താരതമേന്യ നിസ്സാരമായ പിടലി ഉളുക്കു മുതല്‍ ഗ്രീവാകശേരുക്കളെ ആശ്രയിച്ചുണ്ടാകുന്ന മാരകമായ വ്യാധികള്‍ക്കുവരെ കാണുന്ന പ്രധാന ലക്ഷണമാണ് ഗ്രീവാഗ്രഹം. കമ്പ്യൂട്ടറില്‍ ദീര്‍ഘനേരം ജോലിചെയ്യേണ്ടിവരുന്ന മിക്കവര്‍ക്കും, ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഗ്രീവാഗ്രഹം ഒരു സാധാരണപ്രശ്‌നമാണ്. ആയുര്‍വേദചികിത്സകര്‍ക്കു മുന്നിലെത്തുന്ന രോഗികളില്‍ നല്ല ശതമാനത്തിന്റെയും അസ്വസ്ഥത ഗ്രീവാഗ്രഹം തന്നെ.
ഗ്രീവ എന്ന പദംകൊണ്ട് ജത്രുവിനെ (Neck) പൊതുവേ അര്‍ത്ഥമാക്കാമെങ്കിലും പിന്‍കഴുത്തിനെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. പൃഷ്ഠവംശത്തിന്റെ (Vertibral Column) ആദ്യത്തെ ഏഴു കശേരുക്കള്‍ക്ക് ഗ്രീവാകശേരുക്കള്‍ എന്നാണു പേര്. പച്ചമലയാളത്തില്‍ ഇത് പിടലിയാണ്. ധാരാളം പേശികള്‍, നാഡികള്‍, ലസികാഗ്രന്ഥികള്‍, രക്തക്കുഴലുകള്‍ എന്നിവ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ആയുര്‍വേദ ശാസ്ത്രപ്രകാരം ഈ ഭാഗത്ത് 16 മര്‍മങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഗ്രീവയില്‍ ഏല്‍ക്കുന്ന അഭിഘാതങ്ങളും രോഗങ്ങളും ഈ മര്‍മസ്ഥാനങ്ങളിലെല്ലാം പ്രതികൂലമായ പ്രതികരണങ്ങള്‍ ഉളവാക്കുന്നതാണ്.
ഗ്രീവാകശേരുക്കള്‍ക്കോ കശേരുസന്ധികള്‍ക്കോ കശേരുകാന്തരചക്രങ്ങള്‍ക്കോ (Inter Vertibral Disc) വൈകൃതം സംഭവിച്ചുണ്ടാകുന്ന രോഗങ്ങളില്‍ ഗ്രീവാഗ്രഹം ഉറപ്പാണ്. സാധാരണഗതിയില്‍ വെയില്‍കൊണ്ടോ, കാറ്റേല്‍ക്കുന്നതു മൂലമോ കലശലായ ശൈത്യബാധയാലോ, ഭാരം ചുമക്കുക, ഊര്‍ദ്ധ്വനിരീക്ഷണം തുടങ്ങിയ ആയാസകരമായ കര്‍മങ്ങളാലോ ഗ്രീവാപേശികള്‍ക്കു നീര്‍വീഴ്ച ഉണ്ടായാലും ഗ്രീവാഗ്രഹം ഉണ്ടാകാം. എന്നാല്‍, ഇങ്ങനെയുണ്ടാകുന്ന ഗ്രീവാഗ്രഹങ്ങള്‍ താരതമേന്യ നിസ്സാരമാണ്. നിസ്സാരമായ ഔഷധ പ്രയോഗങ്ങള്‍കൊണ്ടും മൃദുവായ അഭ്യംഗ (Massage) സ്വേദനങ്ങള്‍കൊണ്ടും അവ മാറിക്കിട്ടും. എന്നാല്‍, ഗ്രീവാകശേരുക (Cervical Vertibra), കശേരുകാസന്ധി (Vertibral Joints),, കശേരുകാന്തരാചക്രങ്ങള്‍ (Inter Vertibral Disc) എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായുണ്ടാകുന്ന ഗ്രീവാഗ്രഹം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതും ഗൗരവപൂര്‍വം ചികിത്സിക്കപ്പെടേണ്ടതുമാണ്. ഈ രോഗാവസ്ഥകളെ വാതവൃധികളില്‍ ഉള്‍പ്പെടുത്തിയാണ് ആയുര്‍വേദചികിത്സ നടത്തുന്നത്. കശേരുക്കളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ X-Ray, Scanning മുതലായ പരിശോധനകളെ ആശ്രയിക്കാവുന്നതാണ്. അതനുസരിച്ച് അംഗീകൃത യോഗ്യതയുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ ചികിത്സ നടത്തുന്നു. ചികിത്സയ്ക്കുശേഷമുള്ള കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ചെയ്യാന്‍ പാടുള്ളവ, ചെയ്യാന്‍ പാടില്ലാത്തവ, യോഗ, ചിലതരം Neck Exercise ഇവ രോഗിയെ പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. നസ്യം, തളം, Cervical Massage എന്നിവ വളരെ ഉപകാരപ്രദമാണ്. മാനസികപിരിമുറുക്കം (Stress) ചിലര്‍ക്ക് ഗ്രീവാഗ്രഹം ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. പ്രാണായാമം, ശവാസനം, ധ്യാനം (Meditation) എന്നിവ ഇക്കൂട്ടരില്‍ പ്രയോജനം നല്‍കുന്നു.