ഏകാധിപത്യസര്വാധിപത്യ ഭരണകൂടങ്ങളുടെയെല്ലാം പൊതുസ്വഭാവം കപടദേശീയതയാണ്. ഇതിന് ചരിത്രത്തിലെ ഏറ്റവും നല്ല ഉദാഹരണം ജര്‍മ്മനിയിലും ഇറ്റലിയിലും അധികാരത്തിലുണ്ടായിരുന്ന ഫാസിസ്റ്റ്, നാസി ഭരണകൂടങ്ങളാണ്. ഇവര്‍ ഉപയോഗിച്ച കപടദേശീയതയുടെ ഏറ്റവും വലിയ ആയുധം കപടപ്രചാരണതന്ത്രങ്ങളാണ്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ പറയുന്നതു ശ്രദ്ധിക്കുക: ''ബുദ്ധിപരവും നിരന്തരവുമായ പ്രചാരണത്തിലൂടെ ജനങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തെ നരകമായും നരകത്തെ സ്വര്‍ഗ്ഗമായും കാണിച്ചുകൊടുക്കാനാവും.'' ഹിറ്റ്‌ലറുടെ പ്രചാരണവിഭാഗം മേധാവിയായിരുന്ന ഗീബല്‍സ് പറഞ്ഞതും ഇതാണ്: ''ഒരു നുണ നൂറു പ്രാവശ്യം ആവര്‍ത്തിച്ചാല്‍ അതു സത്യമായി മാറും.''
ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന ഭരണകൂടവും അതിന്റെ പ്രത്യയശാസ്ത്രവും ഇപ്പോള്‍ നിര്‍ലജ്ജം ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. രാജ്യത്തെ കോടിക്കണക്കിനാളുകള്‍ കോവിഡ് രോഗംമൂലവും അതുമായി ബന്ധപ്പെട്ട സാമ്പത്തികപ്രതിസന്ധിയിലും വലഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതൊന്നും വകവയ്ക്കാതെ കേന്ദ്രഭരണത്തെ നിയന്ത്രിക്കുന്ന സംഘപരിവാര്‍ അവരുടെ വര്‍ഗീയ അജണ്ടകളുമായി മുന്നോട്ടുപോവുന്നുവെന്നാണ് സി.ബി.എസ്.ഇ.യുമായി ബന്ധപ്പെട്ട പാഠപുസ്തകവിവാദങ്ങള്‍ സൂചിപ്പിക്കുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലം
കോവിഡും ലോക്ഡൗണും കാരണം നഷ്ടപ്പെട്ട അദ്ധ്യയനദിനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അമിതഭാരമുണ്ടാക്കാതിരിക്കാന്‍ എന്ന പേരില്‍ സ്‌കൂള്‍ സിലബസില്‍നിന്നു 30 ശതമാനം ഭാഗങ്ങള്‍ ഒഴിവാക്കാന്‍ സി.ബി.എസ്.ഇ. തീരുമാനിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഒഴിവാക്കാന്‍ തീരുമാനിച്ച പാഠഭാഗങ്ങള്‍ ഏതെന്നു പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ സമകാലികരാഷ്ട്രീയത്തെ സാകൂതം നിരീക്ഷിക്കുന്ന ഒരാളുടെ മനസ്സില്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ഉയരും. എക്കാലവും രാഷ്ട്രീയതാത്പര്യങ്ങള്‍ക്കു വിധേയപ്പെടുന്ന സാമൂഹികപാഠപുസ്തകങ്ങളിലെ പ്രധാന ഒഴിവാക്കലുകള്‍ ഇവയാണ്:
ഒമ്പതാം ക്ലാസ്-സാമൂഹികപാഠത്തില്‍ ജനാധിപത്യാവകാശങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയുടെ സ്വഭാവം, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍.
പത്താം ക്ലാസ് - സാമൂഹികപാഠത്തില്‍ ജനാധിപത്യവും നാനാത്വവും, ജാതി, മതം, ലിംഗം, ജനാധിപത്യത്തിനുള്ള വെല്ലുവിളികള്‍, വനം - വന്യജീവി എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍.
പതിനൊന്നാം ക്ലാസ് - പൊളിറ്റിക്കല്‍ സയന്‍സില്‍ ഫെഡറലിസം, പൗരത്വം, ദേശീയത, മതനിരപേക്ഷത, ലോക്കല്‍ ഗവണ്‍മെന്റ്, ബിസിനസ് സ്റ്റഡീസില്‍ ജിഎസ്ടി, കറന്‍സി പിന്‍വലിക്കല്‍ മുതലായ പാഠഭാഗങ്ങള്‍.
