തിരുപ്പട്ടസ്വീകരണത്തോടെ പുരോഹിതന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനാവുകയല്ല, സ്ലീവായില്‍ തറയ്ക്കപ്പെടുകയാണ്. ദൈവത്തില്‍നിന്നു നിര്‍ഗളിക്കുന്ന പരിശുദ്ധിയാല്‍ വൈദികര്‍ പ്രശോഭിക്കണം. എല്ലാവിധ ചിന്തകളിലുംനിന്നു വിട്ടുനില്ക്കാന്‍ മിശിഹായില്‍ വിശുദ്ധീകരിക്കപ്പെടുന്ന പുരോഹിതനു സാധിക്കണം. സുവിശേഷത്താല്‍ രൂപാന്തരപ്പെട്ട ഒരു ജീവിതസാക്ഷ്യംവഴിയേ പുരോഹിതര്‍ക്കു ലോകത്തില്‍ ദൈവത്തെ പുനഃപ്രതിഷ്ഠിക്കാന്‍ കഴിയൂ.
കര്‍ദിനാള്‍ റോബര്‍ട്ട് സറാ പൗരോഹിത്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവയ്ക്കുന്ന പുതിയ ഗ്രന്ഥത്തിന്റെ ശീര്‍ഷകമാണ് ''എന്നന്നേക്കും'' (For the Eternity) എന്നത്.
ലോകമെമ്പാടുമുള്ള വൈദികവിദ്യാര്‍ത്ഥികള്‍ക്കു സമര്‍പ്പണം ചെയ്തിരിക്കുന്ന ഈ ഗ്രന്ഥം 2021 നവംബര്‍ മാസത്തിലാണ് ഫ്രഞ്ചുഭാഷയില്‍ പാരീസില്‍ പ്രസിദ്ധീകൃതമായത്. പ്രസ്തുത ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
നിങ്ങളോരോരുത്തരുടെയും പക്കല്‍, സഹോദരനെപ്പോലെ, സ്‌നേഹിതനെപ്പോലെ, പിതാവിനെപ്പോലെ, ഈശോമിശിഹായുടെ തുല്യരായ ശിഷ്യന്മാരെന്ന നിലയില്‍ ഏറ്റവും വിനയമോടെ താന്‍ അണയുന്നു എന്നു പറഞ്ഞുകൊണ്ടാണ് കര്‍ദിനാള്‍ സറാ ആമുഖം ആരംഭിക്കുന്നത്.
സഭയില്‍, തിരുപ്പട്ടസ്വീകരണവും ആദ്യകുര്‍ബാനയര്‍പ്പണവും വലിയ തിരുനാളാഘോഷമാണ്. യുവവൈദികര്‍ തങ്ങളെത്തന്നെ കര്‍ത്താവിനു സമര്‍പ്പിക്കുന്നതു കാണുമ്പോള്‍ എത്ര വലിയ ആനന്ദമാണ് നമ്മള്‍ അനുഭവിക്കുന്നത്. അനേകവര്‍ഷങ്ങള്‍ പൗരോഹിത്യത്തോടു വിശ്വസ്തരായിരുന്ന വയോധികവൈദികരുടെ ക്ഷീണിതവും ചുളിവുകള്‍ വീണതുമായ മുഖത്തു സ്ഫുരിക്കുന്ന ആഴമുള്ള ആനന്ദം ദര്‍ശിക്കാത്തവര്‍ ഇല്ലല്ലോ? പരിപൂര്‍ണമായ ആനന്ദത്തിലേക്ക്, അതായത്, സ്വര്‍ഗത്തിലേക്ക് ആത്മാക്കളെ നയിക്കുന്ന ദൈവികജീവന്‍ പകര്‍ന്നുനല്കുന്ന സ്രോതസ്സാണ് പൗരോഹിത്യശുശ്രൂഷ.
എങ്കിലും, ഇക്കാലത്ത്, വൈദികരുടെ ജീവിതത്തിനുമേല്‍ അന്ധകാരത്തിന്റെ നിഴല്‍ വീശുന്നുണ്ട്. വൈദികരെ സംബന്ധിച്ച് ലൈംഗികാതിക്രമങ്ങളുടെയും മറ്റു ധാര്‍മികാപചയങ്ങളുടെയും വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പുറത്തുവരുന്നു.
