•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിദ്യാഭ്യാസം സുവിശേഷമാക്കിയ ധന്യാത്മാവ്

ശോമിശിഹായില്‍നിന്ന് ''പഠിപ്പിക്കുക'' എന്ന നിയോഗം ഏറ്റെടുത്തുകൊണ്ടാണ് (മത്താ 28:20) സഭ തന്റെ കെരിഗ്മ അഥവാ സുവിശേഷപ്രഘോഷണം സമാരംഭിച്ചത്. അപ്പസ്‌തോലന്മാര്‍ തുടങ്ങി ഇന്നുവരെയുള്ള പ്രേഷിതരും വിശുദ്ധരുമായവരിലൂടെ സഭ ഈ ദൗത്യം നിര്‍വഹിച്ചുവരുന്നു. കേരളസഭയും സുവിശേഷപ്രഘോഷണത്തോടു ബന്ധപ്പെടുത്തി, വിദ്യാഭ്യാസകാര്യങ്ങളില്‍ അവളുടെ ശ്രദ്ധയും താത്പര്യവും പ്രകടമാക്കിയിട്ടുണ്ട.് ദൈവികജ്ഞാനത്താല്‍ നിറഞ്ഞ്, കേരളസമൂഹത്തിന്റെ ആത്മീയ, സാംസ്‌കാരിക, സാമ്പത്തികമേഖലകളെ മാത്രമല്ല, അവരെ ഭാഷാപരമായും വളര്‍ത്തിയ മിഷനറിമാരുടെയും വിശുദ്ധ പിതാക്കന്മാരുടെയും നിരയില്‍ പ്രമുഖസ്ഥാനം നേടിയ ഒരു മഹാത്മാവാണ്, ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമമെത്രാനും വിശുദ്ധ കുര്‍ബാനയുടെ ആരാധനാസഭാ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി (1873-1925).
നാട്ടിലെ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനാര്‍ത്ഥം റോമിലയയ്ക്കപ്പെട്ട്, അവിടെ ഒമ്പതു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി, കുര്യാളശ്ശേരി ബഹു. തോമ്മാച്ചന്‍ വൈദികനായി 1899 ല്‍ തിരിച്ചെത്തുമ്പോള്‍ നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള ആവേശവും ദര്‍ശനവും കൈമുതലാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും സുവിശേഷവത്കരണത്തിന്റെ സാര്‍വത്രികതയും സാകല്യതയും വെളിപ്പെടുത്തിക്കൊണ്ട് സര്‍വജനത്തോടുമുള്ള പ്രതിബദ്ധതയില്‍ അടിയുറച്ചു. മാര്‍ ചാള്‍സ് ലവീഞ്ഞു പിതാവ് വികാരി അപ്പസ്‌തോലിക്കയായിരുന്ന കാലത്ത്(1887-1896) സ്ഥാപിതമായ സെന്റ് ബെര്‍ക്കുമാന്‍സ് സ്‌കൂളില്‍ ബോര്‍ഡിങ് റെക്ടറായി നിയമിതനായപ്പോള്‍ വിദ്യാഭ്യാസരംഗംതന്നെ അദ്ദേഹത്തിന്റെ പ്രഥമ പ്രേഷിതമേഖലയായി. തുടര്‍ന്ന്, ഇടവകപ്രേഷിതരംഗത്തു പ്രവര്‍ത്തിക്കുമ്പോഴും, ജനങ്ങളുടെ ആത്മീയവും ലൗകികവുമായ ഉന്നമനത്തിന് വിദ്യാഭ്യാസത്തെപ്പോലെ ഉപകരിക്കുന്ന ഉപാധികള്‍ വേറേയില്ലെന്നു മനസ്സിലാക്കുകയും സ്‌കൂള്‍ നടത്തിപ്പു സംബന്ധമായ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. 1911 ല്‍, തന്റെ 38-ാമത്തെ വയസ്സില്‍ ചങ്ങനാശ്ശേരിയുടെ മൂന്നാമത്തെ വികാരി അപ്പസ്‌തോലിക്കയായി സ്ഥാനമേല്‍ക്കുമ്പോള്‍ അന്നത്തെ വിദ്യാഭ്യാസത്തിന്റെ ശോച്യാവസ്ഥ തിരിച്ചറിഞ്ഞ്, സാമൂഹികമാറ്റങ്ങളെയും സമുദായമുന്നേറ്റങ്ങളെയും യഥാവിധി ഉള്‍ക്കൊണ്ട് ഈ രംഗത്ത് പൂര്‍വാധികം പ്രവര്‍ത്തനോന്മുഖനാകുകയായിരുന്നു.  
