പാലാ: എസ്.എം.വൈ.എം. പാലാ രൂപതാഘടകത്തിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ സമാപനവും പുതിയ പ്രവര്‍ത്തനവര്‍ഷത്തിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി രണ്ടിന് പാലാ അല്‍ഫോന്‍സാ കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. രൂപത ഡറക്ടര്‍ ഫാ. തോമസ് സിറിള്‍ തയ്യില്‍ മുഖ്യവരണാധികാരിയായിരുന്നു. പുതിയ ഭാരവാഹികളായി ജോസഫ് സെബാസ്റ്റ്യന്‍ കിണറ്റുകര ചേറ്റുതോട്(പ്രസിഡന്റ്), റിന്റു റെജി പ്ലാശനാല്‍ (വൈസ് പ്രസിഡന്റ്), ഡിബിന്‍ ഡൊമിനിക് കുറവിലങ്ങാട് (ജന. സെക്രട്ടറി), എഡ്വിന്‍ ജോസ് കീഴൂര്‍ (ഡെപ്യൂട്ടി പ്രസിഡന്റ്), ടോണി ജോസഫ് കവിയില്‍ ഉള്ളനാട് (സെക്രട്ടറി), നവ്യ ജോണ്‍ തീക്കോയി(ജോയിന്റ് സെക്രട്ടറി), മെറിന്‍ തോമസ് കുറവിലങ്ങാട് (ട്രഷറര്‍), ലിയ തെരേസ് ബിജു മൂലമറ്റം, ലിയോണ്‍സ് സൈ കടനാട് (കൗണ്‍സിലേഴ്‌സ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
വാര്‍ഷികാഘോഷങ്ങള്‍ രൂപത വികാരി ജനറല്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ആനിമേറ്റേഴ്‌സ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഇരുപത്തിയെട്ടാം ബാച്ചില്‍ പങ്കെടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഒരു വര്‍ഷക്കാലം മികവു പുലര്‍ത്തിയ യൂണിറ്റുകള്‍ക്കും ഫൊറോനകള്‍ക്കുമുള്ള സമ്മാനവിതരണവും, ഓരോ ഫൊറോനയിലുംനിന്ന് എ, ബി, സി, ഡി വിഭാഗങ്ങളില്‍ ആദ്യത്തെ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന യൂണിറ്റുകള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. മാര്‍സ്ലീവാ മെഡിസിറ്റിയുമായി ചേര്‍ന്ന് വാക്‌സിനേഷന്‍ ക്യാമ്പില്‍ സഹായിച്ചവരെയും രൂപതയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിച്ചവരെയും ഗുഡ് സമരിറ്റന്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സില്‍ പ്രവര്‍ത്തിക്കുന്നവരെയും കോശി കമ്മീഷന്‍ സര്‍വ്വേയില്‍ സഹകരിച്ചവരെയും ആദരിച്ചു. രൂപതയിലെ മികച്ച പ്രവര്‍ത്തകര്‍ക്കുള്ള ഡാനിയേല്‍-എസ്‌തേര്‍ അവാര്‍ഡുകളും രൂപതാതലത്തില്‍ നടത്തിയ ഹഗ് എ ട്രീ കോമ്പറ്റീഷന്‍, അടിക്കുറിപ്പുമത്സരം, സ്റ്റാറ്റസ് വീഡിയോ കോമ്പറ്റിഷന്‍, പ്രസംഗമത്സരം എന്നിവയുടെ സമ്മാനങ്ങളും വിതരണം ചെയ്തു.