ക്രിസ്മസ് ദിനത്തിലും അതിനു മുന്‍ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുനേരേ വളരെ ആസൂത്രിതവും സംഘടിതവുമായ ആക്രമങ്ങളാണ് സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്. പലയിടത്തും പള്ളി കള്‍ ആക്രമിക്കുകയും ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും അക്രമങ്ങളുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രിസ്മസ് ദിനത്തില്‍ ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ആഗ്ര, വാരണാസി, ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, ഗുരുഗ്രാം, ആസാമിലെ സില്‍ച്ചാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരേയും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരേയും ആക്രമണങ്ങള്‍ ഉണ്ടായി. കര്‍ണാടകയില്‍ പല സ്ഥലങ്ങളിലും ക്രിസ്മസിനു മുമ്പുതന്നെ അക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഈ അക്രമങ്ങളെ കേവലം ഒറ്റപ്പെട്ട സംഭവങ്ങളായും യാദൃച്ഛികമായും കരുതാനാവില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് ഈ സംഭവങ്ങള്‍ ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. ഹരിയാനയിലെ അംബാലയില്‍ സംഘപരിവാറുകാര്‍ പ്രശസ്തമായ ഹോളി റിഡീമര്‍ പള്ളി ആക്രമിച്ച് യേശുക്രിസ്തുവിന്റ പ്രതിമ തകര്‍ത്തതുള്‍പ്പടെയുള്ള സംഭവങ്ങള്‍ രാജ്യവ്യാപകമായി ഉണ്ടായിട്ടും ഇതുവരെ ഒരു പ്രതികരണംപോലും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെയോ സര്‍ക്കാരുകളുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.
ഇതിനിടയിലാണ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ഹിന്ദുത്വസമ്മേളനത്തില്‍ ന്യൂനപക്ഷ വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുന്ന വിധത്തില്‍ വിദ്വേഷപ്രസംഗം നടന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഹരിദ്വാറില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ ധര്‍മ സന്‍സദ് എന്ന പേരില്‍ നടന്ന മതപാര്‍ലമെന്റിലാണ് ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങള്‍ ഉണ്ടായത്.
ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി സാധ്വി അന്നപൂര്‍ണ, ഹിന്ദുരക്ഷാസേന പ്രസിഡന്റ് സ്വാമി പ്രബോധാനന്ദഗിരി, ബിജെപി നേതാവ് അശ്വിനി ഉപാധ്യായ തുടങ്ങിയവരാണ് വംശഹത്യയ്ക്ക് ആഹ്വാനം നല്‍കുന്ന രീതിയില്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയത്. ന്യൂനപക്ഷങ്ങള്‍ക്ക് ദേശീയസമ്പത്തില്‍ അവകാശമുണ്ടെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ട വേളയില്‍ ഞാന്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നെങ്കില്‍ നാഥുറാം ഗോഡ്സയെപ്പോലെ ആറുതവണ അദ്ദേഹത്തിനുനേരേ നിറയൊഴിക്കുമായിരുന്നു എന്നാണ് ബീഹാറില്‍നിന്നുള്ള സന്ന്യാസി ധരം ദാസ് ധര്‍മ സന്‍സദില്‍ പറഞ്ഞത്.
ന്യൂനപക്ഷങ്ങളില്‍ 20 ലക്ഷം പേരെകൊല്ലാന്‍ നമുക്കു നൂറു പടയാളികള്‍ വേണമെന്ന് സാധ്വി അന്നപൂര്‍ണ സമ്മേളനത്തില്‍ പറഞ്ഞതായി മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഹിന്ദുക്കള്‍ ആയുധ മെടുക്കണമെന്ന് പ്രബോധാനന്ദ ഗിരിയുടെ പുറത്തുവന്ന ഒരു വീഡിയോയില്‍ പറയുന്നു. പറഞ്ഞതില്‍ തെറ്റില്ല, പോലീസിനെ ഭയമില്ല, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പ്രതികരണം ആരാഞ്ഞപ്പോള്‍ എന്‍ഡിടിവിയോട് പ്രബോധാനന്ദഗിരി പ്രതികരിച്ചത്. വിദ്വേഷപ്രസംഗം നടത്തിയവരെല്ലാം രാജ്യം ഭരിക്കുന്ന ബിജെപിയോടു ചേര്‍ന്നുനില്‍ക്കുന്നവരാണ്. ഇവര്‍ക്കെതിരേ കേസ് എടുക്കാന്‍പോലും ഇതുവരെ പോലീസ് തയ്യാറായിട്ടില്ല എന്നതാണ് ഏറെ ഭയപ്പെടുത്തുന്നത്. ഇതുവരെ പരാതിയൊന്നും ലഭിക്കാത്തതിനാലാണ് കേസ് ഫയല്‍ ചെയ്യാത്തതെന്നും പോലീസ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നുമുള്ള ഒഴുക്കന്‍മട്ടിലുള്ള പ്രതികരണമാണ് ഹരിദ്വാര്‍ എസ് പിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇതിനോടൊപ്പംതന്നെ മദര്‍ തെരേസസ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചെന്ന വാര്‍ത്തകളും പുറത്തുവരികയുണ്ടായി. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി പാവപ്പെട്ടവര്‍ക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമെന്നാണ് കൊല്‍ക്കത്ത അതിരൂപത സംഭവത്തോടു പ്രതികരിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരായി പ്രതികാരമനോഭാവത്തോടെ നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കു
ന്നത്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കു നേരേ വലിയവെല്ലുവിളികള്‍ ഉയരുന്നു എന്നാണ് ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്.