ഗവണ്‍മെന്റംഗീകാരം ലഭിച്ചിട്ടുള്ള പ്രൈമറിതലത്തിലുള്ള വിദ്യാലയങ്ങള്‍തന്നെ വിരലിലെണ്ണാവുന്നവ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.  അതിനാല്‍, ഇടവകകള്‍ തോറും മലയാളം, ഇംഗ്ലീഷ് സ്‌കൂളുകള്‍ക്കായി യത്‌നിച്ച പിതാവ്, ഇടവകവൈദികരുടെയും വിശ്വാസികളുടെയും സഹകരണം നേടി, കുറഞ്ഞൊരു കാലംകൊണ്ട് ധാരാളം പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിച്ചു.  അവയില്‍ കന്യകാമഠങ്ങളോടനുബന്ധിച്ചുതന്നെ സ്ഥാപിക്കപ്പെട്ട പ്രൈമറി, മിഡില്‍ സ്‌കൂളുകള്‍ 24 എണ്ണമാണ്. പിന്നീട് ഇടവകകള്‍തോറും ഓരോന്ന് എന്ന വിധത്തില്‍ കത്തോലിക്കാ സ്‌കൂളുകള്‍ വര്‍ദ്ധിച്ചുവന്നു. ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ അന്ന് ചങ്ങനാശ്ശേരി, എടത്വാ, പാലാ എന്നീ സ്ഥലങ്ങളിലും മാന്നാനം കൊവേന്തയോടു ചേര്‍ന്നും ഓരോന്നുവീതം മാത്രമാണ് ഉണ്ടായിരുന്നത്.  അന്ന് പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ക്കൂടി വ്യാപിച്ചുകിടന്ന ചങ്ങനാശ്ശേരി രൂപതയുടെ വ്യാപ്തിക്കനുസൃതം ഇവ പര്യാപ്തമല്ലെന്നു വന്നപ്പോള്‍ കുറവിലങ്ങാട്, രാമപുരം, കൈനകരി തുടങ്ങിയ സ്ഥലങ്ങളിലായി പത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും പിതാവ് സ്ഥാപിച്ചു. വി. കുര്‍ബാനയോടുള്ള ഭക്തിയാല്‍ പ്രേരിതനായി അദ്ദേഹം സ്ഥാപിച്ച ആരാധനാസന്ന്യാസിനീസമൂഹത്തിലെ പ്രഥമാംഗമായിരുന്ന മദര്‍ ഷന്താളിന്റെ സഹകരണത്തില്‍ ചമ്പക്കുളം, തുരുത്തി, മല്ലപ്പള്ളി, വാഴപ്പള്ളി, അതിരമ്പുഴ, മുത്തോലപുരം എന്നിവിടങ്ങളിലും ഒട്ടേറെ സ്‌കൂളുകള്‍ സ്ഥാപിതമായി.
പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ പിതാവിനുണ്ടായിരുന്ന നിശ്ചയദാര്‍ഢ്യം, അക്കാലഘട്ടത്തില്‍ വിപ്ലവകരമെന്നുതന്നെ വിശേഷിപ്പിക്കേണ്ടതാണ്. അതേക്കുറിച്ച്  അദ്ദേഹം ഇങ്ങനെ എഴുതുകയുണ്ടായി: ''മുത്തോലി, പുളിങ്കുന്ന്, ചമ്പക്കുളം, ആദിയായ കന്യകാമഠങ്ങളില്‍ ഹയര്‍ ഗ്രേഡ് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി കോട്ടയം, ആലപ്പുഴ മുതലായ സ്ഥലത്തുള്ള കന്യകാമഠങ്ങളില്‍ ഇംഗ്ലീഷ് ലോവര്‍ ഗ്രേഡ് പള്ളിക്കൂടങ്ങള്‍ ഉള്ളതിനും പുറമേ, ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി ചങ്ങനാശ്ശേരി കന്യകാമഠത്തോടു ചേര്‍ന്ന് നമ്മുടെ ശക്തിയില്‍ കവിഞ്ഞ ദ്രവ്യവ്യയം ചെയ്ത്, പെണ്‍കുട്ടികള്‍ക്കായി ഒരു ഇംഗ്ലീഷ് ഹൈസ്‌കൂളും, കോളജില്‍ ചേര്‍ന്നു പഠിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്കായി തിരുവനന്തപുരത്ത് ഒരു താത്കാലിക മഠവും ബോര്‍ഡിങ്ങും സ്ഥാപിച്ചിട്ടുണ്ട്'' (ഇടയലേഖനം 28). ഇതുകൂടാതെ പെണ്‍കുട്ടികളുടെ നന്മയെ ലക്ഷ്യമാക്കി ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളും സ്ഥാപിച്ചു. വി. അല്‍ഫോന്‍സാമ്മ ഉള്‍പ്പെടെ അനേകം അധ്യാപികമാരെ വാര്‍ത്തെടുത്ത ഈ സ്‌കൂള്‍ അതിന്റെ ശതാബ്ദിയും പിന്നിട്ടിരിക്കുന്നു.
