•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

തലമുറകള്‍ക്കു താളം പിഴയ്ക്കുമ്പോള്‍

ത്മസത്തയുടെ അവിഭാജ്യഘടകമായിരിക്കണം അഹിംസയെന്നുദ്‌ബോധിപ്പിച്ച ഗാന്ധിജിയുടെ നാട്ടില്‍ ദിനംപ്രതി അരങ്ങേറുന്ന ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങള്‍ എന്തുകൊണ്ട് എന്നു നാമെല്ലാവരും ചിന്തയ്ക്കു വിധേയമാക്കണം. അടിച്ചമര്‍ത്താനും പിടിച്ചടക്കാനും പിടിച്ചുവാങ്ങാനും അന്യരെ നിഗ്രഹിച്ചില്ലാതാക്കാനും ശ്രമിക്കുന്ന തലമുറയെ എന്തുപറഞ്ഞു വിശേഷിപ്പിക്കും? തിരികെനടക്കാനും മാറിച്ചിന്തിക്കാനും മറ്റുള്ളവരെ ആദരിക്കാനും ഇനിയെങ്കിലും തയ്യാറാകേണ്ടേ? ഈ ലോകത്തില്‍ സകല മനുഷ്യര്‍ക്കും   ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള വിശുദ്ധമായ പരിതസ്ഥിതിയും പരിസ്ഥിതിയും ഉറപ്പാക്കേണ്ടേ? സമാധാനവും സൈ്വരജീവിതവും മറ്റെന്തിനെക്കാളും വിലപ്പെട്ടതല്ലേ? ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നവരോടുള്ള സമീപനത്തിലും മാറ്റം വരേണ്ടേ? അകാലത്തില്‍ മരണപ്പെടുന്നവരുടെ ഗദ്ഗദം തുടര്‍സമൂഹത്തിന്റെ ആണിക്കല്ലിളക്കുമെന്നറിയണം. അവകാശങ്ങളും ആദരവും സ്‌നേഹവും അംഗീകാരവുമൊക്കെ അടിച്ചമര്‍ത്തി പിടിച്ചുവാങ്ങേണ്ടതാണെന്ന് എന്നുമുതല്‍ക്കാണ് നാം തെറ്റിദ്ധരിച്ചതെന്നും ചിന്തിക്കേണ്ടത് ഉചിതമാകും.
കുടുംബമാണ് ആദ്യത്തെയും ആത്യന്തികവുമായ വിദ്യാലയം. കുടുംബത്തിലാണ് സകലവിധ സദ്ഗുണങ്ങളും വിളങ്ങേണ്ടതും വിളയേണ്ടതും. സമൂഹത്തിന്റെ കൊച്ചുപതിപ്പാണു കുടുംബം; സമൂഹത്തോടും സമൂഹത്തിലായിരിക്കേണ്ട സാഹചര്യങ്ങളോടും വേണ്ട മുന്‍സൂചനകളുടെ സൂക്ഷിപ്പുകേന്ദ്രമാണ് കുടുംബം. സൗഹൃദങ്ങളുടെ ആഴവും നിഷ്‌കളങ്കതയും പരസ്പരബഹുമാനവും കുടുംബത്തില്‍നിന്നു പഠിക്കേണ്ടതാണ്. മനുഷ്യത്വത്തിനും ജീവിക്കാനുള്ള അവകാശത്തിനും ആണ്‍പെണ്‍ വ്യത്യാസമില്ല. ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ഇടമായി കുടുംബം മാറരുത്. ദുശ്ശാഠ്യം നല്ലതിലേക്കുള്ള സഞ്ചാരമല്ല. അതിരുകളുള്ളതാണ് സ്വാതന്ത്ര്യമെന്നും തലമുറ അറിയണം. ആരെയും നോവിക്കാതെ സ്വയം ജീവിച്ചുവളരാനുള്ള  സാഹചര്യത്തെക്കുറിച്ചു മക്കളെ ബോധ്യപ്പെടുത്തണം.
