•  18 Apr 2024
  •  ദീപം 57
  •  നാളം 6
ജാലകം

പ്രലോഭനങ്ങളുടെ വലക്കണ്ണികള്‍

ങ്ങളെക്കാള്‍ മുതിര്‍ന്ന സ്ത്രീ/ പുരുഷന്മാരോട് അടുപ്പവും താത്പര്യവും പ്രകടിപ്പിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്‍പ്പെടെയുള്ള ചെറുപ്പക്കാരുടെ എണ്ണം ഏറിവരികയാണ്. ഫോണ്‍വിളികള്‍, നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെ ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ചിലരൊക്കെ തങ്ങളുടേതല്ലാത്ത വിഭാഗങ്ങളില്‍നിന്നു പ്രേമബന്ധത്തിലേര്‍പ്പെടുന്നു. ചിലതൊക്കെ പിരിയാന്‍ പറ്റാത്ത അവസ്ഥയിലെത്തിക്കുന്നു. അനേകം ചെറുപ്പക്കാരുടെ ജീവിതമാണ് ഇത്തരം തിന്മകളിലൂടെ നശിക്കുന്നതും നഷ്ടപ്പെടുന്നതും.
ഇത്തരം ഊരാക്കുടുക്കുകളില്‍നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിച്ചാല്‍ പലപ്പോഴും അതിനു കഴിയണമെന്നില്ല. മാത്രമല്ല, രക്ഷപ്പെടാന്‍ നോക്കിയാല്‍ എതിര്‍വിഭാഗത്തില്‍നിന്ന് ആക്രമണമുണ്ടായെന്നുവരാം. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ഇത്തരമൊരു ആക്രമണമുണ്ടായതിനെക്കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. അധികാരികളോടു റിപ്പോര്‍ട്ടു ചെയ്യണോ വേണ്ടയോ എന്ന സന്ദേഹത്തിലുമായി. എങ്കിലും ധൈര്യപൂര്‍വം അവള്‍ റിപ്പോര്‍ട്ടു ചെയ്തു. പണം നേടുന്നതിനും നേരമ്പോക്കിനും ഇത്തരം ഹീനപ്രവൃത്തികളിലേര്‍പ്പെടുന്ന  വിദ്യാഭ്യാസവും മറ്റുമില്ലാത്ത ധാരാളം തൊഴില്‍രഹിതചെറുപ്പക്കാര്‍ നാട്ടിലുണ്ട്. ഇത്തരം കാര്യങ്ങള്‍ മറച്ചുവയ്ക്കാതെ സഭ/വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അറിവുള്ളവര്‍  പങ്കുവയ്ക്കണം.
ഒരു വ്യാഴവട്ടക്കാലമായി കേരളത്തിന്റെ പ്രതിച്ഛായതന്നെ മാറിമറിഞ്ഞിരിക്കുന്നു. ചുരുക്കംചിലരേ ഇത്തരം മാറ്റങ്ങളെപ്പറ്റി മനസ്സിലാക്കുന്നുള്ളൂ. രാഷ്ട്രീയവടംവലികളും ഉള്‍പ്പോരുകളുമാണ് മാധ്യമങ്ങള്‍ കൂടുതലും പറയുന്നതും ചര്‍ച്ച ചെയ്യുന്നതും. കുടുംബജീവിതം, കുടുംബഭദ്രത, വ്യക്തിത്വവളര്‍ച്ച, ഭാവി കരുപ്പിടിപ്പിക്കല്‍, പ്രതിസന്ധികളെ അതിജീവിക്കല്‍ ലൈംഗികാവബോധം, തൊഴില്‍തേടല്‍, തലമുറ വളര്‍ത്തല്‍ തുടങ്ങിയവയെക്കുറിച്ചുകൂടി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യണം. മതപഠനം, യുവജനക്യാമ്പുകള്‍, വിവാഹപൂര്‍വക്ലാസുകള്‍, ധ്യാനനിമഗ്‌നമായ പ്രോഗ്രാമുകള്‍, ആരോഗ്യകരമായ തെറപ്പികള്‍ ഇവയൊക്കെ പാഠ്യപദ്ധതികളിലും ഉള്‍പ്പെടുത്തണം. സഭയും സഭാധികാരികളും ഇക്കാര്യങ്ങളില്‍ ജാഗരൂകരായിരിക്കുന്നു. പരസ്‌നേഹത്തെക്കുറിച്ചു