സ്‌നേഹഭാവന പൂവിരിക്കുമീ
മോദസംഗമവേളയില്‍
പ്രിയരാം ഗുരുശ്രേഷ്ഠരേ, നമു-
ക്കൊത്തു പാടിടാം മംഗളം
കര്‍മ്മസൗഖ്യങ്ങള്‍ മാനസങ്ങളില്‍
മധുവുതിര്‍ക്കുമീ വേദിയില്‍
പോയ കാലത്തിന്‍ നടനശോഭയില്‍
കുതുകരാണു നാമേവരും
അക്ഷയസമ്പത്തക്ഷരം നല്കി
ആയിരങ്ങള്‍തന്‍ കുമ്പിളില്‍
ആത്മവെട്ടത്തിന്‍ ധന്യനാളുകള്‍
ആസ്വദിച്ചു കൃതാര്‍ത്ഥരായ്
ജ്ഞാനഭാവന പങ്കുവച്ചൊരാ
നന്മപൂണ്ടുള്ള കാലമേ,
മാമകമനക്കോവിലില്‍ നിങ്ങള്‍
മിന്നിനില്‍ക്കും പൂക്കാലമായ്
സുകൃതചിന്തയില്‍ - ഉള്‍പ്രസാദത്തില്‍
കര്‍മ്മഗൗരവമൊത്തു നാം
അരുമശിഷ്യര്‍ക്കു വെട്ടമായതില്‍
കൃതാര്‍ത്ഥരായിന്നു മേവിടാം.
നീണ്ടകാലങ്ങള്‍ ജ്ഞാനക്ഷേത്രത്തില്‍
ഗുരുമാതാക്കളായ്ത്തീര്‍ന്നവര്‍
എണ്ണമറ്റതാം ശിഷ്യസമ്പത്താല്‍
ധനികര്‍ നാമിന്നു നിശ്ചയം
ജീവിതവഴിത്താരയില്‍ കാലം
മെല്ലെ നമ്മെത്തളര്‍ത്തവേ
സാന്ത്വനമേകി കൂടെയെത്തിടും
പ്രിയരേ, സ്‌നേഹവന്ദനം
പോയകാലത്തിന്‍ പൊന്‍സ്മൃതികളില്‍
പുണ്യസൗഹൃദത്തേന്‍ മഴ-
യേറ്റു നാമിന്നു ഹര്‍ഷപുളകിതര്‍
ദൈവതാതനും കീര്‍ത്തനം.