വാനവും ഭൂമിയും സൃഷ്ടിച്ചൊരുക്കി
അവയിലായദ്ഭുതദൃശ്യങ്ങള്‍ ചേര്‍ത്ത്
ജീവകുലത്തിന്നു മംഗളമരുളും
സ്‌നേഹപിതാവിനെ കൈവണങ്ങുന്നു.
പരമാണുതന്നിലു, മോരോരോ ജീവ-
ജാലവൃന്ദങ്ങള്‍ക്കുമുതകുന്ന മട്ടില്‍
തവ ജീവശക്തിതന്‍ ജ്വാല ചെലുത്തി
പാലിക്കും നാഥനെ കൈവണങ്ങുന്നു.
സുഖദുഃഖം തിരതല്ലും ഇക്കര്‍മഭൂവില്‍
സകലേശസൃഷ്ടികള്‍ കണ്ടു വസിപ്പാന്‍
സൗഭാഗ്യജന്മത്തെ വരദാനമായി-
ട്ടേകിയ സര്‍വ്വേശാ, കൈവണങ്ങുന്നു.
അഖിലേശ, സ്‌നേഹസ്വരൂപാ, നമിപ്പൂ
വിസ്മയപ്പൊരുളേ, സൗഭാഗ്യദാതാവേ,
സര്‍വഗുണത്തിന്നുടയോനുമായ
നന്മസ്വരൂപനെ കൈവണങ്ങുന്നു.