റെ തീരുമാനത്തില്‍നിന്നു പിന്മാറി. ജോസഫ് നിദ്രയില്‍നിന്നുണര്‍ന്ന്  കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ  പ്രവര്‍ത്തിച്ചു. അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു'' (മത്താ 1:20;24). ഇവിടെയും സുഭാഷിതഭാഷ്യം പ്രാവര്‍ത്തികമാകുന്നത് ഞങ്ങള്‍ കാണുന്നു. അതേ, അങ്ങു വിശ്വസ്തനായ സന്ദേശവാഹകനാണ്; രഞ്ജകനുമാണ്.
അനപത്യതാദുഃഖത്താല്‍ പീഡിപ്പിക്കപ്പെട്ടിരുന്ന അന്ന-ജൊവാക്കിം ദമ്പതികള്‍ക്കു മുന്നിലേക്ക് അങ്ങു ദൂതുമായെത്തി. അനപത്യതാദുഃഖത്താല്‍ ക്ലേശിച്ചിരുന്നവര്‍തന്നെയായിരുന്നു സഖറിയാ-എലിസബത്ത് ദമ്പതികളും. പക്ഷേ, ആ ദമ്പതികള്‍ സമൂഹത്തില്‍ അധികം അപഹസിക്കപ്പെട്ടിരുന്നില്ല എന്നു കരുതണം.
അങ്ങ് അന്നയുടെ സമീപത്തെത്തുമ്പോള്‍ അന്ന നല്ല ഉറക്കത്തിലായിരുന്നു. ക്ഷീണിച്ചുള്ള ഉറക്കം! തന്റെ മനസ്സില്‍ നിറഞ്ഞുനിന്ന പരിഭവവും വേദനയുമെല്ലാം ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച അന്ന ക്ഷീണത്താല്‍ ഉറങ്ങുന്നതു കണ്ട അങ്ങ് അവളെ 'മകളേ അന്നേ,' എന്നു വിളിച്ചുകൊണ്ട് ഉണര്‍ത്തിയെന്നാണു പാരമ്പര്യം പറയുന്നത്. അങ്ങയുടെ വിളികേട്ടുണര്‍ന്ന അന്നയെ ദൈവത്തിന്റെ സന്ദേശം അറിയിക്കുന്നു: ''നിന്റെ ദുഃഖവും മനംനൊന്തുള്ള പ്രാര്‍ത്ഥനയും ദൈവം ശ്രവിച്ചിരിക്കുന്നു. മേലില്‍ നിന്നെ സന്താനങ്ങളില്ലാത്തവളെന്നു പറഞ്ഞ് പരിഹസിക്കാതിരിക്കാനായി ദൈവം നിനക്കൊരു കുഞ്ഞിനെ നല്കും. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രിയെ പ്രസവിക്കും.'' ഇതോടൊപ്പം മരുഭൂമിയില്‍ ഉദ്ദിഷ്ടസാധ്യത്തിനായി തപസ്സനുഷ്ഠിച്ചിരുന്ന ജൊവാക്കിമിനും പ്രത്യക്ഷനായി ദൈവത്തിന്റെ ദൂത് അറിയിക്കുന്നുണ്ട്.
ഈ ദൂതിലും പ്രാര്‍ത്ഥനയാല്‍ ഉണ്ടാകുന്ന അനുഗ്രഹം, ആനന്ദം, സന്തുഷ്ടി, എന്നിവ വ്യക്തികള്‍ക്കു മാത്രമല്ല സമൂഹത്തിനാകമാനം അനുഭവവേദ്യമാകുന്നുണ്ട്.
അല്ലയോ വിശുദ്ധ ഗബ്രിയേലേ, വിശ്വസ്തനായ സന്ദേശവാഹകനായ അങ്ങു രഞ്ജനം കൈവരുത്തുന്ന ദൈവത്തിന്റെ ദൂതനാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)