ലഹരിമാഫിയ സംസ്ഥാനത്തിനകത്തും പുറത്തും പിടിമുറുക്കിയിരിക്കുന്നുവെന്ന ഭീതിജനകമായ വാര്‍ത്തയാണ് അനുദിനം നാം കേട്ടുകൊണ്ടിരിക്കുന്നത്. മയക്കുമരുന്നുവേട്ട പത്രമാധ്യമങ്ങളിലെ പതിവുവാര്‍ത്തയായിരിക്കുന്നു. നടീനടന്മാരും രാഷ്ട്രീയ, മാധ്യമപ്രവര്‍ത്തകരും നായകകഥാപാത്രങ്ങളും വില്ലന്മാരുമാകുന്ന ലഹരിമരുന്നു തിരക്കഥകള്‍ കേരളനാട്ടിലും സുലഭം.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി വില വരുന്ന മൂവായിരം കിലോ ഹെറോയിന്‍ പിടികൂടിയിട്ട് മൂന്നു മാസം പിന്നിട്ടതേയുള്ളൂ. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയായി ദേശീയമാധ്യമങ്ങള്‍ അതു റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആലുവയില്‍ മൂന്നു കിലോഗ്രാം എം.ഡി.എം.എ. രാസലഹരിമരുന്നു പിടികൂടിയിട്ടു ദിവസങ്ങള്‍ മാത്രം. ഇന്ത്യയിലെ പ്രമുഖനഗരങ്ങളില്‍ പുകയുന്ന 'റേവ്' പാര്‍ട്ടികളും ഡിജെ പാര്‍ട്ടികളും കേരളത്തിലെ നഗരങ്ങളിലെന്നല്ല, ഉള്‍ഗ്രാമങ്ങളില്‍പ്പോലും പതിവായിരിക്കുന്നു. ഏറ്റവുമൊടുവില്‍, ക്രിസ്മസ് 'ലഹരി'യില്‍ കിഴക്കമ്പലത്ത് കിറ്റൈക്‌സ് കമ്പനിയില്‍ അതിഥിത്തൊഴിലാളികള്‍ നടത്തിയ ക്രൂരമായ അഴിഞ്ഞാട്ടം മലയാളികളെയാകെ ഞെട്ടിച്ചിരിക്കുന്നു. കേരള പൊലീസിനെ ആക്രമിച്ചതും പൊലീസ് വാഹനങ്ങള്‍ തീയിട്ടുനശിപ്പിച്ചതും അടിച്ചുതകര്‍ത്തതുമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ അതിഥിത്തൊഴിലാളികളെന്നു നാം വിളിക്കുന്ന ഇതരസംസ്ഥാനത്തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായത് കേരളത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത 'ലഹരിപ്പിശാചി'ന്റെ ക്രൂരകേളികളായിരിക്കും.
ഒരു കാര്യം ശരിയാണ്. സംസ്ഥാനം ലഹരിയുടെ കൊടുംപിടിയിലാണ്. ലഹരിമരുന്നുകള്‍ അനായാസം ഇവിടെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്നത് പകല്‍പോലെ വ്യക്തം. മയക്കുമരുന്നുകച്ചവടം ഏറ്റവും വ്യാപകമായ ഇന്ത്യയിലെ 127 കേന്ദ്രങ്ങളില്‍ മൂന്നെണ്ണം തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടുമാണെന്ന് എത്രയോ വര്‍ഷം മുമ്പേ കണ്ടെത്തിയതും എത്രവട്ടം പറഞ്ഞിട്ടുള്ളതുമാണ്. പക്ഷേ, അവിടത്തെ സ്ഥിതി തഥൈവ. കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ പക്കല്‍ ഭീതിപ്പെടുത്തുന്ന കണക്കുകള്‍ ഉണ്ടായിട്ടും നിസ്സംഗത മാത്രമാണ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പ്രതികരണമെന്നതാണ് ഏറെ ഖേദകരം.
