•  2 May 2024
  •  ദീപം 57
  •  നാളം 8
ഈശോ F r o m t h e B i b l e

ജനി

ക്രിസ്ത്യാനിയുടെ വീടിന്റെ നാഥനായ, ബൈബിളിലെ ഈശോയുടെ ജീവിതത്തെക്കുറിച്ചുള്ള ധ്യാനചിന്തകള്‍ അവന്റെ രക്ഷാകരമായ പിറവിയില്‍നിന്നു തുടങ്ങാം. പിറവിക്ക് എന്തു പ്രസക്തി എന്നു സന്ദേഹിക്കേണ്ട. കാലഭേദംകൂടാതെ പല കാര്യങ്ങളും പിറവിക്കു നമ്മെ പഠിപ്പിക്കാനുണ്ട്. മര്‍ത്ത്യരോട് അനുരൂപപ്പെടാനും അവരുടെ സന്തോഷസന്താപങ്ങളില്‍ സഹയാത്രികനാകാനും ഒരു പിറവിയുടെ ആവശ്യമുണ്ടെന്ന് അവനറിഞ്ഞു. പഴയതും, പാപപങ്കിലവുമായിരുന്നതിനൊക്കെ പുതുമയുടെ പരിശുദ്ധസ്പര്‍ശം സമ്മാനിക്കാന്‍ അനുയോജ്യമായ ഒരു അസ്തിത്വം  അവന്‍ സ്വീകരിച്ചു. പിറവിയില്‍നിന്നു തുടങ്ങി അവന്റെ പ്രയാണം. നാളിതുവരെയുള്ള നമ്മുടെ ജീവിതയാത്രയ്ക്കും ഒരു പിറവിയില്‍നിന്നായിരുന്നില്ലേ തുടക്കം? പെറ്റമ്മയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം മുറിഞ്ഞ്, അസ്വസ്ഥതയോടും നൊമ്പരത്തോടും തേങ്ങലോടുംകൂടി പുതുമകളിലേക്കുള്ള നമ്മുടെ പിറവി. അത്ര സുഖകരമൊന്നുമായിരുന്നില്ല അത്. പക്ഷേ, നമ്മുടെ പുതിയ അസ്തിത്വത്തിനും ആയുസ്സിനും അത് അനിവാര്യമായിരുന്നു.
പാപമൊഴികെ മറ്റെല്ലാറ്റിലും നമ്മെപ്പോലെയാകാന്‍ മണ്ണില്‍ പിറന്നവനോട് അനുരൂപപ്പെടാനുള്ള കടമയാണ് ക്രിസ്ത്യാനികളായ നമുക്കുള്ളത്. അതുകൊണ്ടാണ് വീണ്ടും ജനിക്കണമെന്ന് അവന്‍ ആവശ്യപ്പെടുന്നതും. പിറവിയുടെ അനുഭവത്തിലും അവസ്ഥയിലും അനുനിമിഷം ജീവിക്കാനുള്ള ആഹ്വാനമാണത്. പ്രായപ്പഴക്കമുള്ള തഴക്കദോഷങ്ങളോടും പൈശാചികപ്രവണതകളോടും നമ്മെ കൂട്ടിച്ചേര്‍ത്തിരിക്കുന്ന  പൊക്കിള്‍ക്കൊടികളെ മുറിച്ചുമാറ്റാം. നടന്നുവന്ന വഴികളില്‍ നഷ്ടപ്പെട്ടുപോയ നൈര്‍മല്യങ്ങളെ തേടിപ്പോയി തിരികെപ്പിടിക്കാം. തനിമയിലേക്കു തിരിച്ചുനടക്കാം. പിച്ചവച്ച നാളുകളിലെ പുഞ്ചിരിയുടെ പരിശുദ്ധിയിലേക്ക്, മാമ്മോദീസായില്‍ പൊതിഞ്ഞ വസ്ത്രത്തിന്റെ വെണ്മയിലേക്ക്, ആദ്യകുര്‍ബാനയില്‍ കൈയിലേന്തിയ മെഴുകുതിരിയുടെ മിഴിവിലേക്ക് മടങ്ങിപ്പോകാം. കാരണം, അവയിലൊക്കെ നാം പല വിധത്തിലും പിറന്നുവീഴുകയായിരുന്നു. സംസ്‌കാരച്ചുവയുള്ള സംസാരവും കഴമ്പുള്ള കര്‍മങ്ങളും ചന്തമുള്ള ചിന്തകളും സ്വന്തമാക്കാം. നവീനതയുടെ സൗന്ദര്യവും സൗരഭ്യവുമുള്ള ഒരു ജീവിതശൈലി ഇനിമുതല്‍ നമുക്കുണ്ടാകട്ടെ. മൊഴികളുടെ മുന മാറ്റുക. ആത്മീയപോഷണത്തിനുപകരിക്കാത്ത പലതിനെയും ഒഴിവാക്കുകതന്നെ വേണം. നവീനവും നിര്‍മലവുമായ ഒരു വ്യക്തിത്വത്തെ ആടയും ആഭരണവുമായി അണിയുക. അതേസമയം മറ്റുള്ളവരെയും പുതുമയിലേക്കു പിറക്കാനനുവദിക്കുക. ഒരു കൈക്കുഞ്ഞിന്റെ കണ്ണുകളിലെ തിളക്കവും പുഞ്ചിരിയിലെ പരിശുദ്ധിയും സ്വന്തമാക്കുക. അപ്പോള്‍ കാറ്റിനെപ്പോലെ കടമ്പകളില്ലാതെ, ആത്മീയസ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ നമുക്കു കഴിയും. ഒരു തളിരിലയുടെ തുമ്പ് സദാ ഓര്‍മയില്‍ തിരുകി സൂക്ഷിക്കാം. പ്രതിനിമിഷം പിന്നെയും പിറക്കണമെന്ന് അതു നമ്മെ ഓര്‍മിപ്പിക്കാതിരിക്കില്ല. ക്രിസ്ത്യാനികളായ നമുക്ക് ഇനിമേല്‍ ഒരു പിറന്നാളല്ല, ഓരോ നാളും പിറന്നാളായിരിക്കും.

 

Login log record inserted successfully!