ആയിരിക്കുന്ന അവസ്ഥയില്‍നിന്ന് ആയിത്തീരേണ്ട അവസ്ഥയിലേക്കുള്ള പ്രയാണമാണ് മനുഷ്യജീവന്‍. ശ്രദ്ധയും കരുതലും കൊടുത്തു സംരക്ഷിച്ചാല്‍ തകര്‍ന്ന പലതിനെയും വീണ്ടെടുക്കാന്‍ കഴിയും. മനുഷ്യന് അസാധ്യമായതു സാധ്യമാക്കുന്ന ഒരു ദൈവം നമ്മെ നയിക്കാനുണ്ട്.
''ദൈവം ആര്?'' - മനുഷ്യന്റെ ഹൃദയത്തില്‍ എന്നുമുയരുന്ന ചോദ്യമാണിത്. ബൈബിളിലെ ആദ്യഗ്രന്ഥമായ ഉത്പത്തിപ്പുസ്തകത്തില്‍ ഈ ചോദ്യത്തിനുള്ള മനോഹരമായ ഉത്തരം നല്‍കുന്നുണ്ട്. ചില പ്രത്യേക പദ്ധതികള്‍ മനുഷ്യന്റെ ജീവിതത്തില്‍ നിറവേറ്റുന്നവനാണു ദൈവം. ഒളിച്ചിരിക്കുന്നവനെ വിളിച്ചിറക്കുന്നവനായാണ് ആദ്യം ദൈവം പ്രത്യക്ഷപ്പെടുന്നത്. ''ആദം, നീ എവിടെ?'' എന്ന ചോദ്യവുമായി ഏദന്‍തോട്ടത്തില്‍ ദൈവം കടന്നുവരുന്നു. നമ്മുടെയെല്ലാം ജീവിതത്തില്‍ ഈ ചോദ്യം ദൈവം ഉയര്‍ത്തുന്നുണ്ട്. ''ഞാനെവിടെ നില്‍ക്കേണ്ടവനാണ്'' എന്ന ആത്മശോധനയ്ക്കുവേണ്ടിയാണ് ഈ ചോദ്യമുയര്‍ത്തുന്നത്. ലോകത്തിലെ നൂറുകൂട്ടം കാര്യങ്ങളില്‍ മനസ്സു വ്യാപൃതമാകുമ്പോള്‍ നാം ദൈവത്തെ മറന്നുപോവാം. പ്രാര്‍ത്ഥനാജീവിതത്തില്‍നിന്നും കൗദാശികജീവിതത്തില്‍നിന്നും നാം അകലുമ്പോള്‍ ഈ ചോദ്യം ആവര്‍ത്തിക്കപ്പെടാം. ആവശ്യങ്ങളുടെ പിന്നാലെ ഓടുന്ന മനുഷ്യന്‍ അടിസ്ഥാനകാര്യങ്ങള്‍ മറന്നുപോകുമ്പോള്‍ മനഃസാക്ഷിയില്‍ ഉയരുന്ന ചോദ്യമാണിത്. മനുഷ്യര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് പരസ്പരമുള്ള അറിവു വര്‍ദ്ധിക്കാനാണ്. എന്നാല്‍, ദൈവം ചോദ്യം ചോദിക്കുന്നത് ആത്മവിമര്‍ശനത്തിനുവേണ്ടിയാണ്.
ഉത്പത്തി 4:9 ല്‍ 'കായേന്‍, നിന്റെ സഹോദരനായ ആബേല്‍ എവിടെ?' എന്ന ചോദ്യമാണുയര്‍ത്തുന്നത്. പരസ്പരബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും തലങ്ങളില്‍ സംഭവിക്കാവുന്ന പരാജയങ്ങളെ ഓര്‍മിപ്പിക്കുന്ന ചോദ്യമാണിത്. ചെറിയ കാര്യങ്ങളുടെ പേരില്‍ അപരനുമായി പരിഭവത്തില്‍ കഴിയുന്നവരാണോ നാം? വിദ്വേഷവും പകയുംകൊണ്ടു കൊട്ടിയടയ്ക്കപ്പെട്ട ഹൃദയങ്ങള്‍ തുറക്കപ്പെടണം. പുതിയ വര്‍ഷത്തിലൂടെ കടന്നുപോകുമ്പോള്‍ പരസ്പരസ്‌നേഹത്തിന്റെ മേഖലകളിലേക്കു ദൃഷ്ടി തിരിയണം. ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറയുകയും മനുഷ്യരെ അവഗണിക്കുകയും ചെയ്യുന്ന രീതി എന്നിലുണ്ടോ? നീതിയില്ലാത്ത ഭക്തരെക്കാള്‍ ഭക്തിയില്ലാത്ത നീതിമാനെ സ്‌നേഹിക്കുന്ന ദൈവമാണ് ബൈബിളിലെ ദൈവം.
കായേന്റെമേല്‍ അടയാളമിട്ടു സംരക്ഷിക്കുന്ന ദൈവത്തെയാണു തുടര്‍ന്നു നാം കാണുന്നത്. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ദൈവം അടയാളമിടുന്നുണ്ട്. ഈജിപ്തിലെ ഇസ്രായേല്‍ഭവനത്തിന്റെ കട്ടിളപ്പടിയുടെ മുകളില്‍ കുഞ്ഞാടിന്റെ രക്തംകൊണ്ട് അടയാളമിടാന്‍ അവിടുന്ന് ആജ്ഞാപിച്ചു. വിശുദ്ധ കൂദാശകളാല്‍ അടയാളമിടപ്പെട്ടവരാണു നമ്മള്‍. പൗരോഹിത്യത്തിന്റെയും സന്ന്യാസത്തിന്റെയും വേഷങ്ങള്‍ ഒരടയാളമാണ്. വിവാഹിതരുടെ വിരലിലെ മോതിരവും ഭാര്യയുടെ കഴുത്തിലെ താലിയും വേര്‍തിരിക്കപ്പെട്ടതിന്റെ അടയാളങ്ങളാണ്.