പന്ത്രണ്ടാം ക്ലാസ് - പൊളിറ്റിക്കല്‍ സയന്‍സില്‍ സമകാലിക ലോകത്തിലെ സുരക്ഷ, പാരിസ്ഥിതിക പ്രകൃതിവിഭവങ്ങള്‍, ഇന്ത്യയിലെ സാമൂഹികവും നവീനവുമായ മുന്നേറ്റങ്ങള്‍, കൊളോണിയലിസം, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍ എന്നീ അയല്‍ക്കാരുമായുള്ള ഇന്ത്യയുടെ ബന്ധം, ബിസിനസ് സ്റ്റഡീസില്‍ നോട്ട് നിരോധനം എന്നിവ.
സംഘപരിവാറിന് അസ്വീകാര്യവും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ മതനിരപേക്ഷത, ജനാധിപത്യം, ദേശീയത, പൗരത്വം, പഞ്ചവല്‍സരപദ്ധതികള്‍, പ്ലാനിംഗ് കമ്മീഷന്‍, കറന്‍സി പിന്‍വലിക്കല്‍ തുടങ്ങിയ പാഠഭാഗങ്ങളുടെ കടയ്ക്കല്‍ കത്തിവച്ചു എന്ന വലിയ വിമര്‍ശനമാണ് പല ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 'കോവിഡ്പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ കഴിഞ്ഞ നാലു മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ. സ്‌കൂള്‍ സിലബസ് കാര്യമായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്' എന്നാണ് സി.ബി.എസ്.ഇ. സെക്രട്ടറി അനുരാഗ് ത്രിപാഠി വിവാദങ്ങളോടു പ്രതികരിച്ചത്. 'പഠനഭാരവും പഠിപ്പിക്കാന്‍ അധ്യാപകരുടെ മേല്‍ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന്' കേന്ദ്രമാനവവിഭവശേഷിമന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് തീരുമാനത്തോടു പ്രതികരിക്കുന്നു. അദ്ദേഹം ഒരുപടികൂടി കടന്ന് ഇങ്ങനെ പറയുന്നു: ''പ്രധാന പാഠഭാഗങ്ങളും വിഷയങ്ങളും സിലബസില്‍ നിലനിര്‍ത്തും. ഉപരിപഠനത്തിനു തടസ്സമുണ്ടാകാത്ത രീതിയിലാകും സിലബസ് പരിഷ്‌കരണം.''
മന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ സംശയം മതേതരത്വം, ദേശീയത, ജനാധിപത്യം, പൗരത്വം എന്നിവ ഒന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട സുപ്രധാന ഭാഗങ്ങള്‍ അല്ലേ എന്നാണ്? അല്ല എന്നാണ് സംഘപരിവാര്‍ ബുദ്ധിജീവികള്‍ കാലങ്ങളായി പറഞ്ഞുവരുന്നത്. അധികാരത്തിലെത്തിയപ്പോഴൊക്കെ അവരുടെ ശ്രമങ്ങള്‍ ഈ ഭാഗങ്ങള്‍ എങ്ങനെയും പാഠ്യപദ്ധതിയില്‍നിന്നു പുറത്താക്കുന്നതിനുവേണ്ടി യായിരുന്നു.
എന്തുകൊണ്ടാണ് മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയ ഇന്ത്യയുടെ ബഹുസ്വരതയും ആത്മാവുമായി ബന്ധപ്പെട്ട വാക്കുകള്‍ തുടര്‍ച്ചയായി സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നത്?
ഒഴിവാക്കലുകള്‍ എന്തിനുവേണ്ടി?
സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ദേശീയതയില്‍ മതേതരത്വത്തിനും ബഹുസ്വരതയ്ക്കും സ്ഥാനമില്ല എന്ന് ആര്‍എസ്എസ് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണെന്ന കാഴ്ചപ്പാടില്‍ രാഷ്ട്രീയസ്വയംസേവകസംഘം ഉറച്ചുനില്‍ക്കുന്നതായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ വിജയദശമിദിവസത്തിലും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നു. ''രാഷ്ട്രത്തിന്റെ സ്വത്വം, നമ്മുടെ സാമൂഹികസ്വത്വം, രാജ്യത്തിന്റെ സ്വഭാവം എന്നിവ സംബന്ധിച്ച സംഘത്തിന്റെ കാഴ്ചപ്പാടും പ്രഖ്യാപനവും വ്യക്തവും നന്നായി ചിന്തിച്ചതും ഉറച്ചതുമാണ്, ഭാരതം ഹിന്ദുസ്ഥാനാണ്, ഹിന്ദുരാഷ്ട്രമാണ്.'' മോഹന്‍ ഭാഗവത് ആര്‍.എസ്.എസിന്റെ ജന്മദിനാഘോഷച്ചടങ്ങുകള്‍ക്കിടയില്‍ പ്രഖ്യാപിച്ചു. 2024 ല്‍ 'പുതിയ ഇന്ത്യ' സൃഷ്ടിക്കപ്പെടുമെന്ന സംഘപരിവാറിന്റെ പ്രഖ്യാപനത്തിനു പിന്നിലുള്ള യഥാര്‍ത്ഥലക്ഷ്യം ഹിന്ദുരാഷ്ട്രസ്ഥാപനമാണ്. പതിറ്റാണ്ടുകള്‍ക്കുമുന്‍പ് വിനായക് ദാമോദര്‍ സവര്‍ക്കറും മാധവ് സദാശിവ ഗോള്‍വാള്‍ക്കറും സ്വപ്നം കണ്ട ഹിന്ദുരാഷ്ട്രത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് ഒന്നിനു പുറകെ ഒന്നായി ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗീയമുഖമുള്ള നിയമനിര്‍മ്മാണങ്ങളും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടെ നടത്തുന്ന ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും.
ഇന്ത്യയുടെ പ്രാണവായുവായ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഭാവിയെ സംബന്ധിച്ചിടത്തോളം സുപ്രധാനചോദ്യങ്ങള്‍ ഉയര്‍ത്തുന്നവയാണ് ബോധപൂര്‍വ്വമുള്ള ഈ ഒഴിവാക്കലുകളും നിയമനിര്‍മ്മാണങ്ങളും. സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മുന്നോട്ടുവയ്ക്കുന്ന മഹത്തായ ഒരു സങ്കല്പമുണ്ട്. ഈ രാഷ്ട്രം എല്ലാവരുടെയുമാണ് എന്ന സുന്ദരമായ സങ്കല്പം. ഈ സങ്കല്പത്തിന്റെ, സ്വപ്നത്തിന്റെ പരിശീലനവേദികളായിരുന്നു നമ്മുടെ കലാലയങ്ങളും പാഠപുസ്തകങ്ങളുമെല്ലാം. ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ നമ്മുടെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമായി സ്വതന്ത്ര ഇന്ത്യയ്ക്കു കൈമാറിക്കിട്ടിയതാണ് ''ഓള്‍ ഇന്‍ക്ലുസ്സീവ്'' എന്ന മഹത്തായ ബഹുസ്വരതയുടെ ദര്‍ശനം. ലോകത്തെ ഏറ്റവും വലിയ മതേതരജനാധിപത്യരാജ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പരമാധികാര റിപ്പബ്ലിക്കന്‍ ഭരണഘടന നിലവില്‍ വന്നപ്പോഴും അതില്‍ ഉറക്കെ പ്രഖ്യാപിച്ചത് ഈ രാഷ്ട്രം എല്ലാവരുടെയുമാണ് എന്നാണ്.
ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും അന്തച്ഛിദ്രങ്ങളെ നേരിട്ടപ്പോഴും ഈ രാഷ്ട്രം തലയുയര്‍ത്തി നിന്നത് എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയുടെ വലിയ കരുതല്‍ ഇവിടുത്തെ പാഠ്യപദ്ധതികളിലും നിയമസംവിധാനങ്ങളിലും ജനപ്രാതിനിധ്യസഭകളിലും ഉണ്ടായിരുന്നതുകൊണ്ടാണ്. പക്ഷേ, വളരെ ദുഃഖകരമെന്നു പറയട്ടെ, ബഹുസ്വരതയുടെ ഈ മഹത്തായ ദര്‍ശനങ്ങളെ അട്ടിമറിച്ചുകൊണ്ട് ഹിന്ദുരാഷ്ട്രഅജണ്ടകളുമായി കേന്ദ്രസര്‍ക്കാര്‍ വളരെ വേഗത്തില്‍ മുന്നോട്ടുപോവുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് സ്‌കൂള്‍ സിലബസുമായി ബന്ധപ്പെട്ട തമസ്‌കരണങ്ങള്‍.