കേരളത്തിലെ സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍വരെ മയക്കുമരുന്നുമാഫിയയുടെ പിടിയിലാണെന്ന ഞെട്ടിക്കുന്ന വിവരം സംസ്ഥാന എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത് ഒരു മാസം മുമ്പാണ്. കിലോഗ്രാമിന് അഞ്ചരക്കോടി രൂപ വിലയുള്ള ലഹരിവസ്തുക്കള്‍വരെ അവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തെക്കുറിച്ച് ആദ്യമായി വരുന്ന വെളിപ്പെടുത്തലല്ല ഇത്. എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ് കേരളത്തിലെ വിദ്യാര്‍ത്ഥികളിലെ മയക്കുമരുന്നുവിപത്തിനെക്കറിച്ചു നടത്തിയ പഠനം ഭയാനകമായ വസ്തുതകളാണു കണ്ടെത്തിയത്. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ 984 വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളുമായി നേരിട്ടു സംവദിച്ചാണ് അദ്ദേഹം തന്റെ പഠനം പൂര്‍ത്തിയാക്കിയത്. ''വൈകരുത്'' എന്ന പേരില്‍ അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
മയക്കുമരുന്നുപയോഗത്തോട് സമൂഹം പുലര്‍ത്തുന്ന ന്യായീകരണമനോഭാവവും അലസചിന്താഗതിയും തിരുത്തിയില്ലെങ്കില്‍ നമ്മുടെ ഭാവിതലമുറ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുമെന്നതില്‍ സംശയമില്ല. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലക്ഷ്യം എ പ്ലസ് മാത്രമാകുമ്പോള്‍, ശരിതെറ്റുകളെക്കുറിച്ചുള്ള വിവേചനാവബോധം നഷ്ടപ്പെട്ടുപോകുന്നു. കുടുംബങ്ങളോ വിദ്യാഭ്യാസസ്ഥാപനങ്ങളോ ഇത്തരത്തിലുള്ള തിരിച്ചറിവുകളിലേക്ക് ഉണരുന്നില്ല എന്നതും പഠനസിലബസില്‍ മൂല്യാധിഷ്ഠിതമായ ജീവിതക്രമങ്ങളും ചിട്ടകളും ഉള്‍പ്പെടുത്തുന്നില്ല എന്നതും ഉത്തരവാദിത്വപ്പെട്ടവര്‍ ഗൗരവമായി കാണേണ്ടതുതന്നെയാണ്. മയക്കുമരുന്നിനടിമകളായവര്‍ ക്രിമിനലുകളല്ലെന്നും അതിനാല്‍ ജയില്‍ശിക്ഷയല്ല, കൗണ്‍സെലിങ്ങും ചികിത്സയുമാണ് അവര്‍ക്കു കൊടുക്കേണ്ടതെന്നുമുള്ള ഈയടുത്തകാലത്തെ ഔദ്യോഗികതലത്തില്‍നിന്നുള്ള ചില നിരീക്ഷണങ്ങള്‍ തള്ളിക്കളയാനാകില്ലെങ്കിലും ലഹരിവിപത്തിന് ഇതു ശാശ്വതപരിഹാരമാകുമോ എന്നു ചിന്തിക്കേണ്ടതുണ്ട്.
സമൂഹത്തില്‍ വ്യാപകമാകുന്ന മയക്കുമരുന്നുമാഫിയ്‌ക്കെതിരേ സര്‍ക്കാരും സമൂഹവും ഒന്നിച്ചണിനിരക്കണം. വിമുക്തിമിഷനിലൂടെ കേരളസര്‍ക്കാര്‍ നല്ല തുടക്കം കുറിച്ചിരിക്കുന്നത് ശ്ലാഘനീയംതന്നെ. 14 ജില്ലകളിലെയും നാലു വിദ്യാലയങ്ങള്‍ തിരഞ്ഞെടുത്ത് അവിടത്തെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ മയക്കുമരുന്നിനെതിരായ നീക്കം ആരംഭിച്ചിരിക്കുകയാണ്. അഞ്ചുവര്‍ഷംമുമ്പ് രൂപംകൊണ്ട വിമുക്തിമിഷന്‍ ഇപ്പോഴെങ്കിലും പ്രവര്‍ത്തനസജ്ജമായതില്‍ ആശ്വസിക്കുന്നതോടൊപ്പം പെട്ടെന്ന് 'അന്ത്യശ്വാസം' വലിക്കാതിരിക്കാന്‍ ജാഗരൂകരാകുകയും ചെയ്യാം. മയക്കുമരുന്നു പിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വിവരം നല്കുന്നവര്‍ക്കും പാരിതോഷികം നല്കുമെന്നും ഇതിനായി സംസ്ഥാനതലത്തില്‍ റിവാര്‍ഡ് കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്നും എക്‌സൈസ് മന്ത്രി ഈയിടെ പറഞ്ഞത് കേള്‍ക്കാന്‍ കൗതുകമുള്ള കാര്യമാണ്. ഉദ്യോഗസ്ഥന് ഒരു കേസില്‍ ഒരു ലക്ഷം രൂപ വരെയും വിവരം നല്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപവരെയുമാണത്രേ പാരിതോഷികത്തുക. ഈ പ്രഖ്യാപനത്തിന്റെയും ആയുസ്സിനെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടാനാണോ കേരളക്കരയിലെ ജനസാമാന്യത്തിനു വിധി എന്നതു കണ്ടറിയണം.