മാത്രമല്ല, ജീവിതശൈലികളെക്കുറിച്ചും ജീവിതത്തില്‍ നന്മതിന്മകള്‍ തിരിച്ചറിയാനുള്ള വിവേകത്തെക്കുറിച്ചും വിവേചനശക്തിയെക്കുറിച്ചും സദാചാരചിന്തകളെക്കുറിച്ചും മഹത്തായ മൂല്യങ്ങളെക്കുറിച്ചും സഹജീവികളുടെ രക്ഷയെക്കുറിച്ചും അവര്‍ക്കു കൊടുക്കേണ്ട കരുതലിനെക്കുറിച്ചും സാമാന്യമുണ്ടായിരിക്കേണ്ട മനുഷ്യത്വത്തെക്കുറിച്ചും മതബോധനതലങ്ങളിലും വചനപ്രഘോഷണങ്ങളിലും  കൗമാരക്കാരെയും ചെറുപ്പക്കാരെയും ആധികാരികമായി പറഞ്ഞുബോധ്യപ്പെടുത്തിക്കൊടുക്കണം.
വിശ്വസ്തത അഭിനയിച്ച് ആണ്‍/പെണ്‍ സുഹൃത്തുക്കളെ നേടുന്നവര്‍ നിരവധിയാണ്. എന്നാല്‍, സ്‌നേഹിക്കാനോ നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താനോ കഴിവില്ലാത്തവരാണ് ഇത്തരക്കാര്‍. ഇവര്‍ വിവാഹിതരായാല്‍പ്പോലും  എപ്പോഴും പങ്കാളിയെ പങ്കായം എന്നപോല്‍ നിയന്ത്രിച്ചുകൊണ്ടേയിരിക്കും. സംശയങ്ങളും അരക്ഷിതത്വവും ഇവര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നു. ഒടുവില്‍, ജീവിതവും ജീവനും പണയപ്പെടുത്തി പകരംവീട്ടുന്നു. ഇത്തരം പ്രവൃത്തികള്‍ മാനസികരോഗംതന്നെയാണ്. ഇതൊക്കെ ചെറുപ്പക്കാര്‍ നന്നായി മനസ്സിലാക്കണം.
കൗമാരപ്രായക്കാര്‍ക്കു പ്രധാനമായും വേണ്ടത് അഞ്ചു തരത്തിലുള്ള മാനസികാവശ്യബോധ്യങ്ങളാണ്. ഒന്ന്, സുരക്ഷിതത്വം ഉണ്ടെന്നുള്ള ബോധ്യം. രണ്ട്, തന്നെ അംഗീകരിക്കുന്നുവെന്ന ബോധ്യം. മൂന്ന്, താന്‍ വിലപ്പെട്ടവന്‍/വിലപ്പെട്ടവള്‍ എന്ന ബോധ്യം. നാല്, താന്‍ പ്രധാനപ്പെട്ടവന്‍/പ്രധാനപ്പെട്ടവള്‍ എന്ന ബോധ്യം. അഞ്ച്, താന്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന ബോധ്യം. ഈ ബോധ്യങ്ങള്‍ക്കായി കൗമാരക്കാര്‍ നെട്ടോട്ടമോടും. രക്ഷിതാക്കളും ഗുരുഭൂതരുമാണിത് പ്രധാനമായും നല്‍കേണ്ടത്. ഇതൊന്നും അവരില്‍നിന്നു ലഭിക്കാതെ വരുമ്പോഴും, ഗ്രേഡിനും മാര്‍ക്കിനും സമ്പത്തിനും സൗന്ദര്യത്തിനും പ്രാധാന്യം കൊടുക്കുമ്പോഴും താനെന്ന വ്യക്തി മറ്റൊന്നുമല്ലെന്ന് ഇവര്‍ക്കു തോന്നുന്നു. ഇങ്ങനെ വരുമ്പോഴാണ് വഴിയില്‍ കാണുന്നവരില്‍ ആകൃഷ്ടരാവുന്നതും അവരുടെ അടിമകളായിത്തീരുന്നതും. കുട്ടികളെ വളര്‍ത്തുമ്പോള്‍ ഏറെയങ്ങ് ഉയര്‍ത്തിക്കാട്ടരുത്. എല്ലാ അവകാശങ്ങളും പൂര്‍ണമായി വിട്ടുകൊടുക്കരുത്. അവസാനവാക്ക് കുട്ടികളുടേതാവരുത്. അവര്‍ എത്ര പഠിച്ചാലും വാനോളമുയര്‍ന്നാലും നിയന്ത്രണത്തിന്റെയും സ്‌നേഹത്തിന്റെയും അധികാരം രക്ഷിതാക്കളുടെ കരങ്ങളില്‍ത്തന്നെയാവണം.

 

Login log record inserted successfully!