ഈ യാഥാര്‍ത്ഥ്യങ്ങളുടെ നേരേ കണ്ണടയ്ക്കുക സാധ്യമല്ല. പൗരോഹിത്യം ആടിയുലയുന്നു. തിന്മപ്രവൃത്തികള്‍ക്കായി പൗരോഹിത്യം ദുരുപയോഗം ചെയ്യുന്നു. അവര്‍ ലൗകികബഹുമാനവും മഹത്ത്വവും അന്വേഷിക്കുന്നു. ഭൗതികസുഖങ്ങളും ധനമോഹവും വൈദികരുടെയും മെത്രാന്മാരുടെയും കര്‍ദിനാള്‍മാരുടെയുംവരെ ഹൃദയങ്ങളെ ദുഷിപ്പിക്കുന്നു. വിറയലോടും കണ്ണീരോടുംകൂടിയല്ലാതെ ഇക്കാര്യങ്ങള്‍ എങ്ങനെ പ്രതിപാദിക്കും?
ഇതൊക്കെ നിസ്സാരമായി തള്ളിക്കളയുക സാധ്യമല്ല. എന്തുകൊണ്ട് ഇത്രമാത്രം അപചയവും പരാജയവും? ദൈവജനം വല്ലാതെ വിമര്‍ശിക്കുന്നതു നിസ്സാരമായി കാണാനാവില്ല. ''നിങ്ങള്‍ ഫരിസേയരെപ്പോലെയാണ്. നിങ്ങള്‍ പ്രസംഗിക്കുന്നതു പ്രവര്‍ത്തിക്കുന്നില്ല.'' വിശ്വാസികള്‍ തങ്ങളുടെ വൈദികരെ സംശയത്തോടെ വീക്ഷിക്കുന്നു. അവിശ്വാസികള്‍ അവരെ പുച്ഛത്തോടെ കാണുന്നു.
എന്താണിതിനു പ്രതിവിധി യെന്നാണു ഗ്രന്ഥകര്‍ത്താവ് തുടര്‍ന്നു ചോദിക്കുന്നത്. പൗരോഹിത്യസംവിധാനത്തെത്തന്നെ പൊളിച്ചെഴുതാന്‍ ചിലര്‍ നിര്‍ദേശിക്കുന്നു. നമുക്ക് ഇഷ്ടംപോലെ മാറ്റം വരുത്താന്‍ പൗരോഹിത്യം ഒരു മാനുഷികസൃഷ്ടിയല്ല, അതു ദൈവികദാനമാണെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു. തിരുപ്പട്ടസ്വീകരണത്തോടെ പുരോഹിതന്‍ സിംഹാസനത്തില്‍ ഉപവിഷ്ടനാവുകയല്ല, സ്ലീവായില്‍ തറയ്ക്കപ്പെടുകയാണ്. വിശുദ്ധിയില്‍ പ്രശോഭിക്കാനാണ് പുരോഹിതന്‍ കടപ്പെട്ടിരിക്കുന്നത്. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്നു: ''പുരോഹിതന്റെ മനസ്സ് സൂര്യരശ്മികളെക്കാള്‍ നിര്‍മലമായിരിക്കണം. ഞാനല്ല, മിശിഹായാണ് എന്നില്‍ ജീവിക്കുന്നതെന്നു പറയാന്‍ അവനു സാധിക്കണം.''
സഭയുടെ ഏറ്റവും വിശിഷ്ടമായ വരദാനമാണ് പൗരോഹിത്യം. ദൈവത്തിന്റെ പരിശുദ്ധി ലോകത്തില്‍ പരത്തുന്നത് പൗരോഹിത്യമാണ്.
ദൈവത്തില്‍നിന്നു നിര്‍ഗളിക്കുന്ന പരിശുദ്ധിയാല്‍ വൈദികര്‍ പ്രശോഭിക്കണം. വൈദികര്‍ ഈശോമിശിഹായെ അനുകരിച്ച് പരിപൂര്‍ണരും വിശുദ്ധരുമാകണം. വൈദികരെന്ന നിലയില്‍ മാനുഷികവും ക്രിസ്തീയവുമായ എല്ലാ പുണ്യങ്ങളും ആര്‍ജിക്കണം. ജീവിതം സുതാര്യമായിരിക്കണം. ലൗകികവും അശുദ്ധവുമായ എല്ലാവിധ ചിന്തകളിലുംനിന്നു വിട്ടുനില്ക്കാന്‍ മിശിഹായില്‍ വിശുദ്ധീകരിക്കപ്പെടുന്ന പുരോഹിതനു സാധിക്കണം.
