ടൂറ/ മേഘാലയ: മേഘാലയയിലെ ഗാലോ മലനിരകളില്‍ പരന്നുകിടക്കുന്ന ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ ഡോ. ജോസ് ചിറയ്ക്കല്‍ അയിരൂര്‍ക്കാരന്‍ അഭിഷിക്തനായി.
ടൂറയിലെ സേക്രഡ് ഹാര്‍ട്ട്പള്ളിയില്‍ നടന്ന ഭക്തിനിര്‍ഭരമായ അഭിഷേകച്ചടങ്ങുകളില്‍ ടൂറ രൂപത മെത്രാന്‍ ഡോ. ആന്‍ഡ്രൂ ആര്‍. മറാക്ക് മുഖ്യകാര്‍മ്മികനായിരുന്നു. ബിഷപ് എമരിറ്റസ് ഡോ. ജോര്‍ജ് മാമലശ്ശേരി, ബോംഗെയ്‌ഗോണ്‍ ബിഷപ് ഡോ. തോമസ് പുല്ലോപ്പിള്ളില്‍, ജൊവായ് ബിഷപ് ഡോ. വിക്ടര്‍ ലിംഗ്‌ദോ എന്നിവരും നൂറോളം വൈദികരും സഹകാര്‍മ്മികരായിരുന്നു. ചടങ്ങില്‍, ഫ്രാന്‍സീസ് മാര്‍പാപ്പായുടെ സന്ദേശം ലത്തീനിലും ഇംഗ്ലീഷിലും വായിച്ചു.
മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാഗ്മ, ജയിംസ് കെ. സാഗ്മ, അഗത കെ. സാഗ്മ എം.പി. എന്നിവരും എം.എല്‍.എ. മാരും രാഷ്ട്രീയ, ഉദ്യോഗസ്ഥസാമൂഹികമേഖലകളില്‍നിന്നുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.
എറണാകുളം - അങ്കമാലി രൂപതയിലെ കറുകുറ്റി ഇടവകാംഗമാണ് ഡോ. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍.