പണ്ടു പണ്ട്, വളരെപ്പണ്ട്, പൂങ്കോഴികളെ കാണാന്‍ തീരെ അഴകില്ലായിരുന്നു. അക്കാലത്ത്
കാര്‍മുകിലെത്തീ മാനത്ത്
നിഴലുപരത്തീ താഴത്ത്
മഴവില്‍ത്താരു തെളിഞ്ഞപ്പോള്‍
മയിലുകളാടീ താളത്തില്‍
മയിലുകളുടെ ചന്തവും ചാരുതയും കണ്ണിമയ്ക്കാതെ നോക്കിനില്ക്കുകയാണ് തുണ്ടപ്പന്‍ പൂങ്കോഴി.
''എന്തൊരു ചന്തം!'' തുണ്ടപ്പന്‍ അറിയാതെ പറഞ്ഞുപോയി.
വര്‍ണപ്പീലി വിരിച്ചാടും
മയിലുകള്‍ കാണാനെന്തു രസം
നീലപ്പീലിക്കണ്ണുകളും
മിന്നും വര്‍ണ്ണപ്പൂഞ്ചൊടിയും.
പക്ഷേ, തനിക്കിതൊന്നുമില്ലല്ലോയെന്നോര്‍ത്ത് തുണ്ടപ്പന്‍ നെടുവീര്‍പ്പിട്ടു. അവന്‍ തന്റെ ദേഹത്തേക്കൊന്നു നോക്കി. അവിടവിടെ അഞ്ചാറു നരച്ച പൂടകള്‍. ആകെ ഒരു ഇറച്ചിത്തുണ്ടത്തിനു കാലുവച്ചപോലെ!
തലയില്‍ പൂവില്ല ശേലുമില്ല
ചാരുതയേറും ചിറകുമില്ല.
കൗതുകം തെല്ലില്ല ചന്തമില്ല.
എന്‍ദേഹമെന്തൊരു കോലമയ്യ.
തുണ്ടപ്പന്‍കോഴി തന്റെ ദേഹത്തു നോക്കി കണ്ണീരൊഴുക്കി. ഈ മയിലുകളെപ്പോലെ വര്‍ണച്ചിറകുകള്‍ അണിയാന്‍ കഴിഞ്ഞെങ്കില്‍! നല്ലൊരു വര്‍ണത്തലപ്പാവു കിട്ടിയെങ്കില്‍! തുണ്ടപ്പന്‍ അറിയാതെ ആഗ്രഹിച്ചുപോയി.
മഴക്കാറൊഴിഞ്ഞു. മയിലുകള്‍ ആട്ടം നിറുത്തി. ചിറകും പീലികളുമൊക്കെ ഒതുക്കി. മയിലപ്പന്‍ കണ്ണു വട്ടംപിടിച്ച് ചുറ്റുമൊന്നു നോക്കി.
അകന്നുമാറി വിഷണ്ണനായി നില്ക്കുന്ന തുണ്ടപ്പനെ അപ്പോഴാണ് മയിലപ്പന്‍ കണ്ടത്. തന്റെ പഴയ ചങ്ങാതിയെ കണ്ട സന്തോഷത്തില്‍ മയിലപ്പന്‍ തുണ്ടപ്പന്റെ അടുത്തേക്കു ചെന്നു. പക്ഷേ, തുണ്ടപ്പന്‍ തലയും കുനിച്ചങ്ങനെ നിന്നതേയുള്ളൂ. എന്തു പറ്റി തന്റെ ചങ്ങാതിക്ക്? മയിലപ്പന്‍ ചിന്തിച്ചു. അവന്‍ തുണ്ടപ്പന്റെ തല പിടിച്ചുയര്‍ത്തിയിട്ടു ചോദിച്ചു:
''എന്തു നിന്‍ കണ്ണു നനഞ്ഞതെന്തേ?
എന്തേ നിന്‍ കണ്ഠമിടറുന്നു?
മഴമുകില്‍ കണ്ടു ഭയന്നതാണോ?
ഇടിമിന്നല്‍ കണ്ടു വിറച്ചുപോയോ?''
പൂങ്കോഴി ഒന്നും മിണ്ടിയില്ല. പക്ഷേ, അവന്‍ മയിലപ്പന്റെ തലയിലെ പൂവില്‍ മെല്ലെ ഒന്നു തൊട്ടു നോക്കി. ദേഹത്തെ പീലിയും തിളങ്ങുന്ന വാലുമൊക്കെ തൊട്ടും തലോടിയുമങ്ങനെ നിന്നതേയുള്ളൂ.
