റോസി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. നല്ലപോലെ പഠിക്കുന്ന കുട്ടിയുമാണ്. കൊല്ലാവസാന പരീക്ഷ അടുത്തപ്പോള്‍ അവള്‍ പറഞ്ഞു: ''എനിക്ക് എന്തോ ഒരു ഭയം. എന്റെ മനസ്സിന് ഒരു സ്വസ്ഥതയുമില്ല. പരീക്ഷ നല്ലപോലെ എഴുതാന്‍ കഴിയുമോ എന്നു പേടി.''
റോസിയുടെ അങ്കലാപ്പ് കേട്ടപ്പോള്‍ അവളുടെ അപ്പന്‍ പറഞ്ഞു: ''മോള് എന്തിന് വ്യാകുലപ്പെടണം? മോള് നല്ലപോലെ പഠിക്കുന്ന കുട്ടിയല്ലേ? എന്റെ മോള്‍ മിടുക്കിയാണ്. നല്ല മാര്‍ക്കുവാങ്ങി മോള് പാസ്സാകും. മനസ്സ് ചിന്തകളുടെ സംഭരണിയാണ്. മനസ്സ് ഏകാഗ്രമാക്കാന്‍ ധ്യാനത്തിനു കഴിയും. മോള് രാവിലെ എഴുന്നേറ്റു പ്രാര്‍ത്ഥിക്കുക. ധ്യാനിക്കുക. മനസ്സ് ശാന്തമാകും. മടികൂടാതെ പഠിക്കുക. ഫലം ഈശ്വരന്‍ തരും. ഞാന്‍ നല്ല മാര്‍ക്കുവാങ്ങി വിജയിക്കും എന്ന ആത്മവിശ്വാസം വേണം. വിശ്വാസത്തിന്റെ ഊര്‍ജ്ജം നമ്മളെ കര്‍മ്മനിരതരാക്കും.''
അപ്പന്റെ സംസാരം കേട്ടപ്പോള്‍ റോസിക്ക് ആത്മധൈര്യം കൈവന്നു. അവള്‍ രാവിലെയും സന്ധ്യയ്ക്കും യേശുനാഥന്റെ രൂപത്തിനുമുന്‍പില്‍നിന്ന് പ്രാര്‍ത്ഥന ചൊല്ലും:
''പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ.
''സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ.
''അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേതുപോലെ ഭൂമിയിലും ആകണമേ.''
പ്രാര്‍ത്ഥനയ്ക്കുശേഷം പഠിക്കാന്‍ തുടങ്ങി. മനസ്സിന്റെ ചഞ്ചലിപ്പു മാറി ശാന്തമായി. കൊല്ലാവസാനപ്പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും നല്ല മാര്‍ക്കു വാങ്ങി പാസ്സായി.
അര്‍ഹിക്കുന്ന പ്രശംസ കുട്ടികള്‍ക്കു നല്‍കണം. സ്‌നേഹവും പ്രോത്സാഹനവും കൊടുക്കുമ്പോള്‍ അവര്‍ സന്തോഷിക്കും. അവരുടെ സന്തോഷം കാണുമ്പോള്‍ നമുക്കും സന്തോഷം ലഭിക്കും.
വാക്കുകള്‍ വളരെ സൂക്ഷിച്ചുപയോഗിക്കണം. നമ്മുടെ വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കരുത്. പ്രോത്സാഹിപ്പിക്കുന്ന വാക്കുകളായിരിക്കണം. 'എന്റെ മോള്‍ മിടുക്കിയാണ്. നല്ല മാര്‍ക്ക് വാങ്ങി മോള് പാസ്സാകും' എന്ന അപ്പന്റെ വാക്കാണ് റോസിക്ക് ആത്മധൈര്യം കൊടുത്ത് മനസ്സ് ശാന്തമാക്കി പഠിക്കാന്‍ ഊര്‍ജ്ജം നല്‍കിയത്. വായില്‍വന്നത് കോതയ്ക്കു പാട്ട് എന്ന രീതിയില്‍ സംസാരിക്കരുത്.