എത്ര നന്മകള്‍ സമൃദ്ധമാംവിധം
ലഭ്യമാം സ്ഥിതിയിലായിരിക്കിലും
തൃപ്തരല്ലിവിടെ മര്‍ത്ത്യരാരുമേ,
സത്യമാണിതു വിചിത്രമെങ്കിലും.
ആവലാതികളെഴാതെയുള്ളവര്‍
ഭൂവിതില്‍ വിരളമാണു കാണുക;
കൈവരാത്ത ചിലതൊക്കെയോര്‍ത്തുകൊ-
ണ്ടാകുലപ്പെടുകയാണു മാനുഷര്‍.
ഏറെയുണ്ടു ധനശേഷി, മറ്റുമൊ-
ട്ടേറെയുണ്ടു വഴികള്‍ സുഖത്തിനായ്,
തീരെ ബാധ്യതകളില്ല, ജീവിതം
ഭാരമുക്തമിതുപോലെ, യെങ്കിലും
ചുറ്റുമുണ്ടു തുണയേകുവാന്‍ സദാ
സജ്ജരായവരനേക,രുറ്റവര്‍
ശത്രുവാരുമണയാ രണത്തിനായ്,
ഭദ്രമാം നിലയിലേവമാകിലും.
ഘോരരോഗദുരിതങ്ങളാലെഴും
ക്രൂരപീഡകളറിഞ്ഞിടാതെയും
സാരമാം സഹനകാരണങ്ങളാം
വേറെ യാതനകളില്‍പ്പെടാതെയും
നഷ്ടമേകിടുമനര്‍ത്ഥമൊന്നിലും
പെട്ടിടാതെ ജയമെന്തിലും വരാന്‍
നിത്യവും നിയതി പിന്തുണയ്ക്കയാല്‍
വൃദ്ധി താന്‍ സതതവും ഭവിക്കയും.
ഇത്ര സൗഭഗ സമൃദ്ധിയൊക്കെ സം-
സിദ്ധമായ സദനങ്ങളാകിലും
വ്യക്തമാകുമൊരു സത്യമോര്‍ക്കില്‍ സം-
തൃപ്തിയില്ലിവിടെയൊന്നുമെന്നതാം.
ഒന്നിനും കുറവെഴാതെയിത്രയും
ധന്യമാം നിലയിലായിരിക്കിലും
പിന്നെയും നരനതൃപ്തിയെന്തിനാ-
ണെന്ന ചോദ്യമുയരുന്നു നിശ്ചയം.
ഏറെ നമ്മള്‍ തിരയേണ്ടതില്ലിതിന്‍
കാരണത്തി,നതിലില്ല സംശയം.
വേറെയല്ലതു, പലേ വിനയ്ക്കുമാ-
ധാരമാമമിത മോഹമൊന്നു താന്‍.
പാരിതിന്‍ സഹജമാണു മര്‍ത്യരാ-
മാരിലും ചിരമതൃപ്തിയീവിധം
നൂറില്‍ നൂറുമുളവാം ജയത്തിലും
തീരുകില്ലിവിടെ മോഹമാര്‍ക്കുമേ.
വിത്തവും പദവിയും പ്രശസ്തിയും
മറ്റു ഭൗതിക ധനങ്ങളൊക്കെയും
എത്രയുദ്ഗതിയില്‍ വന്നുചേരിലും
വ്യര്‍ത്ഥ,മീ വിജയമൊക്കെ നശ്വരം.
തേടിവച്ചു മുതലേറെ, യൊന്നുമേ
നേടിടാതൊടുവില്‍ യാത്രയാവുനാം.
കൂടൊഴിഞ്ഞു പിരിയുന്ന വേളയില്‍
കൂടെയെന്തെഴുക കൊണ്ടുപോകുവാന്‍?
ഉള്ളതെത്ര കുറവാകിലും നമു-
ക്കല്ലല്‍ വേ,ണ്ടതിനെയോര്‍ത്തു തെല്ലുമേ.
വല്ലഭന്‍ പ്രിയ സുതര്‍ക്കു നിശ്ചയം.
നല്ലതേ തരികയു,ള്ളിതോര്‍ക്കണം.