വൈവിധ്യങ്ങളാണ് സൗന്ദര്യത്തിനാധാരം; വ്യതിരിക്തമായ വ്യക്തിത്വമികവാണ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കു നിദാനം. വിജയത്തിലേക്കുള്ള വ്യവസ്ഥകളാണ് വിജയത്തെക്കാള്‍ പ്രധാനമെന്നു വരുംതലമുറയെ ബോധ്യപ്പെടുത്തണം. മത്സരമാകാം; പക്ഷേ, ഫലം വിജയം മാത്രമല്ല, പരാജയംകൂടിയാകാം എന്നൊരു മനോബലം രൂപപ്പെടുത്താനും ഭാവിതലമുറയ്ക്കാകണം. 'കുടുംബത്തു പിറന്നവന്' ചെയ്യാനാകുന്നതിനു പരിമിതികളും പരിചിന്തനങ്ങളുമുണ്ടാകണം. വ്യക്തിത്വവികാസത്തിന് ഏറ്റവും പറ്റിയ ഇടം കുടുംബംതന്നെ. നന്മകൊണ്ടു നിറഞ്ഞവനെ (നിറഞ്ഞവളെ) രൂപപ്പെടുത്തുന്നതില്‍ കുടുംബമാണ് സര്‍വകലാശാലയെന്നു പറയാം.
പാഠ്യപദ്ധതിയിലെ 'പെര്‍ഫോമന്‍സും ഇന്റലിജന്‍സും' മാത്രം കരുതലായി എടുക്കാതെ  ഓരോരുത്തരിലെയും 'മനുഷ്യന്‍' എത്രമാത്രം സജീവമാണെന്നു പഠിക്കണം. കാമ്പസുകളിലെ സൗഹൃദത്തിന്റെ റേഞ്ചും നിരീക്ഷിക്കണം. വിദ്യാര്‍ത്ഥികളെ വ്യക്തിപരമായി നിരീക്ഷിക്കാനുള്ള  ജാഗ്രത അധ്യാപകരിലുണ്ടാകണം. തന്റെതന്നെ മക്കളാണ് കാമ്പസിലുള്ളതെന്ന് അധ്യാപകര്‍ കരുതണം. സിലബസിനും കരിക്കുലത്തിനുമപ്പുറം മനുഷ്യരെങ്ങനെയായിരിക്കണമെന്നു പഠനമുറിയില്‍ പഠിപ്പിക്കണം. സന്മാര്‍ഗപാഠം  സകല പാഠത്തിനുമപ്പുറം  'പാഠ'മായി മാറ്റണം. എങ്ങനെ നല്ല മനുഷ്യരാകണമെന്നത് പഠനത്തിന്റെ മൂലക്കല്ലാകണം. ഹൃദയതുറവിയില്ലാത്തവര്‍ക്കായി കൗണ്‍സെലിംഗ് കൊടുക്കണം. മഹാത്മാക്കളുടെ ജീവിതപന്ഥാവ് പഠനമുറികളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണം. മുഖാമുഖമുള്ള സംവാദങ്ങളും സംഭാഷണങ്ങളും സൗഹൃദങ്ങളും വളരണം. പരസ്പരധാരണ വളര്‍ത്താന്‍ സംഭാഷണം സഹായിക്കും; ഇന്ന് അതിന്റെ അഭാവം ഗൗരവതരം തന്നെ!!
പ്രണയത്തിന് അധീശത്വഭാവത്തെക്കാള്‍ വിശുദ്ധിയുടെ ആത്മാര്‍ത്ഥയുണ്ടാകണം. ലഭിച്ചില്ലെങ്കില്‍ തച്ചുടയ്ക്കുകയോ തകിടം മറിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രവണതയെ ബോധവത്കരണത്തിലൂടെ ഇല്ലായ്മ ചെയ്യണം. പ്രണയം ഒരു യുദ്ധംപോലെയാകരുത്; തുടങ്ങാനെളുപ്പം നിര്‍ത്താന്‍ കഴിയില്ലെന്ന അവസ്ഥ; ആര്‍ക്കും ആരോടും 'നോ' പറയാന്‍ കഴിയില്ലെന്നത്  വ്യക്തിത്വവൈകല്യമല്ലേ? പുസ്തകത്തിനും പേനയ്ക്കുമൊപ്പം  ആയുധംകൊണ്ടു നടക്കുന്ന ഇന്നത്തെ യുവമനസ്സിനെ തിരുത്തേണ്ടത് സകലരുടെയും ചുമതലയാണ്. ക്രൈംത്രില്ലര്‍ സിനിമയും ത്രില്ലര്‍ സിനിമയും കാമ്പസ് പ്രണയകഥകളും ഗുരുശിഷ്യപ്രണയങ്ങളും  തുടങ്ങി അവിഹിതമായ ഒരുപിടി ദൃശ്യാവിഷ്‌കാരങ്ങള്‍ യുവതയെ വഴിതെറ്റിക്കുന്നുണ്ടെന്നും  നാമറിയണം. യുവജനതയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി നിശ്ചയിക്കുന്നത്. പ്രതീക്ഷകളും സ്വപ്നങ്ങളും ഇല്ലായ്മ ചെയ്യുന്ന 'ഞാന്‍ മാത്രമുള്ള' ലോകം വളര്‍ത്തിയെടുക്കാന്‍ പ്രണയം കാരണമാകരുത്. പ്രണയം ഒരു 'വണ്‍മാന്‍ഷോ' അല്ല; കാഴ്ചയുടെ അനുഭവവുമല്ല. മറിച്ച്,  ഹൃദയാത്മകമായ ഒരു വിശുദ്ധ ലയമാണ്, അഥവാ ആത്മാവിന്റെ സത്തയുടെ ചേര്‍ന്നിരുപ്പാണ്.
