കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021 ലെ അവാര്‍ഡിന് കേരളത്തില്‍നിന്ന് നാലുപേര്‍ അര്‍ഹരായി.
പ്രശസ്ത നോവലിസ്റ്റും കഥാകാരനുമായ ജോര്‍ജ് ഓണക്കൂറിനെ ആത്മകഥാവിഭാഗത്തില്‍ അവാര്‍ഡിനര്‍ഹനാക്കിയത് അദ്ദേഹത്തിന്റെ ആത്മകഥയായ ''ഹൃദയരാഗങ്ങള്‍'' ആണ്.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് റിട്ടയേര്‍ഡ് അധ്യാപകനായ ഓണക്കൂര്‍ സംസ്ഥാനസര്‍വവിജ്ഞാനകോശം ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹൃദയരാഗങ്ങള്‍, ഉള്‍ക്കടല്‍, പര്‍വതങ്ങളിലെ കാറ്റ്, സമതലങ്ങള്‍ക്കപ്പുറം, അടരുന്ന ആകാശം തുടങ്ങിയവ പ്രധാന കൃതികള്‍. ഇദ്ദേഹത്തിന്റെ മൂന്നു നോവലുകള്‍ സിനിമയാക്കിയിട്ടുണ്ട്.
രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കെ.സി.ബി.സി. അവാര്‍ഡ്, തകഴി അവാര്‍ഡ്, കേശവദേവ് സാഹിത്യഅവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ വേറെ.
തിരക്കഥാകൃത്ത്, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ രഘുനാഥ് പലേരിയുടെ 'അവര്‍ മൂവരും ഒരു മഴവില്ലും' എന്ന കൃതിക്കാണ് ബാലസാഹിത്യത്തിനുള്ള അവാര്‍ഡ്. ദേവദൂതന്‍, മധുരനൊമ്പരക്കാറ്റ്, മഴവില്‍ക്കാവടി, വിസ്മയം തുടങ്ങി ഇരുപതിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുണ്ട്. കേരളസംസ്ഥാന ഫിലിം അക്കാദമിയുടെ നവാഗതസംവിധായകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മലയാളത്തില്‍നിന്നുള്ള യുവ അവാര്‍ഡിന് ഇത്തവണ അര്‍ഹനായിരിക്കുന്നത് ഇടുക്കി കാഞ്ചിയാര്‍ സ്വദേശിയായ മോബിന്‍ മോഹനാണ്. 'ജക്കരന്ത' എന്ന നോവലിനാണ് അവാര്‍ഡ്. ആനുകാലികങ്ങളില്‍ സ്ഥിരസാന്നിധ്യമാണ് മോബിന്‍ മോഹന്റെ രചനകള്‍. അക്ബര്‍ കക്കട്ടില്‍ നോവല്‍ പുരസ്‌കാരം, നളന്ദ പുരസ്‌കാരം, കൊലുമ്പന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കട്ടപ്പന മുനിസിഫ് കോടതി ജീവനക്കാരനായ മോബിന്‍ വജ്രജൂബിലി പ്രോജക്ട് കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജില്ലാ കോ ഓര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുറമ്പോക്ക്, ആകാശം പെറ്റ തുമ്പികള്‍ എന്നിവയാണ് മറ്റു കൃതികള്‍.
വിവര്‍ത്തനസാഹിത്യത്തിനുള്ള അവാര്‍ഡ് സുധാകരന്‍ രാമന്തളിക്കാണ്. കന്നഡസാഹിത്യകാരനായ ചന്ദ്രശേഖര്‍ കമ്പറിന്റെ ശിഖസൂര്യ എന്ന നോവലിന്റെ മലയാളപരിഭാഷയാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. യു.ആര്‍. അനന്തമൂര്‍ത്തി, എസ്.എല്‍. ഭൈരപ്പ, ആര്‍. കെ. നാരായണന്‍ തുടങ്ങി നിരവധി പ്രശസ്ത എഴുത്തുകാരുടെ കൃതികള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.