എന്നാല്‍, വിദ്യാഭ്യാസസംബന്ധമായി പിതാവു ചെയ്ത പ്രവര്‍ത്തനങ്ങളുടെ മകുടമായി ശോഭിക്കുന്നത് ചങ്ങനാശ്ശേരിയിലെ സെന്റ് ബെര്‍ക്കുമാന്‍സ് കോളജാണ്. 1965-ല്‍ ബെര്‍ക്കുമാന്‍സ് കോളജില്‍ നടന്ന സയന്‍സ് എക്‌സിബിഷനോടനുബന്ധിച്ച് മലയാള മനോരമ പുറത്തിറക്കിയ സപ്ലിമെന്റില്‍, 'കോട്ടയം സി.എം.എസ്. കോളജ് ഒഴിച്ചാല്‍ മധ്യതിരുവിതാംകൂറില്‍ മറ്റൊരു കലാലയവും അന്നുണ്ടായിരുന്നില്ല. നിത്യസ്മരണാര്‍ഹനായ കുര്യാളശ്ശേരില്‍ തിരുമേനിയുടെ ദീര്‍ഘവീക്ഷണവും സമുദായോന്നമനതാത്പര്യവുംകൊണ്ടാണ് ഈ കോളജ് ജന്മമെടുത്തത്' എന്നു പ്രസ്താവിച്ചിരിക്കുന്നത് ഈയവസരത്തില്‍ അനുസ്മരണീയമാണ്.  കേവലം അടിസ്ഥാനവിദ്യാഭ്യാസമല്ല, ഉന്നതവിദ്യാഭ്യാസം നേടുന്ന കേരളസമൂഹത്തെ സ്വപ്നം കണ്ടുകൊണ്ട് ഒരുപാടു ക്ലേശങ്ങളേറ്റെടുത്തു സ്ഥാപിച്ച ബെര്‍ക്കുമാന്‍സ് കോളജിന്റെ ഈ ശതാബ്ദിവര്‍ഷത്തില്‍, ഈ സ്ഥാപനംവഴി ഉളവായ സദ്ഫലങ്ങളുടെ വ്യാപ്തിയെ നിര്‍ണയിക്കുമ്പോള്‍, അത് സ്ഥാപകസ്വപ്നത്തെയും അതിശയിക്കുന്നുവോ എന്നു സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. അക്കാലത്ത് മധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസപുരോഗതിയില്‍ ഏറ്റവുമധികം സംഭാവന നല്‍കിയത് കുര്യാളശ്ശേരിപ്പിതാവിന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി വികാരിയാത്ത് ആയിരുന്നു. പത്തിലധികം ഇടയലേഖനങ്ങള്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കു വിശദീകരണമായും പ്രചോദനമായും വിദ്യാഭ്യസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഉദ്‌ബോധനമായും പിതാവ് നല്‍കിയിക്കുന്നത്, ഇക്കാര്യത്തില്‍ വ്യക്ത്യധിഷ്ഠിതമോ സാമുദായികാധിഷ്ഠിതമോ ആയ മനോഭാവത്തെയും ലക്ഷ്യത്തെയും മറികടന്നുകൊണ്ടുതന്നെയാണ്. പാവങ്ങളെ പാര്‍ശ്വവത്കരിക്കുന്ന ശൈലിയെയും കമ്യൂണിസത്തിന്റെയും നിരീശ്വരവാദത്തിന്റെയും അതിപ്രസരത്തെയും വിശ്വാസരഹിതവും സന്മാര്‍ഗനിഷ്ഠാനിഷേധവുമായ വിദ്യാഭ്യാസത്തിന്റെ ദുഷ്ഫലങ്ങളെയും ചൂണ്ടിക്കാണിക്കുന്ന ഈ ലേഖനങ്ങള്‍ കത്തോലിക്കാവിദ്യാലയങ്ങളുടെ ലക്ഷ്യം സാധിക്കുന്നതിനുള്ള കാര്യത്തില്‍ ഒരു ഒഴികഴിവിനും മുതിരുന്നില്ല എന്നത് കേരളസഭയുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ വിശദീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. ഗാര്‍ഹികസഭയായ കുടുംബത്തിലുള്ള വിദ്യാഭ്യസനത്തിനുള്ള പ്രാഥമികത്വം എടുത്തുപറയാനും പിതാവു മടിക്കുന്നില്ല  ''മനുഷ്യന്‍ ആത്മശരീരങ്ങളെന്ന മൂലതത്ത്വങ്ങളോടുകൂടിയവനും, അവന്റെ ആത്മാവ,് ബുദ്ധി, മനസ്സ് എന്ന ശക്തികളോടുകൂടിയവനും ആകുന്നു. കൂടാതെ, മനുഷ്യനു ശരീരസുഖത്തിലും ജ്ഞാനത്തിലും അടങ്ങിയിരിക്കുന്ന ഐഹികഭാഗ്യവും ദൈവദര്‍ശനത്തിലും സായുജ്യത്തിലും അടങ്ങിയിരിക്കുന്ന പാരത്രികഭാഗ്യവും ഉണ്ട്,  ഇതുകള്‍ക്കനുസരണമായിരിക്കണം കുട്ടികളുടെ വളര്‍ത്തലും വിദ്യാഭ്യാസവും' എന്ന് ഇടയലേഖനം 28 ല്‍ അദ്ദേഹം മാതാപിതാക്കളെ ഉപദേശിക്കുന്നു. അധ്യാപകവൃത്തി ഒരു തൊഴില്‍ മാത്രമായി കണക്കാക്കപ്പെട്ടേക്കാം എന്ന അവസ്ഥയില്‍ തിരുസ്സഭയുടെ വിദ്യാഭ്യാസകര്‍ത്തവ്യം നിറവേറ്റുന്നതിനെക്കുറിച്ചു ബോധവാനാകുന്ന പിതാവ് അത് ഒരു പ്രേഷിതവൃത്തിയാണ് എന്ന് കത്തോലിക്കാ അധ്യാപകരെ ഓര്‍മിപ്പിക്കുന്നു.
''നിങ്ങളുടെയും കുട്ടികളുടെയും മൊത്തത്തില്‍ നമ്മുടെയും നമ്മുടെ സമുദായത്തിന്റെയും നാനാഭിവൃദ്ധിയെയും ഹൃദയസമാധാനത്തെയും പ്രത്യേകം ആത്മാക്കളുടെ നിത്യരക്ഷയെയും പരമോദ്ദേശ്യമാക്കിക്കൊണ്ട് നാം നിങ്ങള്‍ക്കയയ്ക്കുന്ന ഈ ഗൗരവമേറിയ ലേഖനത്തെ എല്ലാവരും മനസ്സിരുത്തി കേട്ട് തദനുസരണം നടക്കുന്നതിനു സശ്രദ്ധന്മാരായിരിക്കണമെന്ന് ഓരോരുത്തരോടും നാം അപേക്ഷിക്കയും കല്പിക്കയും ചെയ്യുന്നു.'' 18-ാമത്തെ ഇടയലേഖനത്തിന്റെ ഈ സമാപനവാചകം തന്റെ സകല വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെയും സമഗ്രതയും ലക്ഷ്യവും എന്തെന്നു വ്യക്തമാക്കുന്നതാണ്.
കേരളത്തിന്റെ സാമൂഹികപുരോഗതിയില്‍ കത്തോലിക്കാസഭ നല്‍കിയിട്ടുള്ള സംഭാവനകളില്‍ പ്രഥമമായി ഓര്‍ക്കപ്പെടുക വിദ്യാഭ്യാസരംഗത്തുള്ള സംഭാവനയാണ്. കേരളസഭ അതിന്റെ ശക്തിയും വീര്യവും നൂറ്റാണ്ടുകളായി വിവിധരീതിയില്‍ വിദ്യാഭ്യാസത്തില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്നുള്ളത് അവിതര്‍ക്കിതമാണ്. ആനുകാലികമാറ്റങ്ങളാലും പുതുമകളാലും വിദ്യാഭ്യാസരംഗം വെല്ലുവിളിക്കപ്പെടുമ്പോഴും കത്തോലിക്കാവിദ്യാഭ്യാസത്തിന്റെ സ്വത്വം നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കേണ്ടതിന് ജ്ഞാനനിറവുണ്ടായിരുന്ന നമ്മുടെ ആത്മീയപിതാക്കന്മാരുടെ ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നമുക്കു മാതൃകയും പ്രചോദനവുമായിരിക്കുക ആവശ്യമാണ്.  വിദ്യാഭ്യാസവിഷയത്തില്‍, അവരിലൂടെ നമുക്കു ലഭിച്ചിട്ടുള്ള  പൈതൃകത്തോട്, യശഃശരീരനായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി നല്‍കിയ സംഭാവനകളെയും ഏറെ കൃതജ്ഞതയോടെ ചേര്‍ത്തുപിടിക്കാന്‍ അദ്ദേഹത്തിന്റെ ശതോത്തര സുവര്‍ണജയന്തിയാചരണം ഒരു അവസരമാകട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)