•  25 Apr 2024
  •  ദീപം 57
  •  നാളം 7
ഉണ്ണീരിയമ്മ പറഞ്ഞ കഥ

കയ്പ്പുള്ള പാല്‍പ്പായസം

''നിങ്ങള്‍ കുഞ്ചന്‍നമ്പ്യാരെപ്പറ്റി കേട്ടിട്ടുണ്ടോ?''
തനിക്കുചുറ്റും കഥ കേള്‍ക്കാനായി കൂടിയ കുഞ്ഞുണ്ണി, അമ്മാളു, ജോണിക്കുട്ടി എന്നിവരോടായി ഉണ്ണീരിയമ്മ ചോദിച്ചു.
''എനിക്കറിയാം തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് അല്ലേ?''കുഞ്ഞുണ്ണി പറഞ്ഞു.
''അതേയതേ, ഹാസ്യത്തിലൂടെ സാമൂഹികവിമര്‍ശനം നടത്തിയ ജനകീയകവിയാണ് കുഞ്ചന്‍നമ്പ്യാര്‍. ആ കുഞ്ചന്‍നമ്പ്യാരുടെ കഥയാണ് ഇന്നു പറയാന്‍ പോകുന്നത്.''
എല്ലാവരും കൗതുകത്തോടെ ഉണ്ണീരിയമ്മയെ കാതോര്‍ത്തു.
രാജസദസ്സില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു കുഞ്ചന്‍നമ്പ്യാര്‍ക്ക്. നമ്പ്യാരുടെ തുള്ളലും അതിലെ ഹാസ്യവും രാജാവ് നന്നായി ആസ്വദിച്ചു. നമ്പ്യാരുടെ നര്‍മസംഭാഷണങ്ങള്‍ രാജാവിനു വലിയ ഇഷ്ടമായിരുന്നു. നമ്പ്യാരുടെ ഫലിതകഥകള്‍ അനവധിയാണ്.
ഒരിക്കല്‍, രാജാവ് ഒരു സദ്യ നടത്തി. രാജസദസ്സിലെ പണ്ഡിതന്മാരും പ്രമാണിമാരുമെല്ലാം സദ്യയില്‍ പങ്കെടുത്തു. അതിഗംഭീരമായ ഒരു സദ്യയായിരുന്നു അത്. കുഞ്ചന്‍ നമ്പ്യാരും  അതില്‍ പങ്കെടുത്തു.
കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രാജാവിന്റെ പ്രീതിക്കായി ഭക്ഷണത്തെപ്പറ്റി മറ്റെല്ലാവരും പുകഴ്ത്തിപ്പറഞ്ഞുകൊണ്ടിരുന്നു. രാജാവു പറയുന്ന കാര്യങ്ങള്‍ തലകുലുക്കി അംഗീകരിച്ചും തമാശകളില്‍ പൊട്ടിച്ചിരിച്ചും രാജാവിന്റെ മതിപ്പു വാങ്ങാന്‍ പണ്ഡിതന്മാര്‍ മത്സരിച്ചു. ഇതൊന്നും ശ്രദ്ധിക്കാതെ സദ്യ കഴിക്കുകയായിരുന്നു കുഞ്ചന്‍നമ്പ്യാര്‍.
 അവസാനം, പാല്‍പ്പായസത്തിന്റെ സമയമായി. നല്ല മധുരമുള്ള പാല്‍പ്പായസത്തിന്റെ മണം അവിടമാകെ പരന്നു. എല്ലാവരുടെയും നാവില്‍ വെള്ളമൂറി.
 അപ്പോഴാണ് രാജാവിന് ഒരു കുസൃതി തോന്നിയത്. പാല്‍പ്പായസം രുചിച്ചുനോക്കിയശേഷം രാജാവ് പറഞ്ഞു:
''എന്തൊരു കയ്പ്പാണിതിന്. എങ്ങനെ നാവില്‍ വയ്ക്കും?''
 രാജാവാണു പറഞ്ഞിരിക്കുന്നത്. നിഷേധിക്കാന്‍ ഒക്കുമോ? പണ്ഡിതന്മാരും രാജപ്രമാണിമാരും രാജാവിനെ പിന്തുണച്ചു. പാല്‍പ്പായസത്തിനു കയ്പ്പുതന്നെ. മുന്നിലിരിക്കുന്ന പാല്‍പ്പായസത്തിന്റെ രുചി നാവിനെ വല്ലാതെ പ്രലോഭിപ്പിച്ചിട്ടും അവര്‍ അതു കഴിക്കാന്‍ കൂട്ടാക്കിയില്ല. രാജാവിനു നീരസം തോന്നിയാലോ? മാത്രമല്ല, രാജാവിന്റെ പ്രീതിക്കായി കയ്പ്പുള്ള പാല്‍പ്പായസത്തിന്റെ കുറ്റം ഓരോരുത്തരായി പറഞ്ഞുകൊണ്ടിരുന്നു.
പക്ഷേ, ഇതൊന്നും ഗൗനിക്കാതെ പാല്‍പ്പായസം ആസ്വദിച്ചുകഴിക്കുന്ന ഒരാളുണ്ടായിരുന്നു. മറ്റാരുമല്ല സാക്ഷാല്‍ കുഞ്ചന്‍നമ്പ്യാര്‍. എല്ലാവരും പാല്‍പ്പായസം ഉപേക്ഷിച്ചപ്പോള്‍ നമ്പ്യാര്‍മാത്രം ആര്‍ത്തിയോടെ കഴിക്കുന്നതു കണ്ട് രാജാവ് ചോദിച്ചു:
''നമ്പ്യാരേ, നിങ്ങള്‍ എങ്ങനെയാണ് ഈ പാല്‍പ്പായസം കഴിക്കുന്നത്. ആശ്ചര്യംതന്നെ.''
 നമ്പ്യാര്‍ വളരെ വിനയത്തോടെ രാജാവിനോടിങ്ങനെ പറഞ്ഞു:
''പാല്‍പ്പായസത്തിന്റെ കയ്പ്പ് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് തമ്പുരാനേ.''
 നമ്പ്യാരുടെ മറുപടി കേട്ട് രാജാവ് ഉറക്കെച്ചിരിക്കാന്‍ തുടങ്ങി. കൂടെ നമ്പ്യാരും. അപ്പോള്‍ മാത്രമാണ് രാജാവിന്റെ കുസൃതിയായിരുന്നു എന്ന് ബാക്കിയുള്ളവര്‍ക്കു മനസ്സിലായത്. അവര്‍ ഇളിഭ്യരായി.
 സത്യസന്ധമായി അഭിപ്രായം പറയുന്ന കുഞ്ചന്‍ നമ്പ്യാരെ രാജാവ് അഭിനന്ദിച്ചു.
 ''എങ്ങനെയുണ്ട് കഥ?'' ഉണ്ണീരിയമ്മ ചോദിച്ചു.
''നമ്പ്യാരുടെ ഫലിതം പാല്‍പ്പായസത്തെക്കാള്‍ ഗംഭീരം.'' മൂവരും ഒരുമിച്ചു പറഞ്ഞു.

 

Login log record inserted successfully!