പിറവിത്തിരുനാളിന്റെ ആഘോഷങ്ങളില്‍ വ്യാപൃതരായ നമ്മള്‍ പുതിയ വര്‍ഷത്തിലേക്കു പ്രവേശിച്ചു. ഉണ്ണിയേശുവിനെ കണ്ടുവണങ്ങിയ ജ്ഞാനികള്‍ മറ്റൊരു വഴിയേ തിരികെപ്പോയി. നാം ഓരോരുത്തരും ഒരു പുതിയ വഴി തിരഞ്ഞെടുക്കേണ്ടവരാണ്. ''ആസക്തികളാല്‍ കലുഷിതമായ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് യേശുക്രിസ്തുവില്‍ പുതിയ മനുഷ്യരാകണം'' (എഫേ. 4:22-24). ചില കാര്യങ്ങളില്‍ മാത്രം മാറ്റം വരുത്താതെ എല്ലാക്കാര്യങ്ങളിലും നവീകരിക്കപ്പെട്ടവരാകണം. നമ്മുടെ എല്ലാ ഭാരങ്ങളും കര്‍ത്താവിനെ ഏല്പിക്കാം. എല്ലാ ജീവിതവ്യാപാരങ്ങളും നമ്മുടെ ആത്മീയജീവിതത്തിന്റെ തുടര്‍ച്ചയാക്കി മാറ്റാം. പുതിയ തുടക്കം എല്ലാവര്‍ക്കും ആവേശം പകരുന്നതാണ്. പുതിയ വസ്ത്രം ധരിക്കുന്നതും പുത്തന്‍ ചെരുപ്പ് ഇടുന്നതും പുതിയ വീട്ടില്‍ താമസിക്കുന്നതുമെല്ലാം ആനന്ദകരമായ അനുഭവമാണ്. പാമ്പ് അതിന്റെ പടം പൊഴിച്ചുകളഞ്ഞ് പുതിയതു ധരിക്കുന്നു. സമ്പൂര്‍ണമായ ജീവിതനവീകരണത്തിന് ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങള്‍ ഇനി പറയുന്നു:
ഒന്നാമതായി, ഒരുവന്‍ അവനവനെപ്പറ്റിയുള്ള ചിത്രത്തിലേക്കു നോക്കണം. അപകര്‍ഷതാബോധം, അപര്യാപ്തതാബോധം, ആത്മവിശ്വാസക്കുറവ് എന്നിവ ഒരു വ്യക്തിയെ അസ്വസ്ഥനാക്കും. ആയിത്തീരേണ്ടതുപോലെയാകാതെ മൂകനായി കഴിഞ്ഞെന്നുവരാം. ഞാന്‍ എന്നെത്തന്നെ നോക്കി വിലയിടരുത്. ദൈവം എന്നെ കാണുന്നതുപോലെ കാണാന്‍ ഞാന്‍ ശ്രദ്ധിക്കണം. ഒരു കമ്പനി പുതിയ വാഹനം വിപണിയിലെത്തിക്കുമ്പോള്‍ അതിനൊരു വിലയുണ്ട്. നാട്ടിലെ തൊഴിലാളികളോ സാധാരണക്കാരോ ഇടുന്ന വിലയല്ലത്. വാഹനത്തിന്റെ വില നിശ്ചയിക്കുന്നത് അതു പുറത്തിറക്കുന്ന കമ്പനിയാണ്. എന്റെ വില നിശ്ചയിക്കുന്നത് എന്നെ സൃഷ്ടിച്ച ദൈവമാണ്. ''നീ എനിക്കു വിലപ്പെട്ടവനും അമൂല്യനും പ്രിയങ്കരനുമാണ്'' (ഏശയ്യാ. 43:1-5).
