•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നാട് വീണ്ടും വരള്‍ച്ചയിലേക്കോ?

രു മാസം മുമ്പുവരെ ജലസമൃദ്ധമായിരുന്ന നാട്ടിലെ പുഴകളൊക്കെയും വരണ്ടുതുടങ്ങിയിരിക്കുന്നു. ഏതാനും നാളുകള്‍ മുമ്പുവരെ പെരുമഴയില്‍ ഇരുകര മുട്ടി പരന്നൊഴുകിയ പുഴകളുടെ ഭാവമാറ്റം ഇന്ന് അമ്പരപ്പിക്കുന്നതാണ്. കടുത്ത മഴയില്‍ നിറയുകയും മഴ പിന്‍വാങ്ങുന്നതിനു പിന്നാലെ വെള്ളം ഒഴിയുകയും ചെയ്യുന്നതാണ് കുറച്ചു കാലങ്ങളായി സംസ്ഥാനത്തെ പുഴകളുടെ പൊതുവേയുള്ള കാഴ്ച. വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ ഇക്കുറി വളരെ നേരത്തെതന്നെ നാടിനെ  തേടിയെത്തിക്കഴിഞ്ഞു. നദികള്‍ വറ്റിവരണ്ടുതുടങ്ങി.
വരാനിരിക്കുന്നത് കടുത്ത വേനലും വരള്‍ച്ചയുമാണെന്ന സൂചനകള്‍ നല്‍കിയാണ് ജലാശയങ്ങളിലെ ജലനിരപ്പു താഴ്ന്നുകൊണ്ടിരിക്കുന്നത്. കോട്ടയത്ത് മീനച്ചിലാറ്റില്‍ പലയിടത്തും വെള്ളം മുറിഞ്ഞു മണല്‍ത്തിട്ടകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഉള്ള വെള്ളമാകട്ടെ മലിനവുമാണ്. മണിമലയാറ്റില്‍ പലയിടത്തും കല്ലു നിറഞ്ഞ അവസ്ഥയാണ്. ഒരു മാസംമുമ്പ് നിറഞ്ഞൊഴുകിയ പുഴകളില്‍ ഇപ്പോള്‍ വെള്ളം പേരിനു മാത്രം.
നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ വരുംമാസങ്ങളില്‍ കടുത്ത വരള്‍ച്ചയാവും സംസ്ഥാനത്തുണ്ടാവുക. കൃഷിയെ ഇതു ദോഷകരമായി ബാധിക്കുമെന്നതിനാല്‍ കര്‍ഷകരും ആശങ്കയിലാണ്.
പ്രളയങ്ങളെയും കടുത്ത മഴയെയുംതുടര്‍ന്ന് നദീതടങ്ങള്‍ തകര്‍ന്നതോടെ വെള്ളം പിടിച്ചു നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടതാണ് പുഴകള്‍ വരളാന്‍ കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്.
പുഴകള്‍ വറ്റുന്നത് ആശങ്കയോടെ വേണം കാണാന്‍. പെരുംമഴയിലും പ്രളയത്തിലും വെള്ളം കുത്തിയൊലിച്ചപ്പോള്‍ മേല്‍മണ്ണു നഷ്ടമായി. അതു സ്വാഭാവികമായി ജലം പിടിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ കഴിവിനെ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
പ്രകൃതിയെ മറക്കുമ്പോള്‍...
പുഴകള്‍ ഉണങ്ങുന്നു, കുളങ്ങളും തടാകങ്ങളും പ്ലാസ്റ്റിക്കുകൊണ്ടും മറ്റും മലിനമാക്കപ്പെടുന്നു, വിത്തുകള്‍ പൊട്ടിമുളയ്ക്കാത്തവിധം ഭൂമി മരുപ്പറമ്പാകുന്നു, മാലിന്യങ്ങള്‍ കുന്നുകൂടുന്നു, വനങ്ങള്‍ നശിപ്പിക്കപ്പെടുന്നു, വന്യജീവികള്‍ നാട്ടിലിറങ്ങുന്നു, അവ വേട്ടയാടപ്പെടുന്നു... പരിസ്ഥിതിക്കെതിരായ തെറ്റുകള്‍ തുടരെയുണ്ടാകുമ്പോള്‍ വരള്‍ച്ചയായും പ്രളയമായും രോഗങ്ങളായും അതിന്റെ തിക്തഫലങ്ങള്‍ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.  
മഴക്കാലം കഴിയുമ്പോള്‍ത്തന്നെ കേരളത്തില്‍ ചൂടുകാലം ആരംഭിക്കുന്നു.  മഴ സ്ഥിരമായി ലഭിച്ചിരുന്ന വയനാടും മഞ്ഞും മലയും സുന്ദരിയാക്കിയ ഇടുക്കിയും എല്ലാം ഇന്നു വരള്‍ച്ചയുടെ പിടിയിലാണ്. കൊടുംചൂടിലും വരള്‍ച്ചയിലും പൊരിയുമ്പോഴും 44 നദികള്‍ പശ്ചിമഘട്ടത്തില്‍നിന്നുദ്ഭവിച്ച് കേരളക്കരയില്‍ ജലസമൃദ്ധി പകരുന്നുണ്ടെന്നത് വസ്തുതയാണ്.  ശുദ്ധജലതടാകങ്ങള്‍ ഏറെയുള്ള ഈ മണ്ണില്‍ വെള്ളം വേണ്ടുവോളം ഉണ്ടാകേണ്ടതാണ്. ലഭിക്കുന്ന ജലസമ്പത്തു വേണ്ടവിധത്തില്‍ സംരക്ഷിക്കാതിരിക്കുന്നതാണ് ജലദൗര്‍ലഭ്യത്തിനു കാരണമാകുന്നത്. പെയ്യുന്ന ജലത്തിലേറെയും  കടലിലെത്തുന്നു. ജലം ഒഴുകിപ്പോകാതെ, മണ്ണില്‍ സംഭരിച്ചുവയ്ക്കുവാന്‍ കഴിയുന്ന തണ്ണീര്‍ത്തടങ്ങള്‍, കുളങ്ങള്‍, നിലങ്ങള്‍ എന്നിവ കുറഞ്ഞത് ജലദൗര്‍ലഭ്യത്തിനു  കാരണമാണ്.  വ്യവസായമാലിന്യങ്ങളുടെ കൂമ്പാരമാണ് പല നദികളും എന്നതും വിസ്മരിച്ചുകൂടാ. മണല്‍ഖനനവും   ഭൂഗര്‍ഭജലനിരപ്പിന്റെ താഴ്ച വര്‍ധിക്കാനിടയാക്കുന്നു.
അരുവികളും പുഴകളും സംരക്ഷിക്കപ്പെടട്ടെ, അവ സ്വച്ഛമായി ഒഴുകട്ടെ, ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടാതിരിക്കട്ടെ, മണ്ണില്‍ പൊന്നു വിളയട്ടെ, ഭൂമി ആര്‍ദ്രമാകട്ടെ, അതില്‍ ഫലസമൃദ്ധി നിറയട്ടെ, മഴ മുന്‍കാലങ്ങളിലേതുപോലെ സംഹാരരുദ്രയാവാതിരിക്കട്ടെ, കൊടുംവേനലില്‍ അകപ്പെടാതെ മികച്ചൊരു കാലാവസ്ഥയിലേക്കു നാടെത്തട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)