•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മലയാളബാലസാഹിത്യചരിത്രം അഭിനന്ദനീയമായ സാഹിതീസേവനം

ന്നലെകളിലെ കര്‍മങ്ങളാണ് ഇന്നും നാളെയും ഓര്‍മകളാവുന്നത് എന്നതിന്റെ പിന്‍ബലത്തിലാണല്ലോ ചരിത്രം രൂപപ്പെടുന്നത്. സാഹിത്യചരിത്രത്തിന്റെ പ്രകൃതവും ഇതുതന്നെ. കൃതികളും കര്‍ത്താക്കളും പ്രസ്ഥാനങ്ങളുമൊക്കെ അതിലുള്‍പ്പെടുന്നു. 2021 ല്‍ വിരചിതമായ മലയാളബാലസാഹിത്യചരിത്രം കൈരളിക്കു ലഭിച്ച അതുല്യസമ്മാനമാണ്. പല രൂപത്തിലുള്ള സാഹിത്യചരിത്രങ്ങള്‍ക്ക് മലയാളത്തില്‍ കുറവില്ലെങ്കിലും ബാലസാഹിത്യത്തിന്റെ സമഗ്രചരിത്രം ഇതുവരെയും രേഖപ്പെടുത്തിയിരുന്നില്ല. ആ കുറവാണ് രണ്ടു വാല്യങ്ങളിലായി 1312 പുറങ്ങളുള്ള വിശിഷ്ടഗ്രന്ഥത്തിന്റെ രചനയിലൂടെ ഡോ. കെ. ശ്രീകുമാര്‍ പരിഹരിച്ചിരിക്കുന്നത്. അവതാരികയില്‍ എം. ടി. വിശേഷിപ്പിക്കുന്ന ഈ ഭഗീരഥപ്രയത്നം മലയാളലോകത്തിന് അനുഗ്രഹപ്രദമായ ഒരു സദുദ്യമമായി കലാശിച്ചിരിക്കുന്നു. ബാലസാഹിത്യകാരന്‍കൂടിയായ ഗ്രന്ഥകാരന്‍ ആമുഖത്തില്‍ സൂചിപ്പിക്കുന്നതുപോലെ 'ഒന്നരപ്പതിറ്റാണ്ടു നീണ്ട ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണിത്. മൂന്നരവര്‍ഷത്തെ കഠിനപരിശ്രമങ്ങള്‍ക്കൊടുവിലാണ് പന്ത്രണ്ട് അധ്യായങ്ങളുള്ള ഈ ഗ്രന്ഥം പൂര്‍ണമാവുന്നത്.''
ഇതിലെ എല്ലാ അധ്യായങ്ങളും സുദീര്‍ഘമാണ്; ഒപ്പം സമഗ്രവും സംക്ഷിപ്തവുമായി കാര്യങ്ങളെ അവതരിപ്പിക്കുന്നവയുമാണ് - സമ്പൂര്‍ണത തികച്ചും അവകാശപ്പെടാനില്ലെങ്കിലും. അതു സ്വാഭാവികവുമാണല്ലോ. അനുവാചകരുടെ കൂടി സഹകരണത്തോടെ അടുത്ത പതിപ്പ് മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയും ഗ്രന്ഥകാരന്‍ പുലര്‍ത്തുന്നുണ്ട്. ദോഷം പറയാനാവാത്ത വിധത്തില്‍ മലയാളബാലസാഹിത്യത്തിന്റെ നാനാതലങ്ങളെയും സ്പര്‍ശിക്കുന്നതിനും അവയില്‍ മിക്കതിനെയും വിശദീകരിക്കുന്നതിനും ഡോ. കെ. ശ്രീകുമാര്‍ ശ്രമിച്ചിട്ടുണ്ട്; ആ പരിശ്രമം വിജയമണിഞ്ഞിട്ടുണ്ട്.
ബാലസാഹിത്യത്തിന്റെ ലോക, ഭാരതീയ പാരമ്പര്യങ്ങളാണ് നൂറോളം പേജുകളില്‍ വിന്യസിക്കുന്ന പ്രഥമാധ്യായത്തില്‍ പ്രതിപാദിക്കുന്നത്. രണ്ടുമുതല്‍ അഞ്ചുവരെ അധ്യായങ്ങളിലായി വാമൊഴിവഴക്കങ്ങളില്‍ തുടങ്ങി 21-ാം നൂറ്റാണ്ടുവരെയുള്ള ബാലസാഹിത്യചരിത്രം വിവരിക്കുന്നു. നമ്മുടെ പാഠപുസ്തകങ്ങളിലെ ബാലസാഹിത്യരചനകളെ സവിസ്തരം പരിചയപ്പെടുത്തുന്നതാണ് ആറാം അധ്യായമെങ്കില്‍, സോവിയറ്റ് നാട്ടിലെ ബാലകഥാലോകത്തെപ്പറ്റിയുള്ളതാണ് അടുത്തത്. എട്ടാം അധ്യായത്തില്‍ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ബാലസാഹിത്യരചയിതാക്കളെ പരിചയപ്പെടുത്തുന്നു. അവരുടെ സംഭാവനകളും ലഘുജീവചരിത്രക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്. നാനൂറിലേറെപ്പേര്‍ ഈ ഗ്രന്ഥത്തില്‍ അണിനിരക്കുന്നു. ഇന്ന് നിലവിലുള്ളവയും ഇല്ലാത്തവയുമായ ബാലപ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ളതാണ് അടുത്ത അധ്യായം. പത്രാധിപന്മാരെയും ചിത്രകാരന്മാരെയും ഇവിടെ യഥോചിതം പരിചരിക്കുന്നതില്‍ ഗ്രന്ഥകാരന്‍ മറവി കാണിച്ചിട്ടില്ല. ബാലസാഹിത്യപ്രസിദ്ധീകരണരംഗത്തെ കുലപതികളെ ആദരിക്കാനും ഇടമൊരുക്കിയിട്ടുണ്ട്.
മലയാളത്തില്‍ ബാലസാഹിത്യത്തിനു നല്‍കിവരുന്ന പ്രധാനപ്പെട്ട എല്ലാ പുരസ്‌കാരങ്ങളും പത്താം അധ്യായത്തില്‍ പരാമര്‍ശിതമാണ്. അവയ്ക്ക് അര്‍ഹരായവരുടെ പട്ടികയും ഇനം തിരിച്ചുനല്‍കിയിട്ടുണ്ട്. 'വിവാദങ്ങള്‍' എന്ന പേരിലുള്ള അടുത്ത അധ്യായം, ബാലസാഹിത്യരംഗത്തെ കൗതുകകരമായ ചില സംഭവങ്ങളിലേക്കും സന്ദര്‍ഭങ്ങളിലേക്കും വെളിച്ചം വീശുന്നവയാണ്. ചരിത്രത്തിന്റെ ഭാഗമായ അവ അനുവാചകര്‍ ആസ്വദിക്കുകതന്നെ ചെയ്യും. കാരൂര്‍ എഴുതാത്ത കാരൂര്‍ക്കഥ, കവിമാറി പാഠപുസ്തകത്തിലെത്തിയ ബാലകവിത, ചെമ്പരുന്തിന്റെ റാകിപ്പറക്കല്‍ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. ബാലസാഹിത്യത്തിന്റെ പരിപോഷണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും സംഘടനകളെയും പരിചയപ്പെടുത്തുന്നു അവസാന അധ്യായത്തില്‍.
ഈ പ്രൗഢഗ്രന്ഥത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള അധ്യായം, 'രചയിതാക്കളും സംഭാവനകളും' എന്നതാണ്. അഞ്ഞൂറിലധികം പുറങ്ങളാണ് അതിനായി ചെലവഴിച്ചിരിക്കുന്നത്. മലയാളബാലസാഹിത്യരംഗത്തെ എഴുത്തുകാരെ ഏതാണ്ട് പൂര്‍ണമായും അണിനിരത്താനുള്ള ശ്രമം ശ്ലാഘനീയമാണ്. എന്നാല്‍ യാതൊരുവിധത്തിലുള്ള ക്രമവും പാലിച്ചല്ല, ഇവരെ വിന്യസിച്ചിട്ടുള്ളത് എന്നത് പരിഹരിക്കേണ്ട ഒരു പോരായ്മയായി ത്തോന്നാം. അക്ഷരമാലാക്രമത്തിലോ ജന്മവര്‍ഷക്രമത്തിലോ മറ്റോ അത് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ഉചിതമായേനെ. അഞ്ഞൂറിലധികം പേജുകളില്‍നിന്ന് ഒരാളെ കണ്ടെത്താനുള്ള പ്രയാസം ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ നന്ന്. ചിലരുടെ ഫോട്ടോകളും ജനനവര്‍ഷവുമൊന്നും ലഭ്യമാകാഞ്ഞതിനാല്‍ ചേര്‍ക്കാന്‍ കഴിയാതെപോയ കാര്യം ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നുണ്ട്.
മലയാളസാഹിത്യനഭസ്സിലെ വലിയൊരു വിടവ്ഈ കൃതിയുടെ പ്രകാശനത്തോടെ മാഞ്ഞുപോയിരിക്കുന്നു. പകരം അവിടെ ചരിത്രത്തിന്റേതായ ഒരു ഉജ്ജ്വലതാരം ഉദിച്ചിരിക്കുന്നു. അതിനു നാം പ്രസാധകരായ കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍സിനോടും ഗ്രന്ഥകാരനായ ഡോ. കെ. ശ്രീകുമാറിനോടും നന്ദി പറയുക!
എത്രയോമുമ്പ് യാഥാര്‍ത്ഥ്യമാകേണ്ടിയിരുന്ന ഒരു സ്വപ്നമായിരുന്നു ഇതുപോലൊരു ചരിത്രഗ്രന്ഥം. സര്‍ക്കാരിന്റെ ചുമതലയിലുള്ള സാംസ്‌കാരികസ്ഥാപനങ്ങള്‍ക്ക് അതിനുള്ള കടമയും സൗകര്യങ്ങളുമുണ്ടായിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ ദൗത്യം നിര്‍വഹിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും അതു ജലരേഖയായി മാറിയതേയുള്ളൂ. കേരള സാഹിത്യഅക്കാദമിയുടെ സാഹിത്യചരിത്രപരമ്പരയില്‍ ബാലസാഹിത്യത്തെ ഉള്‍പ്പെടുത്തുകയും ജോലികള്‍ ആരംഭിക്കുകയും ചെയ്‌തെങ്കിലും അതും ഫലം കണ്ടില്ല. ഈവക യത്‌നങ്ങളില്‍ പങ്കാളിയായ ഡോ. കെ. ശ്രീകുമാര്‍ നിശ്ചയദാര്‍ഢ്യത്തോടെ ഇറങ്ങിത്തിരിച്ചതിന്റെ സദ്ഫലമാണീ ഗ്രന്ഥം. മികച്ച ബാലസാഹിത്യകാരനും ഗവേഷകനുമാണ് ഗ്രന്ഥകാരനെന്നത് ചരിത്രരചനയെ ഒരേസമയം ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായി സമീപിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നു കാണാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)