ഈശോമിശിഹാ തന്ന പൗരോഹിത്യമെന്ന അതിവിശിഷ്ടവജ്രക്കല്ലില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുമൊത്ത് 'ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴത്തില്‍നിന്ന്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. പൗരോഹിത്യജീവിതത്തെ പുനരുദ്ധരിക്കാന്‍ ഞങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കല്ല, പിന്നെയോ, നിര്‍ഭാഗ്യവശാല്‍ ചില വിവാദവ്യാഖ്യാനങ്ങള്‍ക്കാണു പ്രചാരം ലഭിച്ചത്.
എങ്കിലും ഈ ഗ്രന്ഥം ശ്രദ്ധയോടും സന്മനസ്സോടുംകൂടി പാരായണം ചെയ്ത ഒരാളുണ്ട്: പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പാ. പാപ്പാ ഇപ്പോള്‍ പുരോഹിതന്റെ യഥാര്‍ത്ഥ അസ്തിത്വം കണ്ടെത്താന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നു.
ഈ ഗ്രന്ഥത്തില്‍ ഞാന്‍ അവലംബിക്കുന്ന മാര്‍ഗം വിശുദ്ധരുടെ ചിന്തകള്‍ പങ്കുവയ്ക്കുക എന്നതാണ്. അവരുടെ വാക്കുകള്‍ നമ്മോടു സംസാരിക്കും. അതിലൂടെ പുരോഹിതന്റെ യഥാര്‍ത്ഥ സ്വത്വം വൈദികര്‍ക്കും ദൈവജനത്തിനും തിരിച്ചറിയാനാകും.
ദൈവത്തിന് അവിടുത്തെ അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ ലൗകികപ്രലോഭനങ്ങള്‍ക്കു വശംവദരാകരുത്. ''കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് അളന്നുകിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്കു ലഭിച്ചിരിക്കുന്നു'' (സങ്കീ. 15:5,6).
ദൈവത്തെ തള്ളിക്കളയുന്ന ആധുനികസംസ്‌കാരത്തില്‍ ദൈവത്തെ പുനഃപ്രതിഷ്ഠിക്കാന്‍ പുരോഹിതനു കഴിയണം. അതാണ് അവന്റെ ധര്‍മം. സുവിശേഷത്താല്‍ രൂപാന്തരപ്പെട്ട ഒരു ജീവിതസാക്ഷ്യംവഴിയേ പുരോഹിതര്‍ക്കു ലോകത്തില്‍ ദൈവത്തെ പുനഃപ്രതിഷ്ഠിക്കാന്‍ കഴിയൂ.
നിത്യപുരോഹിതനായ മിശിഹായുടെ പാദാന്തികത്തിലിരുന്ന് അവിടുത്തെ സ്വന്തം ജീവിതത്തില്‍ സ്വാംശീകരിക്കാനാണ് ഈ ഗ്രന്ഥം പുരോഹിതനോട് ആഹ്വാനം ചെയ്യുന്നത്.
317 പേജുള്ള ഈ ഗ്രന്ഥത്തില്‍ പതിന്നാല് അധ്യായങ്ങളിലായി വി. ആഗസ്തീനോസ്, വി. ജോണ്‍ ക്രിസോസ്റ്റം, മഹാനായ വി. ഗ്രിഗറി, വി. ബര്‍ണാര്‍ദ്, സിയന്നായിലെ വി. കാതറൈന്‍, വി. ജോണ്‍ ഹെന്റി ന്യൂമാന്‍, പന്ത്രണ്ടാം പീയുസ് പാപ്പാ, ജോര്‍ജ് ബര്‍ണാനോസ്, കാര്‍ഡിനല്‍ ലുസ്തിഗര്‍, വി. ജോണ്‍പോള്‍ രണ്ടാമന്‍, ബനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സീസ് മാര്‍പാപ്പാ എന്നിവരുടെ പഠനങ്ങള്‍ ദീര്‍ഘമായി ഉദ്ധരിച്ച് അതിന്മേലുള്ള തന്റെ ധ്യാനചിന്തകള്‍ പങ്കുവയ്ക്കുകയാണ് കര്‍ദിനാള്‍ റോബര്‍ട്ട് സറാ ചെയ്യുന്നത്.