വരികംബര വീഥി വിട്ടു നല്‍-
പ്പരമാനന്ദദമിങ്ങു പൈങ്കിളീ,
സുരഭിസ്സുമ രാജി കണ്ടിടാം,
സ്ഫുരദോമല്‍ ഫലമാസ്വദിച്ചിടാം.
അറിവേറിന നിങ്കല്‍നിന്നുമൊ-
ട്ടറിയാന്‍ മര്‍ത്യനു സാധ്യമായിടാം.
നരബുദ്ധിയിലൂടെ കാണുകില്‍
തിരിയാ ജീവിതസത്യമേറെയും.
തലയാട്ടുവതെന്തു? മല്‍ ക്ഷണം
ഛലമെന്നോര്‍ത്തു തിരസ്‌കരിക്കയോ?
ചില ദുഷ്ടകിരാതരോടു നീ
തുലനം ചെയ്കയൊ സര്‍വ പേരെയും?
അഥവാ പ്രിയരെപ്പിരിഞ്ഞിടാന്‍
വ്യഥ തോന്നീടുകമൂലമോ സഖേ?
സതതം പിരിയാതെഴുന്നതാം
സ്ഥിതിയെ? ങ്ങുറ്റവരെങ്ങു പാരിതില്‍?
തൃണവും ചകിരിത്തുരുമ്പുമായ്-
പ്പണി തീര്‍ത്തീടിന നിന്റെ പഞ്ജരം
മണിമാളികകള്‍ നമിക്കുമാ-
റനവദ്യം, തവവേലയദ്ഭുതം
ചെറുതാമൊരു ചെമ്പുതുട്ടില്‍നി-
ന്നൊരുവന്‍ മെല്ലെ ധനാഢ്യനായിടാം.
പരമാ മണിമേടയാര്‍ന്നവന്‍
തെരുവാധാരവുമായി വന്നിടാം.
സ്വരമാധുരി ചേര്‍ന്ന നിന്‍മനോ-
ഹര നൈസര്‍ഗിക ഗീതകോര്‍മികള്‍
അരികത്തെത്തുകിലേതൊരാര്‍ത്തനും
ത്വരിതം ചെറ്റുകുളിര്‍ക്കുമുള്‍ത്തടം.
ഹരിതോജ്ജ്വലമാവപുസ്സു സു-
ന്ദര രക്താധരമോടു ചേരവേ
ഒരു പച്ചില സസ്യശാഖമേല്‍
വിരിയുന്നൂ സുമമെന്നു തോന്നിടും.
ശതജാതി നിറങ്ങള്‍ മാനവര്‍
വിതറീടുന്നധരത്തി, ലെങ്കിലും
സ്വതവേ തവ ചുണ്ടിനുള്ളതാ-
മിതരാദൃശ്യ മഹസ്സൊടൊക്കുമോ?
ചിരതാരുണി ചേര്‍ന്ന നിന്‍മനോ-
ഹരമാം ചെഞ്ചൊടി പുഞ്ചിരിക്കയോ,
ജരയും നരയും നിറഞ്ഞൊരീ
നരനേയോര്‍ത്തഥവാ ഹസിക്കയോ?
അതികോമളമംഗപുഷ്ടിയും
ശ്രുതിയാര്‍ജിച്ചൊരു വാഗ്വിലാസവും
ബത! പഞ്ജരമേറ്റിടുന്നു തേ,
മുതുകാന്തിഭ്രമിയല്ലയോ നരന്‍?
ഒരുവന്റെ സുഖത്തിനായ് മ-
റ്റൊരുവന്‍ ബന്ധനമേവമേല്ക്കയാം
നിരുപദ്രവിയായിരിക്കിലും
നരനീചത്വ വിധേയനേവനും.
സ്ഥിരമങ്ങൊരു കോണുചേര്‍ന്നു പ-
ഞ്ജരമൊന്നിന്നകമസ്സ്വതന്ത്രനായ്
മരുവുമ്പൊഴുമാമുഖത്തെഴും
ചാരിതാര്‍ത്ഥ്യം മനുജന്നു പാഠമാം.
ശമദായകനായ നീ ക്ഷണാല്‍
ദ്രുമശാഖോന്മുഖമായ് പറക്കവേ
മമ ഹൃത്തിലുദിപ്പു വേഗമി-
ക്ഷമയെശ്ശിഷ്ടര്‍ വിടുന്നൊരോര്‍മ്മകള്‍.