രണ്ടാമതായി, ദൈവത്തെപ്പറ്റി ഒരു ചിത്രം എന്റെയുള്ളിലുണ്ട്. ലോകത്തിലെ ദുരിതങ്ങളും തകര്‍ച്ചകളും കാണുമ്പോള്‍ ദൈവത്തെ ഒരു ഭീകരനായി ഞാന്‍ കണ്ടേക്കാം. മനുഷ്യസമൂഹം ഞെരുക്കങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ദൈവമെവിടെ എന്നു ചോദിക്കാന്‍ തോന്നും. മുറിപ്പെടുത്തുന്ന അനുഭവങ്ങള്‍ എനിക്കുണ്ട്. മുറിവേല്പിക്കുന്ന വ്യക്തികള്‍ ചുറ്റുമുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. എത്തുംപിടിയുമില്ലാത്ത പ്രശ്‌നങ്ങള്‍ എന്റെ ജീവിതത്തെ ഉലയ്ക്കുമ്പോള്‍ എന്റെ വിശ്വാസം നഷ്ടപ്പെടുന്നു. ഈ തകര്‍ച്ചകള്‍ക്കിടയില്‍ മറ്റൊരുവിധത്തില്‍ നോക്കിക്കാണുന്നതായിത്തീരട്ടെ ഈ പുതിയ വര്‍ഷം. ''നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്'' (ജറെമിയ. 29:11). അനുദിനപ്രാര്‍ത്ഥനയില്‍ നാം വളരണം. ദൈവം കാണുന്നതുപോലെ എന്നെക്കണ്ടു വിലയിരുത്താന്‍ അതെന്നെ സഹായിക്കും. നിരന്തരമായ ദൈവസാന്നിധ്യബോധത്തില്‍ വളരുമ്പോള്‍ ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതി വ്യക്തമാകും. ദൈവമക്കളുടെ സ്‌നേഹത്തോടെ പിതാവായ ദൈവത്തെ ഞാന്‍ നോക്കിക്കാണും.
മൂന്നാമതായി, ജീവിതത്തില്‍ നമുക്കൊരു ലക്ഷ്യമുണ്ടാകണം. മുമ്പിലുള്ള ലക്ഷ്യത്തിലേക്കു നോക്കി നാം പ്രയാണം ചെയ്യണം. ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടംപോലെ ജീവിതത്തെ മാറ്റരുത്. ഓരോ ദിവസവും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ഹൃദയത്തില്‍ കുറിച്ചുവയ്ക്കണം. അന്നന്നത്തെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കാതെ ഉറങ്ങാന്‍ പോകരുത്. ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത തെളിയിക്കുന്നവനെ വലിയ കാര്യങ്ങള്‍ ദൈവം ഏല്പിക്കും. വലിയ ലക്ഷ്യങ്ങള്‍ ഉള്ളവന് ജീവിതം ഉണര്‍വ്വു നല്കും. ജീവിതത്തില്‍ നേടാനായി എന്തെങ്കിലുമുണ്ടെന്നു വിശ്വസിക്കുന്നവന്റെ പാദങ്ങള്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കും.
അവസാനമായി, ജീവിതാനുഭവങ്ങള്‍ക്കു വില നല്കുന്നവരായി നാം വളരണം. കഴിഞ്ഞകാലങ്ങളിലെ പല അനുഭവങ്ങള്‍ നമ്മുടെ ഓര്‍മയിലുണ്ട്. അനുഭവത്തില്‍നിന്നു പാഠം പഠിക്കുന്നവരാണ് ജീവിതവിജയം നേടുന്നവര്‍. ദൈവം ഒരിക്കലും 'ഫുള്‍സ്റ്റോപ്പ്' ഇടുന്നവനല്ല, 'കോമാ' ഇട്ട് മുന്നോട്ടുപോകാന്‍ അവസരം തരുന്നവനാണ്. അടഞ്ഞ വഴികള്‍ അവസാനത്തെ വഴികളല്ല. പുതിയ വഴികള്‍ തിരഞ്ഞെടുക്കാനുള്ള ദൈവത്തിന്റെ വിളിയാണത്. ഇന്നലെ വന്നുപോയ തെറ്റുകളെ തിരുത്തി ഇന്നില്‍ പ്രശോഭിക്കുവാന്‍ ദൈവം നമുക്കും ശക്തി നല്‍കട്ടെ.