തിന്മയുടെ കൂടാരത്തില്‍ നന്മ തേടുന്ന ദൈവത്തെയാണ് ഉത്പത്തി 8, 9 അധ്യായങ്ങളില്‍ നാം കാണുന്നത്. തിന്മ നിറഞ്ഞ ലോകത്തെ ഒരു പ്രളയത്തിലൂടെ സംഹരിക്കുമ്പോള്‍ നന്മ നിറഞ്ഞ ഒരു കുടുംബത്തെ ദൈവം കണ്ടു. അതു നോഹയുടെ കുടുംബമായിരുന്നു. ചുറ്റുപാടുകളില്‍ തിന്മ മാത്രം കണ്ടു നിരാശരാകാതെ നന്മകളെയും കാണാന്‍ പഠിക്കണം. ആശുപത്രിക്കിടക്കയിലെ രോഗിയില്‍ മറഞ്ഞിരിക്കുന്ന ജീവന്റെ നന്മയെ കാണുക. ക്ലാസ്‌റൂമില്‍ കലഹിക്കുന്ന കുട്ടികളില്‍ നാളത്തെ നന്മയുടെ നാമ്പുകള്‍ കാണുക. മദ്യപനായ മനുഷ്യനില്‍ വീണ്ടെടുക്കപ്പെടാന്‍ സാധ്യതയുള്ള വ്യക്തിത്വത്തെ കാണുക. ആയിരിക്കുന്ന അവസ്ഥയില്‍നിന്ന് ആയിത്തീരേണ്ട അവസ്ഥയിലേക്കുള്ള പ്രയാണമാണ് മനുഷ്യജീവന്‍. ശ്രദ്ധയും കരുതലും കൊടുത്തു സംരക്ഷിച്ചാല്‍ തകര്‍ന്ന പലതിനെയും വീണ്ടെടുക്കാന്‍ കഴിയും. ഹൃദയത്തെ ഒരു 'ഷോകേസ്' ആക്കാതെ 'വേസ്റ്റ് ബോക്‌സ്' ആക്കി സൂക്ഷിക്കാം. പൊട്ടിപ്പോയതിനും തകര്‍ന്നുപോയതിനുമെല്ലാം ഇടം കൊടുക്കുന്ന ഒരു ബോക്‌സായി ജീവിതം മാറട്ടെ. ഒന്നും ശരിയാകില്ല എന്നു കരുതി നിരാശപ്പെടരുത്. മനുഷ്യന് അസാധ്യമായതു സാധ്യമാക്കുന്ന ഒരു ദൈവം നമ്മെ നയിക്കാനുണ്ട്. നന്മ കാണാനും, സംസാരിക്കാനും, ചിന്തിക്കാനും നമുക്കു കഴിയട്ടെ. നന്മ കാണുന്ന ദൈവസ്വഭാവത്തില്‍ അപ്പോള്‍ നമ്മളും പങ്കാളികളായിത്തീരും.
നിരാശയുടെ നീര്‍ച്ചുഴിയുടെ മുകളില്‍ മഴവില്ലു വിരിയിക്കുന്ന ദൈവത്തെ ഉത്പത്തിപ്പുസ്തകത്തില്‍ നാം കാണുന്നു. എല്ലാം തീര്‍ന്നു എന്നു കരുതിയ പ്രളയത്തിന്റെ അവസാനത്തില്‍ ചക്രവാളസീമകളില്‍ ഒരു മഴവില്ലു വിരിഞ്ഞുവന്നു. എല്ലാം കഴിഞ്ഞു എന്നു കരുതിയ ജീവിതത്തില്‍ മഴവില്ലു വിരിയിച്ചവനാണ് ദൈവം. വാര്‍ദ്ധക്യത്തില്‍ എല്ലാം കഴിഞ്ഞുവെന്നു കരുതിയ അബ്രാഹത്തിന്റെയും സാറായുടെയും ജീവിതത്തില്‍ ഇസഹാക്കിലൂടെ ദൈവം മഴവില്ലു വിരിയിച്ചു. പ്രായാധിക്യത്താല്‍ തളരാന്‍ തുടങ്ങിയ സഖറിയായുടെയും എലിസബത്തിന്റെയും ജീവിതത്തില്‍ സ്‌നാപകയോഹന്നാനെ നല്‍കിക്കൊണ്ട് പുതിയ മഴവില്ലു തീര്‍ത്തു. ജീവിതത്തിന്റെ ഇരുളടഞ്ഞ മേഖലകളില്‍ പ്രതീക്ഷ നല്‍കുന്നവനാണ് ദൈവം. വിവിധങ്ങളായ ജീവിതാനുഭവങ്ങള്‍ നമ്മെ അസ്വസ്ഥരാക്കിയേക്കാം. എന്നില്‍ത്തന്നെ ആശ്രയിച്ച് അവയെ നേരിടുമ്പോള്‍ ഞാന്‍ തളരാം. ദൈവത്തോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ചാല്‍ ഏതു പ്രതിസന്ധിയെയും നമുക്കു തരണം ചെയ്യാന്‍ കഴിയും. മനുഷ്യരോടു സംസാരിക്കുമ്പോള്‍ നിരാശയും മുന്‍വിധിയും നമ്മില്‍ നിറയും. ദൈവത്തോടു ബന്ധപ്പെട്ടു ജീവിച്ചാല്‍ നവോന്മേഷമുള്ളവരായി നാം മാറും.