ദീപനാളം ക്രിസ്മസ് പതിപ്പ് കെട്ടിലും മട്ടിലും ഉന്നതനിലവാരം പുലര്‍ത്തി. ക്രിസ്മസിന്റെ പൊരുള്‍ ഉള്‍ക്കൊണ്ട് ഓരോ എഴുത്തുകാരും തയ്യാറാക്കിയ വിഭവങ്ങള്‍ ഏറെ ആസ്വാദ്യവും കാലഘട്ടത്തോടു നീതി പുലര്‍ത്തുന്നതുമായിരുന്നുവെന്നു പറയട്ടെ.
ക്രിസ്മസിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന ഒരു കാലത്തിലൂടെയാണു നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്തെന്നാല്‍, ലോകം ഒന്നിനൊന്ന് അസമാധാനവും അസന്തുഷ്ടിയും നിറഞ്ഞതായിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലും അനുദിനം അകലം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതല്ലേ നാം കാണുന്നത്? മതവൈരം മുമ്പത്തെക്കാളേറെ വര്‍ദ്ധിച്ചിരിക്കുന്നു. മതസൗഹാര്‍ദതത്തിനു കേള്‍വികേട്ട നമ്മുടെ കൊച്ചുകേരളത്തില്‍പ്പോലും ജനങ്ങളുടെയിടയില്‍ ചേരിതിരിവു സൃഷ്ടിക്കാനുള്ള ബോധപൂര്‍വകമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നു പറഞ്ഞാല്‍ ആരും അതു നിഷേധിക്കുമെന്നു തോന്നുന്നില്ല. ജാതിചിന്തയും വര്‍ഗചിന്തയും കുത്തിവച്ച് വിവിധ സമുദായങ്ങളെ തമ്മില്‍ അകറ്റുന്നതില്‍ നമ്മുടെ സമൂഹമാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട് എന്നു പറയാതെ വയ്യ.
സംസ്‌കാരം സംരക്ഷിക്കേണ്ടവര്‍തന്നെ സംസ്‌കാരഘാതകരാകുന്ന ഈ സ്ഥിതിവിശേഷം ലജ്ജാകരമെന്നേ പറയേണ്ടൂ. ഐക്യത്തിന്റെ സ്വരമുയര്‍ത്തുന്ന ആചാര്യന്മാരെപ്പോലും മൂലയ്ക്കിരുത്തി ന്യായാധിപവേഷം കെട്ടിയാടുന്ന ചാനല്‍ അവതാരകര്‍ സൃഷ്ടിക്കുന്ന മൂല്യച്യുതി നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്.