എന്താഗ്രഹിക്കണം എന്തു നിഷേധിക്കണം എന്നു പഠിപ്പിക്കുന്ന ശാസ്ത്രമാണ് വിവേകമെന്നാണ് വിശുദ്ധ ആഗസ്തീനോസ് പറഞ്ഞിരിക്കുന്നത്. മനുഷ്യജീവിതമാകെ  വിവേകത്താല്‍ എന്നും നവീകരിക്കപ്പെടേണ്ടതാണ്. ഇന്നത്തെ തലമുറയെ വിവേകം പരിശീലിപ്പിക്കാന്‍ ശ്രമമുണ്ടാകണം. സമചിത്തതയോടെ നേരിടാന്‍ മക്കളെ പഠിപ്പിക്കണം. വിജ്ഞനാകുന്നതിനെക്കാള്‍ പ്രധാനമാണ് വിവേകിയാകുകയെന്നത്. വിവേകം ലഭിക്കാത്ത വിജ്ഞാനത്തിന് ശുഭോദര്‍ക്കമായ ഭാവിയുണ്ടാകില്ല.
നവമാധ്യമങ്ങളുടെ പ്രസക്തി
സോഷ്യല്‍മീഡിയ സജീവമായിരിക്കുന്ന ഇന്നത്തെ കാലത്ത് 'പ്രണയസാധ്യത' പെട്ടെന്നാണ്. ആരുമറിയാത്ത 'കടന്നുകയറ്റ'ങ്ങള്‍ വഴിവിടുമ്പോഴായിരിക്കും  ചുറ്റുമുള്ളവര്‍ തിരിച്ചറിയുക. നവമാധ്യമബോധവത്കരണം അനിവാര്യം തന്നെ. സോഷ്യല്‍മീഡിയയിലെ അപകടങ്ങളും സാധ്യതകളും മക്കള്‍ തിരിച്ചറിയണം. ദൃശ്യങ്ങളുടെ വശ്യതയില്‍ ഭോഷരായി അനുധാവനം ചെയ്യാതെ തികഞ്ഞ തിരിച്ചറിവോടെ നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്താനാകണം. ഒരു കളിപ്പാട്ടം കണക്കേ കുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ നല്‍കുകയും കുഞ്ഞിന്റെ കഴിവും മികവും പഠനവും പഠിപ്പിക്കലും കണ്ട് മുതിര്‍ന്നവര്‍ അഭിമാനംകൊള്ളുകയും ചെയ്യുന്നതു നിര്‍ത്തി; സ്മാര്‍ട് ഫോണ്‍ ഉപയോഗം ഒരു 'തീക്കളി' കൂടിയാണെന്നറിയുന്നത് നല്ലതായിരിക്കും. എല്ലാം ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വാട്‌സാപ്പിലൂടെയുമാകാതെ നമുക്കു മുഖാമുഖം സന്ദേശം പങ്കുവയ്ക്കാം; യാന്ത്രികത വിട്ട് മാനുഷികതയില്‍ വളരാനും വളര്‍ത്താനും നാളെയുടെ തലമുറയെ പഠിപ്പിക്കണം. സ്മാര്‍ട്‌ഫോണ്‍ അദ്ഭുതമല്ല; ആവശ്യമാണ്. പക്ഷേ, അപകടം പതിയിരിക്കുന്നു, തിരിച്ചറിയണം, ജാഗ്രതയിലാകണം. അച്ചടക്കത്തിലും അനുസരണയിലും അനുകരണീയമാംവിധം ജീവിക്കുവാന്‍ യുവതയെ കര്‍ക്കശമായി ബോധവത്കരിക്കണം. ശിക്ഷണം ശിക്ഷയല്ല; തലമുറയുടെ രക്ഷയാണെന്ന് എല്ലാവരുമറിയണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)