രണ്ടാം പിണറായി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയെന്നു വിശേഷിപ്പിക്കുന്ന കെ-റെയില്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയെക്കുറിച്ച് ദീപനാളം ജനുവരി 13 ലക്കത്തില്‍ ശ്രീ തോമസ് കുഴിഞ്ഞാലില്‍ എഴുതിക്കണ്ടു. ഇതു സാധാരണ ജനത്തിനു പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണോയെന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന ചോദ്യം. കേരളത്തിലെ പ്രതിപക്ഷവും മേധാ പട്കറെപ്പോലുള്ള പരിസ്ഥിതിവാദികളും എന്തിന്, ഇടതുപക്ഷസഹയാത്രികരായ ശാസ്ത്രസാഹിത്യപരിഷത്തും മറ്റുമുയര്‍ത്തുന്ന ചോദ്യവും ഇതുതന്നെ.
ആര്‍ക്കും പ്രയോജനപ്പെടാത്ത ഒരു പദ്ധതിയുമില്ലെന്നു നമുക്കറിയാം. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഈ ബൃഹത്പദ്ധതിക്കും ഗുണഭോക്താക്കളെ കിട്ടാതിരിക്കില്ല. എന്നാല്‍, കേരളംപോലുള്ള ഒരു കൊച്ചുസംസ്ഥാനത്ത്, അതിനെ നെടുകെ കീറിമുറിച്ചുകൊണ്ട്, ഏക്കര്‍ക്കണക്കിനു തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും തകര്‍ത്തുവാരി കോടിക്കണക്കിനു രൂപ കടംവാങ്ങി ചെലവഴിച്ച് ഇത്തരമൊരു പാത ആവശ്യമുണ്ടോയെന്നാണു നിഷ്പക്ഷമതികളുടെ ചോദ്യം. സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി 64,000 കോടി രൂപയാണു ചെലവു കണക്കാക്കിയിരിക്കുന്നതെങ്കിലും പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 1.10 ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് മെട്രോമാന്‍ ശ്രീധരനെപ്പോലുള്ളവര്‍ പറയുന്നു. ഇതു നമ്മുടെ സംസ്ഥാനത്തിനു താങ്ങാവന്നതിലും അധികമത്രേ.
ഇനി ഈ എതിര്‍പ്പുകളെയെല്ലാം മറികടന്ന് പദ്ധതി കാലത്തിന്റെ തികവില്‍ പൂര്‍ത്തിയാക്കിയെന്നിരിക്കട്ടെ. ലോകഭൂപടത്തില്‍ കേരളത്തിന്റെ ചിത്രം ഒരുപക്ഷേ മറ്റൊന്നാവാം. നല്ലതു സംഭവിക്കട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു.
രാജന്‍ തോമസ്
പത്തനംതിട്ട