കൂട്ടായ്മയുടെ സംസ്‌കാരവും സുവിശേഷവും കാലികമായി കൂട്ടിയിണക്കി പുതിയ മതബോധന ഡയറക്ടറി വത്തിക്കാന്‍ പ്രകാശനം ചെയ്തു. നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് ജൂണ്‍ 25-ാം തീയതി വ്യാഴാഴ്ച വത്തിക്കാന്‍ പ്രസ് ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍വച്ച് ഡയറക്ടറി പ്രകാശനം ചെയ്തത്.
നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് ആര്‍ച്ചുബിഷപ് റൈനോ ഫിസിക്കേല പ്രകാശനച്ചടങ്ങില്‍ അധ്യക്ഷനായിരുന്നു. 1971 ലും 1997 ലും സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പൊതുവായ മതബോധനഡയറക്ടറികളുടെ നവീകരിച്ചതും കാലികവുമായ പ്രസിദ്ധീകരണമാണിത്.
ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന മതബോധന ഡയറക്ടറി മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആകെ 300 പേജുകളും 12 അദ്ധ്യായങ്ങളുമുണ്ട്. വിശ്വാസം നവമായ രീതിയില്‍ കാലികമായി പ്രഘോഷിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന വിഷയത്തിലേക്കാണ് പുതിയ ഡയറക്ടറി അനുവാചകരെ നയിക്കുന്നതെന്ന് ആര്‍ച്ചുബിഷപ് ഫിസിക്കേല വിശദീകരിച്ചു.