മയിലപ്പന്‍ കാര്യങ്ങള്‍ ഏതാണ്ടൊക്കെ ഊഹിച്ചു. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ തുണ്ടപ്പന്‍ ചുണ്ടനക്കി.
''നിന്നുടെ പീലികള്‍ക്കെന്തു നിറം
എന്തൊരു ചന്തം വിടര്‍ന്നിടുമ്പോള്‍
അതുപോലെയൊന്നു മുളച്ചിരുന്നാല്‍
ആടുമേ പാടുമേ നമ്മളൊന്നായ്''
''ങാ! അതാണോ കാര്യം? എടാ തുണ്ടന്‍പൂവാ, എനിക്കീ തിളങ്ങുന്ന പൂവും പീലിയുമൊക്കെ തന്നതാരാണെന്നറിയാമോ?'' തുണ്ടപ്പന്‍ തലയുയര്‍ത്തി മയിലപ്പനെ നോക്കി.
''ആരാ?''
''ദേ...'' മയിലപ്പന്‍ മാനത്തേക്കു വിരല്‍ചൂണ്ടി. ''കണ്ടോ ആ വര്‍ണവില്ല്. ഏഴു നിറമുള്ള മഴവില്ല്! ആ വില്ല് തന്നതാ.'' മയിലപ്പന്‍ പറഞ്ഞു.
തുണ്ടപ്പന്‍പൂങ്കോഴിയുടെ കണ്ണുകള്‍ തെളിഞ്ഞുവിടര്‍ന്നു.
''ങേ; അങ്ങനെയോ?''
''അതേടാ, പൂവാ. നീ ആ മഴവില്ലിനോടു ചോദിക്ക്. നിനക്കും തരും നല്ല വര്‍ണക്കുപ്പായം.''
തുണ്ടപ്പന്‍പൂവന്‍ മാനത്തേക്കു നോക്കി; അവന്‍ കണ്ണിമയ്ക്കാതെ മഴവില്ലിനെത്തന്നെ നോക്കി; അങ്ങനെ നിന്നു കുറേ നേരം. നോക്കി നോക്കി നില്‌ക്കേ അവനു തോന്നി; മഴവില്ല് തന്നെ നോക്കി ചിരിക്കുന്നോ? തുണ്ടപ്പന്‍ കണ്ണുകള്‍ തിരുമ്മിത്തുറന്ന് വീണ്ടും നോക്കി. അതേ, മഴവില്ലു ചിരിക്കുന്നു, തന്നെ നോക്കിത്തന്നെ! പൂങ്കോഴി മയിലപ്പനെ നോക്കി. മയിലപ്പന്‍ മെല്ലെ തലയാട്ടി. അവന്‍ പറഞ്ഞു:
''കണ്ടോ, മഴവില്ല് കൈകകളുയര്‍ത്തി നീട്ടിപ്പിടിച്ചിരിക്കുന്നത്? നിന്നെ അനുഗ്രഹിക്കുകയാണ്.''
പെട്ടെന്ന് തുണ്ടപ്പന്‍പൂങ്കോഴിക്ക് ദേഹമാകെ ഒരു തരിപ്പ്. ദേഹത്തെന്തോ ഇഴയുന്നതുപോലെ... അവന്‍ ദേഹത്താകെയൊന്നു തടവിനോക്കി. തന്റെ ദേഹത്താകെ തൂവല്‍ പൊട്ടി വളര്‍ന്നുനില്ക്കുന്നു. അവന്‍ അടുത്ത അരുവിക്കരയിലേക്കോടി.
അരുവിയിലെ തെളിനീരില്‍ അവന്‍ തന്റെ നിഴല്‍ കണ്ടു.
തലയിലെ ചെമ്പട്ടുതൊപ്പി കണ്ടു.
കവിളത്തു നല്ലൊരു ചെന്താടിയും
കഴുത്തിലുമുണ്ടല്ലൊ പൊന്നാട
മഴവില്ലുപോലത്തൊരങ്കവാലും.
''ഹാ! ഹാഹാ ഹ ഹ; ഹാ'' അവന്‍ അറിയാതെ തുള്ളിച്ചാടി. തുണ്ടപ്പന്‍ പെരുവിരല്‍ ഊന്നി ചിറകുവിരിച്ച് ഒന്നു കുടഞ്ഞുനിവര്‍ന്നു. അവന്‍ മഴവില്ലു തെളിഞ്ഞുനിന്ന മാനത്തേക്കു നോക്കി. അവിടെ മഴവില്ല്; നല്ല ചിരിയുമായി നില്ക്കുന്നു.
''എന്താ സന്തോഷമായില്ലേ?'' കൈകളുയര്‍ത്തി വീശിക്കൊണ്ട് മഴവില്ല് മറഞ്ഞുപോയി.